മസില്‍ പെരുപ്പിച്ച് ഒന്നാമനാകാന്‍ നോക്കി; ബോഡിബിൽഡറുടെ വയറ് തലതിരിഞ്ഞു

body-builder-diet
SHARE

സൗന്ദര്യവും ആകാരവടിവുമൊക്കെ ശരിയാകാൻ മാർഗങ്ങൾ പലതും തേടുന്നവരുണ്ട്. ചിലർക്കൊക്കെ അത് വിനയാകാറുമുണ്ട്. അത്തരത്തിൽ അതികഠിനമായ ഡയറ്റ് വിപരീതഫലം ചെയ്തു ഈ 34 കാരന്.

ഈസ്റ്റ് യോക് ഷെയര്‍ സ്വദേശിയായ സിയന്‍ റ്റിയെര്‍നി എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. ബോഡി ബിൽഡിങ്ങിനുള്ള ശ്രമങ്ങള്‍ ഒടുവില്‍ ഈ ചെറുപ്പക്കാരനെ ഓപ്പറേഷൻ തിയേറ്റർ വരെ എത്തിച്ചു.  

ദിവസം 11 മണിക്കൂറോളം ഇയാൾ‌ ജിമ്മിൽ ചെലവഴിച്ചിരുന്നു. തന്നെക്കാളും കരുത്തരായ ആളുകളെ കണ്ടപ്പോൾ അവരെപ്പോലെ ആകാനുള്ള ശ്രമങ്ങൾ നടത്തിയതായും ഇയാൾ പറയുന്നു. ഇതിനായി കണ്ടെത്തിയത് ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ബോഡി ബിൽഡിങ്ങ് പരിശീലകനെ ആണ്.

ആദ്യമൊക്കെ ബോഡി ബിൽഡിങ്ങ് മത്സരങ്ങളിൽ നാലാം സ്ഥാനമായിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നത്. ഇത് ഒന്നാം സ്ഥാനത്ത് എത്തിക്കാനായി പിന്നീടുള്ള ശ്രമം. അങ്ങനെ ആഴ്ചയിൽ മൂന്നോ നാലോ ദിവസം ജിമ്മിൽ പോയിരുന്നത് എല്ലാ ദിവസവുമായിത്തുടങ്ങി. മിസ്റ്റര്‍ യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പരിശീലനത്തിലായിരുന്നു പിന്നെ ജിം ട്രെയിനിങ്ങ്. പരിശീലകന്‍റെ നിർദേശം അനുസരിച്ച് ക്ഷീണം തോന്നാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങി.

‌‍‍‍‍ഡയറ്റ് തുടരുന്നതിനിടെ ഒരുദിവസം സിയാന് വയറുവേദന ആരംഭിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാനാണ് പറഞ്ഞത്. ക്രമേണ വയറുവേദന കുറഞ്ഞുതുടങ്ങിയപ്പോൾ ഡോക്ടറുടെ ഉപദേശപ്രകാരമുള്ള ഭക്ഷണശീലം മാറ്റിത്തുടങ്ങി. എന്നാൽ ജിം പരിശീലനും ഡയറ്റിങ്ങും മുടക്കിയില്ല.

വീണ്ടും വയറുവേദന വന്നു. ഇത്തവണ മുൻപത്തേതു പോലെ ആയിരുന്നില്ല. വേദന കൊണ്ട് പുളഞ്ഞ സിയാനെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. അപ്പൻഡിക്സ് ആകും എന്നാണ് ‍ഡോക്ടർമാർ കരുതിയത്.  ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞപ്പോഴാണ് സിയാന്‍റെ വയർ തലതിരിഞ്ഞുപോയെന്ന് ഡോക്ടര്‍മാർ കണ്ടെത്തിയത്. ഏറെ സങ്കീർണമായ ശസ്ത്രക്രിയക്കൊടുവിലാണ് വയർ പൂർവസ്ഥിതിയിലായത്.

കഠിനമായ ഡയറ്റ് ആണ് തന്‍റെ ഈ അവസ്ഥക്ക് കാരണമെന്നും മരിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും സിയാൻ പറയുന്നു. ചികിത്സക്കും വിശ്രമത്തിനും ശേഷം സിയാന്‍ വീണ്ടും മത്സരവേദിയിലെത്തി. എന്നാൽ ഭക്ഷണക്രമീകരണത്തിന്‍റെയും പരിശീലനത്തിന്‍റെയും കാര്യത്തിൽ മുൻപു സംഭവിച്ച പിഴവുകൾ ആവർത്തിക്കില്ലെന്ന് ഇയാൾ പറയുന്നു. 

MORE IN WORLD
SHOW MORE