വ്യാജ ഐഫോൺ അയച്ച് ആപ്പിളിനെ പറ്റിച്ചു; മാറ്റിവാങ്ങി; ഞെട്ടിച്ച് വിദ്യാർഥികളുടെ തട്ടിപ്പ്

ആപ്പിളിനെ പറ്റിച്ച് 10 ലക്ഷം ഡോളർ തട്ടിയെടുത്തെന്ന് ആരോപണം.  അമേരിക്കയിലെ എൻജിനിയറിങ് വിദ്യാർഥികളായ യാങ്യാങ് സോവിനും ക്വാവാൻ ജിയാങ്ങിനുമെതിരെയാണ് ഗുരുതരമായ ആരോപണമുയർന്നിരിക്കുന്നത്. ചൈനയിൽ നിന്നുള്ളവരാണ് ഇരുവരും. വ്യാജ ഐഫോണുകൾ ചൈനയിൽ നിന്ന് വാങ്ങി അവക്ക് തകരാറുണ്ടെന്ന് പറഞ്ഞ് ആപ്പിളിൽ നിന്ന് ഒറിജിനൽ ഐഫോൺ മാറ്റി വാങ്ങിയെന്നാണ് പരാതി. ഇരുവർക്കുമെതിരെ ക്രിമിനൽ കേസെടുത്തു. 

മൂവായിരത്തിലേറെ വ്യാജ ഫോണുകളാണ് ഇരുവരും ചേർന്ന് ആപ്പിളിന് നൽകി പുതിയ ഫോണുകളാക്കി മാറ്റി വാങ്ങിയത്. വാറന്റി അനുസരിച്ച് തങ്ങൾക്ക് പുതിയ ഫോൺ മാറ്റി നൽകണമെന്നായിരുന്നു ആവശ്യം. ഇത്തരത്തിൽ മാറ്റിക്കിട്ടിയ ഫോണുകൾ അമേരിക്കക്ക് പുറത്തേക്ക് അയച്ച് പണം കൈക്കലാക്കുകയായിരുന്നു. 

വിദ്യാർഥി വിസയിൽ ചൈനയിൽ നിന്ന് അമേരിക്കയിലെത്തിയവരാണ് ഇരുവരും. ചൈനയിൽ നിന്ന് ലഭിച്ച ഫോണുകൾ വ്യാജമായിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്. തകരാറുള്ള ഫോണുകൾക്ക് ആപ്പിൾ നൽകിയിട്ടുള്ള റിട്ടേൺ പോളിസി ചൂഷണം ചെയ്താണ് വിദ്യാർഥികൾ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു. 

ഇത്രയധികം ഫോണുകൾ റിട്ടേൺ ചെയ്തിട്ടും ഒരിക്കൽപ്പോലും ഇവ വ്യാജമാണെന്ന് ആപ്പിൾ അധികൃതർ പറഞ്ഞില്ലെന്നും വിദ്യാർഥികൾ പറയുന്നു. 

ഫോണുകൾ എന്തുകൊണ്ട് സ്വിച്ച് ഓൺ ആകുന്നില്ല എന്നത് ആപ്പിളിന് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്നതാണ് അന്വേഷണസംഘത്തെ വലക്കുന്ന ചോദ്യം. ഫോൺ പെട്ടെന്ന് മാറ്റി നൽകി ഉപയോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള തിടുക്കം ആപ്പിളിന് വിനയായതായി അന്വേഷണസംഘം പറയുന്നു.  

മാറ്റി ലഭിക്കുന്ന പുത്തൻ ഐഫോണുകൾ പലപ്പോഴും ചൈനയിലേക്ക് തന്നെ അയച്ചുകൊടുത്ത് വിൽക്കും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.