ഉരുകിത്തീരാതെ കാക്കാം; അന്റാർട്ടിക്കയിൽ കൃത്രിമമഞ്ഞ് പെയ്യിക്കാം; ഗവേഷകർ പറഞ്ഞത്

കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് അന്റാർട്ടിക്ക. 1970കളെ അപേക്ഷിച്ച് ഇപ്പോൾ അന്റാർട്ടിക്കയിലെ മഞ്ഞുരുകലിന്റെ വേഗം ആറ് മടങ്ങായി വർധിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി പല യൂറോപ്യൻ രാജ്യങ്ങളേക്കാളും വലുപ്പമുള്ള മഞ്ഞുപാളികളാണ് അന്റാർട്ടിക്കയിൽ നിന്ന് വർഷംതോറും വേർപെട്ടുപോകുകയും ഉരുകിത്തീരുകയും ചെയ്യുന്നുണ്ട്.  

അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കൂടിയത് മൂലം ഹരിതഗൃഹ വാതകങ്ങളുടെ അമിത ബഹിർഗമനമാണ് അന്റാർട്ടിക്കയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം. നാളേറെയായി അന്റാർട്ടിക്കയുടെ അവസ്ഥക്ക് പരിഹാരം കാണാനുള്ള ഗവേഷകരുടെ ശ്രമങ്ങൾ നടക്കുന്നു. ഇപ്പോഴിതാ അന്റാർട്ടിക്കയിലേക്ക് കൃത്രിമമായി മഞ്ഞെത്തിക്കാനുള്ള ശുപാർശയാണ് അവർ മുന്നോട്ടുവെക്കുന്നത്. 

മഞ്ഞുവീഴ്ച സൃഷ്ടിക്കുന്നതിലൂടെ മഞ്ഞ് പാളികളുടെ ബലക്കുറവ് പരിഹരിക്കാനാകുമെന്നും ഇതുവഴി മഞ്ഞുപാളികളില്‍ വിള്ളലുണ്ടാകുന്നത് തടയാന്‍കഴിയുമെന്നുമാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഇങ്ങനെ വിള്ളലുണ്ടാകുന്നത് തടഞ്ഞാല്‍ സ്വാഭാവികമായും മഞ്ഞുപാളികള്‍ വേര്‍പെട്ട് പോകുന്നതും ഉരുകി ഇല്ലാതാകുന്നതും തടയാന്‍ കഴിയും.ഇതുവഴി ആഗോളാതാപനം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കുന്ന കടല്‍ ജലനിരപ്പു വർധനവിനെ ഒരു പരിധി വരെ നിയന്ത്രിക്കാനും കഴിയും.

സമുദ്രത്തിൽ നിന്ന് കൃത്രിമ മഞ്ഞ് സൃഷ്ടിക്കാനാണ് പദ്ധതി. സ്കേറ്റിങ് റിസോർട്ടുകളിലും മറ്റും സ്ഥിരമായി പരീക്ഷിക്കുന്ന രീതിയാണ് കൃത്രിമമായി മഞ്ഞുപെയ്യിക്കൽ. അന്‍റാര്‍ട്ടിക്കിന് ചുറ്റുമുള്ള സമുദ്രജലത്തെ തന്നെയാണ് മഞ്ഞാക്കി മാറ്റി പ്രദേശത്തു പെയ്യിക്കുക. ഇതിനായി സ്കേറ്റിങ് റിസോര്‍ട്ടുകളില്‍ ഉപയോഗിക്കുന്നതിനു സമാനമായ യന്ത്രങ്ങള്‍ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. പക്ഷേ സമുദ്രജലത്തിലെ ഉപ്പ് നീക്കം ചെയ്യുക എന്നതാകും ആദ്യ പടി. ഇതിന് ശേഷം ഈ വെള്ളം മൈനസ് ഡിഗ്രിക്ക് താഴെയുള്ള താപനിലയിലൂടെ കടത്തി വിട്ട് മഞ്ഞാക്കി മാറ്റി കൃത്രിമമായി വിതറും. 

ഏതാണ്ട് 12000 അധികം നൂതന കാറ്റാടി യന്ത്രങ്ങളെങ്കിലും ഈ പദ്ധതിക്കാവശ്യമായ ഊര്‍ജം ലഭ്യമാക്കാന്‍ ഉപയോഗിക്കേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഭാരിച്ച ചെലവും ഈ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതീക്ഷിക്കാം.