കാമുകിയെ വെട്ടിക്കൊന്ന് ബാഗിലാക്കി; ചരിത്ര ഗവേഷകൻ അറസ്റ്റിൽ

വാക്കുതർക്കത്തെ തുടർന്ന് കാമുകിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച ചരിത്ര ഗവേഷകൻ അറസ്റ്റിൽ. റഷ്യൻ ഗവേഷകനും സെന്റ് പീറ്റേഴ്സ് ബർഗ് സർവകലാശാലയിലെ പ്രൊഫസറുമായ ഒലെഗ് സൊകോലോവ് ആണ് അറസ്റ്റിലായത്. 24 കാരിയായ കാമുകി അനസ്താസിയെയാണ് ഒലെഗ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. മൂക്കറ്റം മദ്യപിച്ചിരുന്ന ഒലെഗ് മോയെങ്ക നദിയിൽ ബാഗുപേക്ഷിക്കാൻ പോകുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

ഒലെഗിനെ രക്ഷപെടുത്തിയ ആളുകളാണ് ഇയാളുടെ ബാഗിൽ നിന്ന് യുവതിയുടെ കൈകൾ കണ്ടെത്തിയത്. ഇവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കാമുകിയായ അനസ്താസിയയുടെ തലയും ശരീരവും കണ്ടെത്തി. 

ഇരുപത്തിനാലുകാരിയായ അനസ്‌താസിയ അറുപത്തിമുന്നുകാരനായ ഒലെഗുമായി പ്രണയത്തിലായിരുന്നു. വാക്കുതർക്കത്തെ തുടർന്ന് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ഒലെഗ് പൊലീസിന് മൊഴി നൽകി. ഒലെഗിന്റെ ബാഗിൽ നിന്ന് തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നദിയിലെ തണുത്ത വെള്ളത്തില്‍ ദീര്‍ഘനേരം കിടക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലായ ഒലെഗ് ഇപ്പോള്‍  ചികിത്സയിലാണ്. ഒലെഗിന്റെ കൊലപാതകം വലിയ ഞെട്ടലാണ് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്നത്.