പിതൃക്കളെ സ്മരിക്കുന്ന ചടങ്ങും 'ഓണ്‍ലൈന്‍'‍; കുഴിമാടം വൃത്തിയാക്കാന്‍ ആളെത്തും

image
SHARE

കോവിഡിൽ ലോകം മുഴുവൻ ജാഗ്രതയിലാണ്. വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സ്ഥിതി ഗതികൾ ഏതാണ്ട് ശാന്തമായി വരികയാണ്. എല്ലാം പഴയതുപോലെ മടങ്ങി വരുന്നു. എങ്കിലും വൈറസ് വീണ്ടും വരുമോ എന്ന ആശങ്ക ഒട്ടും അകലെയല്ല. അതുകൊണ്ട് തന്നെ ചൈനക്കാർ നൂറ്റാണ്ടുകളായി തുടരുന്ന ആചാരമായ ക്വിങ് മിങ് ആഘോഷിക്കേണ്ടെന്ന് അധികൃതർ ഉത്തരവിറക്കിയിരിക്കുകയാണ്. 

ചൈനക്കാർ തങ്ങളുടെ പിതൃക്കളെ സ്മരിക്കുന്ന ചടങ്ങാണ് ക്വിങ് മിങ്. മരിച്ചുപോയ പിതാമഹന്മാരുടെ കുഴിമാടം കുടുംബങ്ങൾ സന്ദർശിക്കുന്നതാണ് ഇതിന്റെ പ്രധാന ചടങ്ങ്. കൂടാതെ കുഴിമാടം തൂത്തുവാരി വൃത്തിയാക്കുക, പിതൃക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പണവും കുഴിമാടത്തിൽ അർപ്പിക്കുക തുടങ്ങിയതൊക്കെ ഈ ഉത്സവത്തിന്റെ പ്രധാന ചടങ്ങ് ആണ്. എന്നാൽ ഇപ്പോൾ ഇതിന് ഒരു ബദൽ മാർഗം കണ്ടെത്തിയിരിക്കുകയാണ് ചൈന. 

വീട്ടിലിരുന്നു ഓൺലൈനായി ക്വിങ് മിങ് ആഘോഷിക്കാനാണ് ഇവരുടെ  തീരുമാനം. ആധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കി കൊണ്ടുള്ള വിർച്യുൽ ക്വിങ്മിങിന് ചില കമ്പനികൾ രംഗത്ത് വന്ന് കഴിഞ്ഞു. ദൂരെ ഇരിക്കുന്ന ബന്ധുക്കൾക്ക് വേണ്ടി കമ്പനിയിൽ നിന്ന് ഒരു ജീവനക്കാരൻ വന്നു കുഴിമാടം വൃത്തിയാക്കും. വീട്ടിലിരുന്നു കൊണ്ട് ഇത് ബന്ധുക്കൾക്ക് ലൈവായി കാണാം. വൃത്തിയാക്കിയ ശേഷം ഫോട്ടോ ബന്ധുക്കൾക്ക് കമ്പനി അയച്ചു നൽകും. 

കുഴിമാടത്തിൽ മെഴുകുതിരി കത്തിക്കാനും ചടങ്ങിന്റെ ഭാഗമായുള്ള ഭക്ഷണം കഴിക്കാനും പണം നൽകുവാനും എല്ലാമുള്ള സൗകര്യം ഓൺലൈനായി ഒരുക്കിത്തരും കമ്പനി. ചൈനയിലെ പ്രമുഖ കമ്പനിയായ ഫു ഷൗ യ്വാൻ ഇന്റർനാഷണൽ കുഴിമാടം വൃത്തിയാക്കുന്നതിനുള്ള പ്രത്യേക സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ കോവിഡ് 19ന്റെ രോഗഭീതി മൂലമാണ് ആചാരം ഓൺലൈനായി മാറിയതെങ്കിലും വരും വർഷങ്ങളിൽ വിർച്യുൽ ആചാരമാക്കിയേക്കും എന്നാണ് സൂചന.

MORE IN WORLD
SHOW MORE
Loading...
Loading...