വംശനാശം സംഭവിച്ചെന്ന് കരുതി; ശ്രീലങ്കൻ വനത്തിൽ വീണ്ടും കരിമ്പുലികൾ; അപൂർവം

black-tiger-lanka
SHARE

വംശനാശം സംഭവിച്ചെന്നു കരുതിയ അപൂർവയിനം കരിമ്പുലികളെ ശ്രീലങ്കൻ വനങ്ങളിൽ നിന്നും കണ്ടെത്തിയതായി റിപ്പോർട്ട്. ശ്രീലങ്കയിലെ വന്യജീവിസംരക്ഷണ വിഭാഗമാണ് ആദംസ് പർവതത്തിലെ വനത്തിൽ കരിമ്പുലികളെ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ഏതാനും വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയിൽ ഒരു കരിമ്പുലിയെ കണ്ടെത്തിയിരുന്നു. എന്നാൽ അത് കെണിയിൽ വീണ് ചത്തതിനെ തുടർന്ന് ശ്രീലങ്കൻ കരിമ്പുലികൾക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്.  

വനത്തിനു സമീപം താമസിക്കുന്ന ഗ്രാമവാസികളിൽ നിന്നുമാണ് കരിമ്പുലികളെ കണ്ടതായി വന്യജീവി സംരക്ഷണ വിഭാഗത്തിന് വിവരം ലഭിച്ചത്. ഇതേതുടർന്ന് വനത്തിന്റെ വിവിധഭാഗങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിൽ നിന്നുമാണ് നാല് കരിമ്പുലികൾ വനത്തിലുള്ളതായി കണ്ടെത്തിയത്. ഒരു പെൺപുലിയുടെയും ഒരു ആൺ പുലിയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവയെ കണ്ടെത്തിയതെങ്കിലും ഇവയുടെ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പുവരുത്തിയശേഷം ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

8 ഇനത്തിൽപ്പെട്ട കരിമ്പുലികളാണ് നിലവിലുള്ളത്. ഇതിൽ ശ്രീലങ്കൻ കരിമ്പുലികൾ എണ്ണത്തിൽ ഏറ്റവും കുറവാണെന്ന് ശ്രീലങ്കൻ വന്യജീവിസംരക്ഷണ വിഭാഗത്തിന്റെ വക്താവായ ഹാസിനി ശരത്ചന്ദ്ര പറയുന്നു. വന്യജീവിസംരക്ഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ ഡോക്ടർ മലാക അബിവാർഡനെ, ഡോക്ടർ അകലങ്ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കരിമ്പുലികളുടെ സാന്നിധ്യത്തെ പറ്റി ഗവേഷണം നടത്തിയത്. അപൂർവ ഇനത്തിൽപ്പെട്ട കരിമ്പുലികളുടെ സംരക്ഷണത്തിന്  പൊതുജനങ്ങളുടെ സഹകരണവുമാവശ്യമാണെന്ന് ഡോക്ടർ അബിവാർഡനെ അഭിപ്രായപ്പെട്ടു.

MORE IN WORLD
SHOW MORE
Loading...
Loading...