പട്ടിണിയുടെ പിടിമുറുകി സുഡാന്‍‍; ഖുബൂസ് കൗണ്ടറും എടിഎം കൗണ്ടറും ഒരുപോലെ: രോഷം

sudan-update
SHARE

നൂറു പൗണ്ട് ഒരുമിച്ച് കയ്യില്‍കിട്ടിയാല്‍  ഒരു സുഡാനി എന്തുചെയ്യും. കിടയ്ക്കടിയില്‍ ഒളിപ്പിക്കുകയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും നല്ല മാര്‍ഗം. ബാങ്കില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ചിലപ്പോ പണം തിരിച്ചുകിട്ടിയെന്ന് വരില്ല. എടിഎം മെഷീനുകളൊക്കെ പത്തുനോട്ട് കണ്ടിട്ട് കാലം കുറെയായി. ഒരര്‍ഥത്തില്‍ സുഡാനില്‍ ഇപ്പോള്‍ ഖുബൂസ് വാങ്ങാനുള്ള കൗണ്ടറും എടിഎം കൗണ്ടറും ഒരുപോലെയാണ്. ദിവസം മുഴുവന്‍ ക്യൂ നിന്ന് ഒടുവില്‍ സ്റ്റോക്കില്ല എന്ന മറുപടി കേള്‍ക്കേണ്ടിവരും. 

ആഭ്യന്തരസംഘര്‍ഷം കലാപകലുഷിതമാക്കിയ മണ്ണില്‍, മനുഷ്യര്‍ എന്ന പ്രാഥമിക പരിഗണനപോലും കിട്ടാത്ത സുഡാനികള്‍ കടന്നുപോകുന്ന കൊടിയ ദുരിതങ്ങളില്‍ ഏറ്റവും ചെറുതായിരിക്കുമിത്. അസ്വാതന്ത്യവും പണപ്പെരുപ്പവും ദാരിദ്ര്യവും യുദ്ധവും എല്ലാം ഈ ആഫ്രിക്കന്‍ രാജ്യത്തെ നരകസമാനമാക്കി. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഉമര്‍ അല്‍ ബഷീറിന്‍റെ ഭരണകൂടം നടപ്പാക്കിയ മണ്ടന്‍ പരിഷ്ക്കരണങ്ങളുടെ ഭാഗമായിരുന്നു ഖുബൂസിന്‍റെ വില കൂട്ടിയ നടപടി. ഇതാണ് മൂന്നുപതിറ്റാണ്ടുനീണ്ട അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ സുഡാനിലെ പ്രതിഷേധഗ്രൂപ്പുകളെ പ്രേരിപ്പിച്ചത്. 'അറബ് വസന്തം' പോലെ സുഡാനിലെ ഖുബൂസ് വിപ്ലവം തുറന്നിട്ടത് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലാണ്. 

sudan-protest

ഒരുകാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും വലുതും വൈവിധ്യമാര്‍ന്നതുമായ നാടായിരുന്നു സുഡാന്‍. ഈജിപ്തും ചെങ്കടലും അതിരിടുന്ന രാജ്യം. സമ്പദ് വ്യവസ്ഥയുടെ നെടുംതൂണ്‍ എണ്ണപ്പാടങ്ങളായിരുന്നു. ജനസംഖ്യയുടെ എഴുപത് ശതമാനത്തിലേറെ അറബ് വംശജരാണ്. 1989 ലാണ് സുഡാന്‍ ഭരണാധികാരിയായി ഉമര്‍ അല്‍ ബഷീര്‍ സ്ഥാനമേറ്റത്. ഭൂരിപക്ഷം സുഡാനികളും കണ്ട ഏകനേതാവ്. മൂന്നുപതിറ്റാണ്ടുനീണ്ട പീഡനകാലമായിരുന്നു പിന്നീട്. അടിച്ചേല്‍പ്പിക്കപ്പെട്ട ഭയം എന്ന ഒറ്റവികാരം കൊണ്ട്  പ്രതിഷേധത്തിനുള്ള ഒരു സാധ്യതപോലും തുറന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കായി തയാറാക്കപ്പെട്ട പീഡനകേന്ദ്രങ്ങളായ 'പ്രേതഭവന'ങ്ങളില്‍  ഒരംഗമെങ്കിലും കയറാത്ത സുഡാനി കുടുംബങ്ങളുണ്ടാകില്ല. വീടുകളില്‍ നിന്ന് ഏതുനിമിഷവും യുദ്ധഭൂമിയിലേക്ക് വലിച്ചിഴയ്ക്കപ്പെടാം എന്ന ഭീതിയിലാണ് കൗമാരക്കാരായ ആണ്‍കുട്ടികളുടെ ജീവിതമെങ്കില്‍ ഒരാണ്‍കുട്ടിയുമായി ഒരുമിച്ചു സംസാരിച്ചാല്‍, ചിരിച്ചാല്‍ 'സദാചാരപൊലീസി'ന്‍റെ ക്രൂരവിചാരണ നേരിടേണ്ടിവരും സ്ത്രീകള്‍‍. 

സ്വതന്ത്രമാധ്യമപ്രവര്‍ത്തനം സ്വപ്നം മാത്രം. ടിവി ചാനലും പത്രവും ഭരണകൂടത്തിനുവേണ്ടി സംസാരിക്കാനുള്ളതാണ്. നാലിലൊന്നു സുഡാനികള്‍ക്ക് നിയന്ത്രിത ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വളരെ ചെലവേറിയതായതിനാല്‍ ഉപയോഗം പരിമിതം. രാജ്യാന്തര നിലവാരമുള്ള ഒരു ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍പോലും ഇവിടുത്ത വിദ്യാര്‍ഥികള്‍ക്ക് സാധിക്കില്ല. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ അകത്താകും. സിനിമയും സംഗീതവും നിഷിദ്ധം. രാത്രി പതിനൊന്നുമണിക്കുശേഷം സാമൂഹ്യജീവിതം പാടില്ല .സാധാരണക്കാര്‍ക്ക്  രാജ്യാന്തര ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകില്ല. മറ്റുരാജ്യങ്ങളില്‍ ജോലി തേടിപ്പോകുന്ന സുഡാനികള്‍ക്ക് സ്വന്തം നാട്ടിലേക്ക് പണമയക്കാനാകില്ല. തിരിച്ചും. എല്ലാ അര്‍ഥത്തിലും സ്വന്തം രാജ്യത്ത് തടവില്‍ക്കഴിയേണ്ട അവസ്ഥയിലായിരുന്നു സുഡാനിലെ ഹതഭാഗ്യരായ ഒരു തലമുറ.  

2003 ലാണ് ദാര്‍ഫര്‍ മേഖല സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം തുടങ്ങിയത്. സുഡാന്‍റെ എണ്ണപ്പാടങ്ങളിലേറെയും ആ മേഖലയിലായതുകൊണ്ട് ഉമന്‍ അല്‍ ബഷീര്‍ പ്രക്ഷോഭം അംഗീകരിച്ചില്ല. യുദ്ധം തുടങ്ങി. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായി. മൂന്നുലക്ഷത്തിലേറപ്പേര്‍ക്ക് ജീവന്‍ നഷ്ടമായി. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന കൊടുംക്രൂരതയ്ക്ക് ഉമര്‍ അല്‍ ബഷീറിനെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. ഒടുവില്‍ 2011 ല്‍ ദക്ഷിണ സുഡാന്‍ സ്വതന്ത്രമായി. ഇതോടെ എണ്ണപ്പാടങ്ങളിലേറിയ പങ്കും ദക്ഷിണസുഡാന്‍റെ ഭാഗമായി. വരണ്ട, മരുഭൂമി സമാനമായ വടക്കന്‍ ഭാഗം ഉള്‍പ്പെട്ട പുതിയ സുഡാന്‍റെ സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായി. ഭരണകൂടത്തിന്‍റെ പരിഷ്കരണ നടപടികളുണ്ടാക്കിയ ദുരിതവും ദക്ഷിണ സുഡാന്‍റെ പോരാട്ടവീര്യം പകര്‍ന്ന ആത്മധൈര്യവുമാണ് ഉമര്‍ അല്‍ ബഷീറിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. 

വിദ്യാസമ്പന്നരായ ചെറുഗ്രൂപ്പുകളാണ് പ്രക്ഷോഭത്തിന് ധൈര്യപൂര്‍വം മുന്നോട്ടുവന്നത്. ചെറിയ ജ്വാലയായി തുടങ്ങിയ പ്രതിഷേധം പലപല കൂട്ടായ്മകളിലൂടെ ആളിക്കത്തി. രഹസ്യ ഗ്രൂപ്പുകളെ ഉപയോഗിച്ച് അതിക്രൂരമായി സമരം അടിച്ചമര്‍ത്താനായിരുന്നു അമര്‍ അല്‍ ബഷീറിന്‍റെ ശ്രമം. പ്രക്ഷോഭകരെ ജയിലിലടച്ചു. ഇതോടെ ജനം മുഴുവന്‍ പ്രതിഷേധവുമായി നിരത്തിലി‌റങ്ങി. വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ സ്വാതന്ത്യമില്ലാതിരുന്ന സുഡാനിലെ സ്ത്രീകള്‍ നീതി ആവശ്യപ്പെട്ട് നിരത്തുകളില്‍ നിറഞ്ഞു. നിവൃത്തിയില്ലാതെ ഉമര്‍ അല്‍ ബഷീറിന് പിന്‍വാങ്ങേണ്ടിവന്നു. സൈന്യത്തിന്‍റെ കസ്റ്റഡിയില്‍ ജയിലിലാണിപ്പോള്‍ ബഷീര്‍. സൈന്യം രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത് പ്രക്ഷോഭകാരികളെ തണുപ്പിച്ചിട്ടില്ല. 

സിവിലിയന്‍ ഭരണം വരും വരെ സമരം തുടരാനാണ് തീരുമാനം. തലസ്ഥാനമായ ഖാര്‍ട്ടൂമില്‍ പ്രക്ഷോഭകര്‍ തുടരുകയാണ്. സമരക്കാരും സൈന്യവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിക്കാമെന്ന് ദക്ഷിണസുഡാന്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പതിനനഞ്ചുദിവസത്തിനകം സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആഫ്രിക്കന്‍ യൂണിയനും സൈന്യത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ദക്ഷിണസുഡാന്‍ പ്രസിഡന്‍റിന്‍റെ കാലില്‍ വീണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞ വാക്കുകളാണ് ലോകം മുഴുവന്‍ സുഡാനുവേണ്ടിയും ഹൃദയംകൊണ്ട് ആഗ്രഹിക്കുന്നത്.  "ജനങ്ങള്‍ക്ക് ഈ യുദ്ധം മതിയായി "

MORE IN WORLD
SHOW MORE