തലച്ചോർ തിന്ന് അമീബ; ഒടുവിൽ ആ പെൺകുട്ടി മരണത്തിന് കീഴടങ്ങി

girl-infected-with-bacteria
SHARE

സെപ്റ്റംബർ രണ്ടാം തീയതി പുഴയിൽ നീന്തിക്കുളിക്കുന്നതിനിടെ അമീബ ബാധയുണ്ടായെന്നു സംശയിക്കുന്ന ടെക്സാസിൽ നിന്നുള്ള പത്തുവയസ്സുകാരി ലിലി അവാന്റ് ആശുപത്രിയിൽ മരിച്ചു. ഏറെ അപകടകാരിയായ നെയ്ഗ്ലേറിയ ഫൗലേറി എന്ന, തലച്ചോറിനെ മാരകമായി ബാധിക്കുന്ന അമീബയാണ് കുട്ടിയെ ബാധിച്ചത്. 97 ശതമാനം മരണനിരക്കുള്ള രോഗത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ‍ഡോക്ടർമാർ.

പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാകാം അമീബ പെൺകുട്ടിയുടെ ശരീരത്തിൽ കയറിയത് എന്നാണു കുടുംബം കരുതുന്നത്. ഈ വാദത്തെ പൂർണമായി തള്ളിക്കളയാൻ ഡോക്ടർമാരും തയാറായില്ല.  പ്രൈമറി അമീബിക് മെനിഞ്ചോഎൻസഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. മൂക്കിലൂടെയാകും അമീബ ശരീരത്തിൽ പ്രവേശിച്ചതെന്നാണ് നിഗമനം. ഇത്തരം അമീബകൾ സാധാരണമാണെങ്കിലും ഇത്തരത്തിലുള്ള രോഗബാധ അസാധാരണമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

സെപ്റ്റംബർ രണ്ടിന് അവധിക്കു വാക്കോ നഗരത്തിനടുത്തെ ബോസ്‌ക് കൗണ്ടിയിലെ വിറ്റ്നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി നീന്തിക്കുളിച്ചിരുന്നു. സെപ്റ്റംബർ എട്ടാം തീയതി രാത്രിയോടെ ലിലിക്ക് കടുത്ത തലവേദനയും പനിയും ആരംഭിച്ചു. വൈറൽ പനിയാണെന്ന ധാരണയിൽ ചികിത്സ ആരംഭിച്ചുവെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് അമീബ ബാധ ശ്രദ്ധയിൽപെട്ടത്. 

അസുഖം ബാധിച്ച ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പതിനെട്ട് ദിവസത്തിനുള്ളിൽ മരണം സംഭവിക്കുമെന്നാണ് കരുതുന്നത്. സാധാരണ ചെറുചൂടുള്ള ശുദ്ധജലത്തിൽ കാണുന്ന ഈ അമീബ എങ്ങനെയാണ് ലിലി അവാന്റിന്റെ ശരീരത്തിൽ പ്രവേശിച്ചുവെന്നതിനു കൃത്യമായ ഉത്തരം നൽകാൻ കഴിയാതെ വിഷമിക്കുകയാണ് ഡോക്ടർമാർ.

നെയ്ഗ്ലേറിയ ഫൗലേറി അമീബ ബാധ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും വൈകാതെ തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ തലച്ചോർ തിന്നുന്ന അമീബ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പെൺകുട്ടിക്കു മരുന്ന് നൽകി കോമ സ്റ്റേജിലാക്കിയാണ് ചികിത്സ പോലും  നടത്തിയിരുന്നത്. നെയ്ഗ്ലേറിയ ഫൗലേറി അമീബ ബാധയുണ്ടായ ഏതാനും പേരെ മാത്രമേ ഇതുവരെ രക്ഷിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...