യുദ്ധം ആഗ്രഹിക്കുന്നില്ല; വ്യക്തമാക്കി ഇറാനും അമേരിക്കയും

iran-america
SHARE

സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി ഇറാനും അമേരിക്കയും. അമേരിക്കയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ മാത്രമേ തിരിച്ചടിയുണ്ടാകൂവെന്നു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അതേസമയം, എണ്ണടാങ്കറുകൾക്കും വിതരണകേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണവിലയിൽ വർധന തുടരുകയാണ്.

റഷ്യ സന്ദർശനത്തിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നിലപാട് വ്യക്തമാക്കിയത്. അടിസ്ഥാനപരമായി ഇറാനുമായൊരു യുദ്ധത്തിനു അമേരിക്ക ആഗ്രഹിക്കുന്നില്ല. എന്നാൽ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ അതിനനുസരിച്ചുള്ള പ്രതികരണമുണ്ടാകുമെന്നും പോംപിയോ മുന്നറിയിപ്പു നൽകി. 

ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാകില്ലെന്നു ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാം‌ന വ്യക്തമാക്കി. യുഎസുമായി നിലവിൽ ചർച്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ആയത്തുല്ല പറഞ്ഞു. അതേസമയം, ഫുജൈറ തീരത്തു നാലു കപ്പലുകൾക്കു നേരെയുള്ള  ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് പ്രാഥമിക നിഗമനമെന്നു യുഎസ് വ്യക്തമാക്കിയെങ്കിലും, സംഭവം നടന്നു മൂന്നു ദിവസമായിട്ടും സ്ഥിരീകരണമുണ്ടായിട്ടില്ല. അമേരിക്കയും സൌദി അടക്കമുള്ള സഖ്യരാഷ്ട്രങ്ങളും  ഉന്നയിച്ച ആരോപണങ്ങളെ നിഷേധിക്കുന്നതായി ഇറാൻ പ്രതികരിച്ചു. അതിനിടെ തുടർച്ചയായ മൂന്നാം ദിവസവും രാജ്യന്തരവിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വർധന തുടരുകയാണ്. റിയാദിലെ എണ്ണ പൈപ്പ് ലൈൻ പമ്പിങ് സ്റ്റേഷനു നേരെയുണ്ടായ ഹൂതി വിമതരുടെ ആക്രമണം, സൌദിയുടെത് അടക്കമുള്ള കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണം, അമേരിക്കയുടെ സൈനിക നീക്കം തുടങ്ങിയവയാണ് എണ്ണ വില ഉയരാൻ കാരണം.

MORE IN WORLD
SHOW MORE