വന്‍ ജയഭേരി; ന്യൂസീലന്‍ഡില്‍ ജസിൻഡ വീണ്ടും അധികാരത്തിലേക്ക്

ന്യൂസീലന്‍ഡില്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തില്‍ . പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജസിൻഡയുടെ ലേബര്‍ പാര്‍ട്ടി വന്‍ജയം നേടി അധികാരം നിലനിര്‍ത്തി. ലോകം ഉറ്റുനോക്കിയ  കോവിഡ്  പോരാട്ടമാണ്  ജസിന്‍ഡയ്ക്ക് വന്‍ഭൂരിപക്ഷത്തോടെ  രണ്ടാമൂഴം സമ്മാനിച്ചത്

അരനൂറ്റാണ്ടിനിടെ അന്‍പതുശതമാനത്തിലേറേ വോട്ടുനേടിക്കൊണ്ടാണ് മധ്യ– ഇടതുനിലപാടുളള ലേബര്‍ പാര്‍ട്ടിയെ ജസിന്‍ഡ അധികാരത്തിലുറപ്പിക്കുന്നത്.  ഉയര്‍ന്ന  വോട്ടുശതമാനം ഒറ്റയ്ക്ക് ഭരണം നടത്താന്‍ ലേബര്‍ പാര്‍ട്ടിക്ക് കരുത്തേകും.  കോവിഡ് നേരിടാന്‍ എടുത്ത ഫലപ്രദനടപടികളാണ് പ്രധാനമന്ത്രിയുടെ ജനപ്രീതി കുത്തനെ ഉയര്‍ത്തിയത്.  50 ലക്ഷം ജനസംഖ്യയുളള ന്യൂസിലന്‍ഡില്‍ സമൂഹവ്യാപനം ഇല്ല.  സാമൂഹിക അകലമോ മാസ്കോ ഇല്ലാതെ ജീവിതം സാധ്യമാകുന്ന അവസ്ഥ സൃഷ്ടിച്ചത്

ജസിന്‍ഡയുടെ നേതൃത്വത്തിന് മാറ്റുകൂട്ടി.  ജനങ്ങള്‍ അര്‍പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും കോവിഡ്  ഉണ്ടാക്കിയ മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റുകയാണ് പ്രധാനദൗത്യയമെന്നും ജസിന്‍ഡ ആര്‍ഡേന്‍  പ്രതികരിച്ചു. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന്  എടുത്ത നിലപാടുകളാണ് നാല്‍പതുകാരിയായ  ജസിന്‍ഡയെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ആക്രമണത്തിനിരായ കുടിയേറ്റക്കാരെ ചേര്‍ത്തുപിടിച്ച ജസിന്‍ഡ കറുത്ത  ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഇരകളായ മുസ്‌ലിംകളുടെ വീടുകളും സന്ദര്‍ശിച്ചിരുന്നു.