ഭീകരത എന്നേക്കുമായി അവസാനിപ്പിച്ചു; സുലൈമാനി വധത്തെ വീണ്ടും ന്യായീകരിച്ച് ട്രംപ്

trump-05
SHARE

ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനെ വീണ്ടും ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പിഴവില്ലാത്ത നീക്കമായിരുന്നു സുലൈമാനി വധമെന്നും മരണത്തോടെ സുലൈമാനിയുടെ ഭീകരതയുടെ കാലം എന്നേക്കുമായി അവസാനിപ്പിക്കാനായി എന്നുമാണ് ട്രംപ് ആവർത്തിച്ചത്. 

ഇറാൻ ചരിത്രത്തിലെ ഏറ്റവും നികൃഷ്ടനായ കശാപ്പുകാരനായിരുന്നു സുലൈമാനിയെന്നും ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ കിരാതമായി കൊല്ലുകയും മുറിവേൽപ്പിക്കുകയും ചെയ്ത രാക്ഷസനാണെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. 

പുതിയ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് സുലൈമാനിയെ വധിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ നീതിയിൽ നിന്ന് ഒരു കാലത്തും രക്ഷപെടനാവില്ലെന്ന് ഭീകരവാദികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സുലൈമാനിയുടെ വധമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ പൗരൻമാരെ ആക്രമിക്കുന്നത് സ്വന്തം ജീവൻ ബലികഴിച്ചുള്ള നടപടിയാണെന്ന ബോധം മനസിലുണ്ടാകണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ യുഎസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. തുടർന്ന് പശ്ചിമേഷ്യ വലിയ സംഘർഷത്തിലേക്കാണ് നീങ്ങിയത്. 22 ബാലിസ്റ്റിക് മിസൈലുകൾ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമാക്കി ഇറാനും തൊടുത്തു. അമേരിക്കയുടെ മുഖമടച്ചുള്ള അടിയെന്നായിരുന്നു ഈ ആക്രമണത്തെ ഇറാൻ വിശേഷിപ്പിച്ചത്. ഇറാന്റെ ആക്രമണത്തിൽ അമേരിക്കൻ സൈനികർക്ക് സാരമായ ബ്രെയിൻ ഇൻജുറി ഉണ്ടായതായി സൈന്യം പിന്നീട് സ്ഥിരീകരിച്ചിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...