‘ക്ഷമിക്കൂ, കുറച്ചധികം പേരെ കൊല്ലാന്‍ വന്നതാണ്’; ജൂതപ്പള്ളിക്കടുത്ത് വെടിവെപ്പ്; 2 മരണം

germany-10
SHARE

ജര്‍മ്മന്‍ നഗരമായ ഹാലെയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്നതിന് സമാനമായ ആക്രമണമാണ് ഹാലെയിലെ തെരുവിലും ഉണ്ടായത്. ഹാലെയിലെ ജൂതപ്പള്ളിയില്‍ കടക്കാന്‍ അക്രമി ശ്രമിച്ചെങ്കിലും വാതില്‍ പൂട്ടിയിരുന്നതിനാല്‍ സാധിച്ചില്ല. ഇതോടെ വലിയ കൂട്ടക്കൊലയാണ് ഒഴിവായത്. ജൂതന്‍മാരുടെ വിശേഷ ദിവസമാണ് യോം കിപ്പൂര്‍. 

വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ തെരുവില്‍ കണ്ട സ്ത്രീയുടെയും കടയില്‍ നിന്ന പുരുഷന്‍റെയും നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പച്ച ജാക്കറ്റും പാന്റുമായിരുന്നു അക്രമിയുടെ വേഷം.

വെടിവെപ്പ് നടത്തുന്നതിന്റെ ലൈവ് സ്ട്രീമിങ് ഇയാള്‍ ഗെയിമിങ് സൈറ്റായ ട്വിറ്റ്ചിലൂടെ നടത്തി. അനോണ്‍ എന്നാണ് ഇയാള്‍ വിഡിയോയില്‍ സ്വയം വിശേഷിപ്പിക്കുന്നത്. കുറച്ചധികം പേരെ കൊല്ലണമെന്നായിരുന്നു ഉദ്ദേശമെന്നും സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും ഇയാള്‍ ലൈവ് വിഡിയോയില്‍ പറഞ്ഞു. ജൂതന്‍മാരും ഫെമിനിസ്റ്റുകളുമാണ് ലോകത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നും പറയുന്നത് വിഡിയോയ്ക്കിടെ വ്യക്തമാണ്. 

അരമണിക്കൂറിനുള്ളില്‍ രണ്ടായിരത്തി ഇരുന്നൂറിലേറെ പേരാണ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ കണ്ടത്. ദൗര്‍ഭാഗ്യകരമായി പോയെന്നും വിഡിയോ സൈറ്റില്‍ നിന്നും നീക്കം ചെയ്തതായും ട്വിറ്റ്ച് അറിയിച്ചു. ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഗെയിമിങ് സൈറ്റാണ് ട്വിറ്റ്ച്. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയില്‍ എടുത്തതായും അന്വേഷണം നടക്കുന്നതായും ജര്‍മ്മന്‍ അധികൃതര്‍ വ്യക്തമാക്കി.

MORE IN WORLD
SHOW MORE
Loading...
Loading...