ഹോങ്കോങ് മുതല്‍ ഇന്ത്യ വരെ; ലോകം കണ്ട പ്രതിഷേധജ്വാലകള്‍

SHARE
french-yellow-protest

ജനാധിപത്യ അവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി ലോകമെങ്ങും പ്രക്ഷോഭങ്ങള്‍ ശക്തമായ വര്‍ഷമായിരുന്നു 2019. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനാധിപത്യ രാജ്യങ്ങളില്‍ മാത്രമല്ല ഏകാധിപത്യരാജ്യങ്ങളിലും മതരാഷ്ട്രങ്ങളിലും ജനം തെരുവിലിറങ്ങി. വെടിയുണ്ടകള്‍ക്കും കണ്ണീര്‍വാതകപ്രയോഗത്തിനും തടവറകള്‍ക്കുമൊന്നും പ്രക്ഷോഭകരെ പിന്തിരിപ്പിക്കാനായില്ല.  അതത് രാജ്യങ്ങളിലെ യുവാക്കളാണ് അവയെ നയിച്ചത് എന്നതാണ് പ്രക്ഷോഭങ്ങളുടെ മറ്റൊരു പ്രത്യേകത, പ്രത്യേകിച്ച് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തിലായിരുന്നില്ല അവ. 2019ല്‍ ലോകശ്രദ്ധനേടിയ പത്തു ജനകീയ പ്രക്ഷോഭങ്ങളിലൂടെ. വിഡിയോ കാണാം. 

1. ഹോങ്കോങ്

കത്തുന്ന തെരുവുകള്‍

 ചൈനീസ് ഭരണത്തിന്‍ കീഴിലുള്ള ഹോങ്കോങ്ങില്‍  ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടം തെരുവു യുദ്ധമായി മാറുന്നതാണ് 2019 കണ്ടത്. കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ഹോങ്കോങ് പൗരൻമാരെ വിചാരണ ചെയ്യാൻ ചൈനയിലേക്കു കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബിൽ ആയിരുന്നു  പ്രക്ഷോഭത്തിനു കാരണം. ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഭരണാധികാരിയായ കാരി ലാം ചൈനീസ് സര്‍ക്കാരിന്‍റെ പാവയായി  മാറിയെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സര്‍വകലാശാല വിദ്യാര്‍ഥികള്‍ നയിച്ച ജനാധിപത്യ പ്രക്ഷോഭത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളടക്കം അണി നിരന്നു.പ്രക്ഷോഭകരെ മാനസിക സമ്മർദത്തിലാക്കാൻ അതിർത്തിയിൽ ചൈന വൻതോതിൽ സൈനികരെ തയാറാക്കി നിർത്തി. മാസങ്ങൾ നീണ്ട പ്രക്ഷോഭം ഹോങ്കോങ്ങിന്റെ വിനോദ സഞ്ചാര മേഖലയ്ക്കു വലിയ ആഘാതമേൽപ്പിച്ചു.

സമരക്കാർ മുഖംമൂടികൾ ഉപയോഗിക്കുന്നത് സർക്കാർ നിരോധിച്ചു.  പ്രക്ഷോഭകരെ പൊലീസ് ശക്തമായി നേരിട്ടതോടെ നഗരം കലാപഭൂമിയായി. ഒക്ടോബറില്‍ കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് പാർലമെന്റ് ഔദ്യോഗികമായി പിൻവലിച്ചു. എന്നാൽ ജനാധിപത്യവാദികളുടെ 5 ആവശ്യങ്ങളിൽ ഒന്നു മാത്രമായിരുന്നു ഇതെന്നതിനാല്‍ പ്രക്ഷോഭം തുടര്‍ന്നു.  പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ ഒരു വിദ്യാർഥി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചതോടെ പ്രക്ഷോഭം  അതിശക്തമായി.  പോളിടെക്നിക് ക്യാംപസിൽ നിന്ന് ആക്രമണം നടത്തിയവരെ പുറത്തുകടക്കാൻ അനുവദിക്കാതെ കണ്ണീർവാതകവും റബർ വെടിയുണ്ടകളും ഉതിർത്ത് പൊലീസ് പുറത്തു നിലയുറപ്പിച്ചതെങ്കിലും വിദ്യാര്‍ഥികള്‍ പിന്‍മാറിയില്ല. അസാമാന്യമായ  ഈ ചെറുത്തുനില്‍‌പിന് മുന്നില്‍ ചൈന നിലപാട് മാറ്റുമോയെന്ന് പുതുവര്‍ഷത്തില്‍ അറിയാം. 

2.ഫ്രാന്‍സ്

ആളിപ്പടര്‍ന്ന സമരം

ഇമ്മാനുവേൽ മക്രോ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ സമരം ഫ്രാന്‍സില്‍ ആളിപ്പടര്‍ന്നു. ഇന്ധന വിലവർധനയ്ക്കെതിരെ ഫ്രാൻസിലെ ഗ്രാമീണമേഖലകളിൽ ആരംഭിച്ച സമരമാണ് 'യെല്ലോ വെസ്റ്റ്'  ധരിച്ചുള്ള സമരമായി രാജ്യമെങ്ങും പടർന്നുപിടിച്ചത്. രൂക്ഷമായ വിലക്കയറ്റത്തിനും ക്ഷേമ പദ്ധതികളുടെ വെട്ടിക്കുറയ്ക്കലിനുമെതിരെയാണു മഞ്ഞക്കുപ്പായക്കാരുടെ' സമരം ആരംഭിച്ചത്.

സമരക്കാർ വഴി തടയുകയും പൊലീസിനെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു.  നിർമാണസ്ഥലത്തു സാധനങ്ങൾ നീക്കം ചെയ്യാനുപയോഗിക്കുന്ന ട്രക്കുമായി പാരിസിലെ സർക്കാർ മന്ത്രാലയമന്ദിരത്തിന്റെ കവാടം ഇടിച്ചുതകർത്ത് ഉള്ളിൽക്കയറിയ പ്രതിഷേധക്കാർ  കാറുകൾ തകർത്തു. കെട്ടിടത്തിന്റെ ജനാലകൾ എറിഞ്ഞുടച്ചു. ധനികരെയും വൻകിട വ്യവസായികളെയും മാത്രം സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ഉദാര സാമ്പത്തിക നയങ്ങളാണു മക്രോയുടേതെന്നാണു സമരക്കാരുടെ ആരോപണം. 1968നു ശേഷം ഫ്രാൻസ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പ്രക്ഷോഭമാണിത്. മക്രോയുടെ എതിരാളിയും തീവ്രവലതുപക്ഷ നേതാവുമായ മാരീൻ ലെ പെൻ സമരക്കാർക്കു പിന്തുണ നൽകുന്നുണ്ട്. 

3.ഹെയ്തി

പണപ്പെരുപ്പം, പട്ടിണി, വിലക്കയറ്റം...

കൊടിയ ദാരിദ്ര്യം അവസാനിപ്പിക്കാനും അഴിമതി തുടച്ചുനീക്കാനും ലക്ഷ്യമിട്ടാണു  കരീബിയന്‍ ദ്വീപുരാജ്യമായ  ഹെയ്തിയില്‍   ജനം തെരുവിലിറങ്ങിയത്. പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും നിത്യോപയോഗ സാധനങ്ങളുടെ ദൗർലഭ്യവും മൂലം  ജനം സഹികെട്ടു. മാസങ്ങളായി ജനജീവിതം സ്തംഭിച്ചു. കൊള്ളയും അക്രമവും വ്യാപകമായി. അഴിമതി ആരോപണ നിഴലിലുള്ള പ്രസിഡന്റ് ജോവനെൽ മോയിസിന്റെ രാജി ആവശ്യപ്പെട്ടു ഹെയ്ത്തിയുടെ തലസ്ഥാനമായ പോർട്ടോ പ്രാസിൽ പ്രതിഷേധക്കാർ തമ്പടിച്ചു.

റോഡുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു.  കടകളോ പെട്രോൾ പമ്പുകളോ തുറന്നില്ല. സ്കൂളുകൾ അടഞ്ഞുകിടന്നു. പോർട്ടോ പ്രാസ് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ശക്തമായ വികേന്ദ്രീകൃത, ജനാധിപത്യ ഭരണസംവിധാനത്തിനായുമാണു പ്രക്ഷോഭകർ സമരരംഗത്തുള്ളത്. ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന ശിശുമരണനിരക്കും ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കും ഹെയ്തിയിലാണ്.  

4.ചിലെ

ജനവിരുദ്ധതക്കെതിരെ കൊടുങ്കാറ്റായി...

സബ്്വെ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഏർപ്പെടുത്തിയ വർധനയായിരുന്നു ചിലെയെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. പിന്നീടതു സർക്കാരിന്റെ മുഴുവൻ ജനവിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള കൊടുങ്കാറ്റായി മാറി. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തിയാണു വിദ്യാർഥികൾ സമരരംഗത്തേക്ക് കൂടുതൽ പേരെ എത്തിച്ചത്. . നിക്ഷേപം ആകർഷിക്കാനെന്ന പേരിൽ സമ്പന്നർക്കു മേലുള്ള നികുതിയിൽ വൻ കുറവു വരുത്തിയതു പ്രതിഷേധം ആളിക്കത്തിച്ചു. വലിയ ബിസിനസുകാരും പൊലീസിലെ ഉന്നതരും ഉൾപ്പെട്ട അഴിമതി ആരോപണങ്ങളും ഒന്നൊന്നായി പുറത്തുവന്നതു പ്രക്ഷോഭങ്ങളുടെ എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെയായി. 

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള സർക്കാരിന്റെ പിൻമാറ്റവും പെൻഷൻ സമ്പ്രദായത്തിന്റെ തകർച്ചയും ജനങ്ങളെ സമരപാതയിലെത്തിച്ചു. ക്രമസമാധാനത്തകർച്ചയെത്തുടർന്നു പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി. പട്ടാളം തെരുവുകളുടെ നിയന്ത്രണം ഏറ്റെടുത്തു.  സാന്‍റിയാഗോയിലെ തെരുവുകളില്‍ നിരവധി ചെറുപ്പക്കാര്‍  മരിച്ചുവീണു. ഒടുവിൽ തനിക്കു തെറ്റുപറ്റിയെന്നു സമ്മതിച്ച പ്രസിഡന്റ്  പിനേറ പല ജനവിരുദ്ധ നയങ്ങളും പിൻവലിക്കാൻ തയാറായി. പക്ഷേ  ഗുരുതരമായ അസമത്വമുൾപ്പെടെയുള്ള മറ്റു പ്രശ്നങ്ങളിൽ കൂടി ചർച്ചയാകാതെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണു സമരക്കാർ. ഏപ്രില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് പ്രശ്നപരിഹാരമുണ്ടാക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

5.വെനസ്വേല

അഴിമതക്കെതിരെ ജനം

എണ്ണസമ്പത്തിൽ മുൻനിരയിലുള്ള രാഷ്ട്രമായ വെനസ്വേലയില്‍ പ്രസിഡന്റ്  നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണപരാജയത്തെത്തുടർന്നു സാമ്പത്തിക സ്ഥിതി അങ്ങേയറ്റം വഷളായി. ഭരണകൂടത്തെ പുറത്താക്കാനുള്ള പ്രതിപക്ഷ ആഹ്വാനത്തെത്തുടർന്നു പതിനായിരക്കണക്കിനു ജനങ്ങളാണ് തെരുവിലിറങ്ങിയത്. മഡുറോയ്ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രക്ഷോഭം പലപ്പോഴും അക്രമാസക്തമാകുകയും ഒട്ടേറെപ്പേർ കൊല്ലപ്പെടുകയും ചെയ്തു.

ദേശീയ അസംബ്ലിയുടെ അധ്യക്ഷനായ യുവാൻ ഗ്വിഡോ താൻ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. രൂക്ഷമായ വിലക്കയറ്റത്തിലും അവശ്യസാധനക്ഷാമത്തിലും നട്ടംതിരിഞ്ഞ ലക്ഷക്കണക്കിനു വെനസ്വേലക്കാർ അയൽ രാഷ്ട്രങ്ങളിലേക്കു പലായനം ചെയ്തു.

ലാറ്റിൻ അമേരിക്കയിലെ ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹത്തിൽ 46 ലക്ഷം വെനസ്വേലക്കാരാണ് രാജ്യത്തെ അരക്ഷിതാവസ്ഥകാരണം അയൽരാജ്യങ്ങളിലേക്കു രക്ഷപ്പെട്ടത്.  ലോകത്ത് ഏറ്റവുമധികം ക്രൂഡോയിൽ ശേഖരമുള്ള വെനസ്വേലയുടെ സാമ്പത്തിക തകർച്ച, ഭരണകൂട കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയ പാർട്ടികളിലെ അഴിമതിയുടെയും കാരണമായി സംഭവിച്ചതായാണു വിലയിരുത്തപ്പെടുന്നത്. 

6.സ്വീഡന്‍

ഗ്രേറ്റ വിളിച്ചു; 40 ലക്ഷം തെരുവില്‍

സ്വീഡനിലെ പരിസ്ഥിതി ആക്റ്റിവിസ്റ്റും കൗമാരക്കാരിയുമായ ഗ്രേറ്റ ട്യൂൻബെർഗ് ആണ് കാലാവസ്ഥാ പ്രക്ഷോഭത്തെ ലോകശ്രദ്ധയിലെത്തിച്ചത്. ഗ്രേറ്റയുടെ ആഹ്വാനത്തെത്തുടർന്നു 40 ലക്ഷം പേരാണു പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഒരു ദിവസം തെരുവിലിറങ്ങിയത്. കാലാവസ്ഥാ വ്യതിയാനം തടയാൻ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഗ്രേറ്റ സമരം തുടങ്ങിയത്. തുടർന്നു ലോകമെങ്ങും സ്കൂൾ, കോളജ്, സർവകലാശാല വിദ്യാർഥികൾ ഗ്രേറ്റയേപ്പൊലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹിഷ്കരിച്ചു തെരുവിലിറങ്ങി.

ഗ്രേറ്റയെ പിന്തുടർന്ന് ബൽജിയത്തിൽ 30,000 വിദ്യാർഥികളാണ് ക്ലാസുകൾ ബഹിഷ്കരിച്ചത്. ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ലോകമെങ്ങും വിദ്യാർഥികളുടെ നേതൃത്വത്തിൽ വലിയ റാലികൾ നടന്നു. കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ ഏറ്റവുമധികം ബാധിക്കാൻ പോകുന്നത് യുവാക്കളെ ആയതിനാൽ അവരാണു സമരത്തിന്റെ മുൻപന്തിയിൽ നിൽക്കേണ്ടതെന്ന അഭിപ്രായക്കാരിയാണു പതിനാറുകാരിയായ ഗ്രേറ്റ. സെപ്റ്റംബറിൽ നൂറ്റൻപതിലേറെ രാജ്യങ്ങളിൽ ഒരേസമയം കാലാവസ്ഥാ പ്രക്ഷോഭങ്ങൾ അരങ്ങേറി. 

7.സുഡാന്‍

കത്തിപ്പടര്‍ന്ന ഖുബ്ബൂസ് വിപ്ലവം

സുഡാനിൽ ഖുബ്ബൂസിന്റെ വില ക്രമാതീതമായി ഉയർന്നതാണ് പെട്ടെന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെടാൻ കാരണം. അതുവഴി ഈ പ്രക്ഷോഭത്തിന് ഖുബ്ബൂസ് വിപ്ലവം എന്ന പേരും ലഭിച്ചു. ഇന്ധനവിലക്കയറ്റത്തിനും കറൻസി ക്ഷാമത്തിനും പിന്നാലെയായിരുന്നു ഭക്ഷ്യവിലവര്‍ധന.  വടക്കുകിഴക്കൻ സുഡാനിൽ നൈൽനദീ തീരത്തുള്ള അത്‌ബാറ എന്ന ചെറുനഗരത്തിൽ തുടങ്ങിയ പ്രക്ഷോഭം തലസ്ഥാന നഗരമായ ഖാർത്തൂം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് അതിവേഗം കത്തിപ്പടർന്നു. രാജ്യത്ത് ഒരു വർഷം അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതായി പ്രസിഡന്റ് ഉമർ അൽ ബഷീർ  പ്രഖ്യാപിച്ചു.

അഭിഭാഷകരും എൻജിനീയർമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മയായ സുഡാനീസ് പ്രഫഷനൽസ് അസോസിയേഷൻ നയിച്ച പ്രക്ഷോഭം തണുത്തില്ല. ഉമർ അൽ ബഷീർ സ്ഥാനമൊഴിയാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിൽ അവര്‍ ഉറച്ചുനിന്നു. തലസ്ഥാനമായ ഖാർത്തൂമിൽ സർക്കാർ വിരുദ്ധ സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ നിരവധിപേര്‍ കൊല്ലപ്പട്ടു. ഏപ്രിലില്‍  പ്രസിഡന്റ് ഉമർ അൽ ബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. പക്ഷേ ജനകീയ ഭരണകൂടത്തിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ടു സൈനിക കേന്ദ്രത്തിനു വെളിയിൽ വൻപ്രക്ഷോഭം തുടര്‍ന്നു. ഇതോടെ ജനങ്ങളുടെ കൂടി പങ്കാളിത്തമുള്ള സംയുക്ത കൗൺസിൽ രൂപീകരിക്കാൻ ധാരണയായി.

8.ലബനന്‍

പുകഞ്ഞുകത്തിയ ജനരോഷം

വാട്സാപ്പ് വോയ്സ്കോളിന് നികുതി ഏർപ്പെടുത്തിയതാണു ലബനനിൽ ജനങ്ങളെ പെട്ടെന്ന് ഒരുമിപ്പിച്ചു തെരുവിലിറക്കിയത്. വാട്സാപ്പ് നികുതി ഒരു തിരികൊളുത്തലായെങ്കിലും കറൻസിയുടെ മൂല്യത്തകർച്ചയും വൈദ്യുതി, ഇന്ധന വില വർധനയും ശുദ്ധജലക്ഷാമവുമെല്ലാമായി ജനങ്ങൾക്കിടയിൽ അസംതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ടയർ കത്തിച്ചും റോഡുകൾ ഉപരോധിച്ചും ജനം തെരുവിലിറങ്ങുകയായിരുന്നു. മതാടിസ്ഥാനത്തിലുള്ള അധികാരം പങ്കുവയ്ക്കലാണു ലബനൻ നേരിടുന്ന അടിസ്ഥാനപ്രശ്നമെന്നു ജനങ്ങൾ കരുതുന്നു.

സ്പീക്കർ സ്ഥാനത്തു ഷിയ വിഭാഗത്തിൽപ്പെട്ട മുസ്ലിമും പ്രധാനമന്ത്രി സ്ഥാനത്തു സുന്നി വിഭാഗത്തിൽപ്പെട്ട മുസ്ലിമും പ്രസിഡന്റ് സ്ഥാനത്തു ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളുമായിരിക്കണമെന്നാണു ലബനനിലെ രീതി. ഇതു വ്യാപക സ്വജനപക്ഷപാതത്തിനും അഴിമതിക്കും കളമൊരുക്കുന്നതായാണ് ആരോപണം. പ്രക്ഷോഭത്തെത്തുടർന്നു  പ്രധാനമന്ത്രി സാദ് ഹരീരി രാജിവച്ചുവെങ്കിലും അതുകൊണ്ടു തൃപ്തിയാകാൻ സമരക്കാർ തയാറായിട്ടില്ല. ഭരണസംവിധാനത്തിൽ സമ്പൂർണ അഴിച്ചുപണി വേണമെന്നും പുതിയ പ്രധാനമന്ത്രി ഹസന്‍ ഡയിബും രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

9.ഇറാന്‍

അടിച്ചമര്‍ത്തലില്‍ അടിച്ചുയര്‍ന്നു

ഇന്ധനവില ഇരട്ടിയാക്കിയ സർക്കാർ നടപടിയാണ് ഇറാനികളെ പ്രക്ഷോഭകാരികളാക്കി മാറ്റിയത്. വിലവർധനയിൽ പ്രതിഷേധിച്ച ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ കത്തികളുമായി നേരിട്ടു. കർശനമായ അടിച്ചമർത്തലാണു ഇറാൻ ഭരണകൂടം പ്രക്ഷോഭത്തിനെതിരെ കൈക്കൊണ്ടത്.  സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചു ജനങ്ങൾ സമരത്തിനിറങ്ങുന്നത് ഒഴിവാക്കാനായി രാജ്യമെങ്ങും സമ്പൂർണ ഇന്റർനെറ്റ് നിരോധനവും  ഏർപ്പെടുത്തി. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു.

പത്തൊമ്പതിനും 26 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഏറെയും ജീവന്‍ നഷ്ടമായത്. ആയിരങ്ങള്‍ തുറുങ്കിലടക്കപ്പെട്ടു. ഇറാന്‍ ഇതുവരെ കാണാത്ത രീതില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെയും ജനം മുദ്രാവാക്യം മുഴക്കി.. 2015ലെ ആണവ ഉടമ്പടിയിൽ നിന്ന് യുഎസ് പിൻമാറുകയും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതാണ് ഇറാന്റെ സമ്പദ്ഘടന തകരാറിലാക്കിയത്. 

10.ഇന്ത്യ

പൗരത്വ പ്രതിഷേധം

വര്‍ഷാന്ത്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം, ഇന്ത്യയും ജനാധിപത്യ അവകാശപോരാട്ടങ്ങളുടെ ചൂടറിഞ്ഞു. ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തുന്ന മുസ്‍ലിംകളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവന്നതിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭം നടന്നു.

പ്രതിഷേധം വിവിധ തലങ്ങളിലേക്കു കുത്തിയൊഴുകുന്നതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി മാറി. മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിന് മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ

ലംഘനമാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. വടക്കുകിഴക്കാകട്ടെ, അഭയാര്‍ഥികളുടെ വരവ് അവരുടെ നിലനില്‍പിനെ ബാധിക്കുമെന്നു കാട്ടിയാണ് പ്രക്ഷോഭം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കലാപകാരികളെ വേഷം കൊണ്ടറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞത് എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. മറ്റ് രാജ്യങ്ങളിലെന്നതുപോലെ ഇന്ത്യയിലും ചെറുപ്പക്കാരും വിദ്യാര്‍ഥികളുമാണ് പൗരത്വപ്രക്ഷോഭത്തിന് മുന്നില്‍ അണിനിരന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...