ക്രൂരപരീക്ഷണം മൃഗങ്ങളില്‍; അലറിവിളിച്ച് കുരങ്ങുകള്‍; ഹൃദയഭേദക കാഴ്ച

cruelty-on-monkey
SHARE

രാസവസ്തുക്കളും മരുന്നുകളുമൊക്കെ പലപ്പോഴും പരീക്ഷിച്ചു നോക്കുന്നത് മൃഗങ്ങളിലാണ്. ഇതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിട്ടും ക്രൂരത തുടരുകയാണ്. കുട്ടികൾ കാണരുത് എന്ന മുന്നറിയിപ്പോടെ ക്രുവൽറ്റി ഫ്രീ ഇന്റർനാഷനൽ (സിഎഫ്ഐ) പുറത്തുവിട്ട അത്തരത്തിലൊരു വിഡിയോ ശ്രദ്ധ നേടുകയാണ്. മുതിർന്നവരെ പോലും ഞെട്ടിക്കുന്ന കൊടുംക്രൂരതയാർന്ന ദൃശ്യങ്ങളാണ് ഇതില്‍. ജർമനിയിലെ ഹാംബര്‍ഗിനു സമീപം ലബോറട്ടറി ഓഫ് ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജിയിൽ(എൽപിടി) ക്രുവൽറ്റി ഫ്രീ ഇന്റർനാഷനൽ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. 

കുരങ്ങുകളിലും നായ്ക്കളിലും പൂച്ചകളിലും മുയലുകളിലും പ്രാകൃതമായ രീതിയിലായിരുന്നു പരീക്ഷണം. രാജ്യാന്തര തലത്തിൽ നിർദേശിച്ചിട്ടുള്ള സംരക്ഷണ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു ഇവയെ വളർത്തിയിരുന്നതു പോലും. സോക്ക ടിയെർഷ്യൂട്സ് എന്ന എൻജിഒയ്ക്കൊപ്പം ചേർന്നായിരുന്നു സിഎഫ്ഐയുടെ അന്വേഷണം. മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നതാണ് സോക്ക എൻജിഒ. വിഡിയോയിലെ കാഴ്ചകൾ പ്രകാരം, ചെറിയ കൂടുകളിലായിരുന്നു മൃഗങ്ങളെ ലാബിൽ പാർപ്പിച്ചിരുന്നത്. കുരങ്ങുകളെ അനങ്ങാൻ പോലും അനുവദിക്കാത്ത വിധം ചങ്ങലയ്ക്കിട്ടിരിക്കുന്നു. അവയുടെ ദേഹത്ത് നമ്പറുകളും എഴുതിയിരുന്നു.

പ്ലാസ്റ്റർ കൊണ്ട് കൈകാലുകൾ കെട്ടിയും ദേഹം മുഴുവൻ പലതരം വയറുകൾ ഘടിപ്പിച്ച് വിഷവസ്തുക്കൾ കുത്തിവച്ചുമാണ് കുരങ്ങുകളിലെ പരീക്ഷണം. ഏറ്റവും ക്രൂരത ഏറ്റുവാങ്ങുന്നതും ഇവയാണ്. കുരങ്ങുകളിലൊന്ന് പരീക്ഷണത്തിനിടെ കുതറിമാറാൻ ശ്രമിക്കുമ്പോൾ ലാബ് ടെക്നിഷ്യൻ അതിന്റെ തല ഇരുമ്പു കൊണ്ടുള്ള കൂടിന്റെ വാതിലിൽ ആഞ്ഞടിക്കുന്നതു കാണാം. കുരങ്ങുകളുടെ കഴുത്തിൽ കുരുക്കിട്ടാണ് മരുന്നു പരീക്ഷണം നടത്തുന്നത്. പലതും വേദനയോടെ നിലവിളിക്കുന്നതും കാണാം. കുരങ്ങുകളുടെയും നായ്ക്കളുടെയും വായിലേക്ക് കുഴൽ കുത്തിയിറക്കി വിവിധ വസ്തുക്കൾ ഒഴിച്ചു കൊടുക്കുന്ന കാഴ്ചയും ഞെട്ടിക്കുന്നതാണ്. ഇവ പുറത്തേക്കു തുപ്പാനാകും മുൻപു തന്നെ പലതും വിഷത്തിന്റെ വീര്യം കാരണം മരിച്ചുവീഴുന്നു.

രക്തവും വിസർജ്യവും നിറഞ്ഞ കൂടുകളിലായിരുന്നു നായ്ക്കളെ സൂക്ഷിച്ചിരുന്നത്. ചിലയിടത്ത് അവയെ തലകീഴായി തൂക്കിയിട്ടിരിക്കുന്നു. പൂച്ചകളെ നിർബന്ധിച്ചു വിഷം നിറഞ്ഞ ഭക്ഷണം കഴിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ഭൂരിപക്ഷം മൃഗങ്ങളും ചാവുകയാണു പതിവ്.കൊല്ലുന്ന പരീക്ഷണത്തിനു കൊണ്ടുപോകുമ്പോഴും സ്നേഹത്തോടെ വാലാട്ടുന്ന നായ്ക്കളുടെ കാഴ്ച ഹൃദയഭേദകമാണെന്നും അന്വേഷണം നടത്തിയ സോക്ക പ്രതിനിധി പറയുന്നു.

പൂച്ചകൾക്ക് ദിവസവും 13 ഇഞ്ചക്ഷനുകൾ വരെ നൽകിയാണു പരീക്ഷണം. ഒരു മൃഗത്തിനും വേദനസംഹാരി പോലും നൽകുന്നില്ല. മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിനു പരിശീലനം ലഭിച്ചവർ പോലുമില്ല. സംഭവത്തിൽ ലാബിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...