ഇറാന്റെ വിമാനത്തിന് മുകളിലൂടെ അമേരിക്കൻ യുദ്ധ വിമാനങ്ങൾ; ‍ഒഴിവായത് വൻ ദുരന്തം

iran-air.jpg.image.845.440
SHARE

സിറിയൻ വ്യോമാതിർത്തിക്ക് മുകളിലൂടെ പറക്കുകയായിരുന്ന ഇറാനിയന്‍ യാത്ര വിമാനത്തിനു മുകളിലൂടെ രണ്ട് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പറന്നെന്ന് ഇറാന്‍. ഇറാനിയൻ പൈലറ്റ് അടിയന്തര നടപടി സ്വീകരിച്ചത് മൂലം വന്‍ ദുരന്തം ഒഴിവായി എന്നാണ് റിപ്പോർട്ട്. വിമാനം പെട്ടെന്ന് വഴിതിരിച്ചുവിട്ടെന്നും ഇതിനിടെ രണ്ടു യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റെന്നും ഇറാനിയൻ അധികൃതർ ആരോപിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

രണ്ട് യുഎസ് യുദ്ധവിമാനങ്ങൾ ഇറാനിയൻ യാത്രാ വിമാനത്തിന് സമീപം എത്തിയതോടെ വൻ കൂട്ടിയിടി ഒഴിവാക്കാനും നിരവധി യാത്രക്കാരെ രക്ഷിക്കാനും വിമാനത്തിന്റെ സഞ്ചാര വഴിയിൽ മാറ്റം വരുത്തിയെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഒരു ഇസ്രയേലി ജെറ്റ് യാത്രാ വിമാനത്തിനു സമീപം വന്നുവെന്നാണ് ന്യൂസ് ഏജൻസി ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് പൈലറ്റിനെ ഉദ്ധരിച്ച് രണ്ട് ജെറ്റുകൾ അമേരിക്കയുടേതാണെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ട് തിരുത്തി.

തെഹ്റാനില്‍ നിന്നും ബെയ്റൂത്തിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. ഇറാഖ്-ജോര്‍ദാന്‍ അതിര്‍ത്തിക്കും സമീപം അല്‍-തന്‍ഫി വ്യോമപാതക്ക് മുകളില്‍ വച്ചാണ് ഇറാന്‍ വിമാനമായ മഹാന്‍ എയറിന് നേരെ ആക്രമിക്കാൻ നീക്കമുണ്ടായത്. രണ്ടു യുദ്ധവിമാനങ്ങൾ സമീപത്തുകൂടെ പറക്കാൻ തുടങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. അടിയന്തര സുരക്ഷ സ്വീകരിക്കാന്‍ യാത്രക്കാരിൽ ചിലർ പൈലറ്റിനെ നിര്‍ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. 

ഇതോടെ ഇരുവിമാനങ്ങളും തമ്മില്‍ കൂട്ടിയിടി ഒഴിവാക്കാൻ യാത്രാ വിമാനം സഞ്ചരിക്കുന്ന ഉയരം കുറക്കാന്‍ പൈലറ്റ് ശ്രമിച്ചു. ഇതിനിടെയാണ് രണ്ടുപേര്‍ക്ക് പരുക്കേറ്റത്. യാത്രക്കാര്‍ അമേരിക്കൻ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും സോഷ്യൽമീഡിയകളിലൂടെ പുറത്തു വിടുകയും ചെയ്തിരുന്നു.

യാത്രാ വിമാനത്തിന്റെ പൈലറ്റ് ജെറ്റ് പൈലറ്റുമാരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ അകലം പാലിക്കാൻ മുന്നറിയിപ്പ് നൽകിയതായും അമേരിക്കൻ ജെറ്റുകളാണെന്ന് അവർ തിരിച്ച് മറുപടി നൽകിയതായും ഐആർഐബി റിപ്പോർട്ട് ചെയ്തു. 

സിറിയയിലെ പതിവ് നിരീക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് യുഎസ് എഫ് -15 പറന്നതെന്നും വിമാനങ്ങൾ ഏകദേശം 1,000 മീറ്റർ സുരക്ഷിതമായ അകലത്തിലായിരുന്നു എന്നുമാണ് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞത്.

MORE IN WORLD
SHOW MORE
Loading...
Loading...