'ഗർഭം' ആയുധം; 12 വർഷം പൊലീസിനെ പറ്റിച്ചു; ഭർത്താവിന്റെ കൊലയിൽ സൗന്ദര്യറാണി പിടിയിൽ

canada-murder-22-03
SHARE

പ്യൂട്ടോറിക്കൻ സുന്ദരിയുടെ സൗന്ദര്യത്തിൽ മയങ്ങി പങ്കാളിയാക്കിയ ആദം ആൻഹാങ്ങിന് നഷ്ടമായത് സ്വന്തം ജീവൻ. 12 വർഷം  നീണ്ട ദുരൂഹതകൾക്കൊടുവിൽ ആദം കൊലക്കേസ് തെളിഞ്ഞപ്പോൾ മറനീക്കിയത് ഒറിയ വാസ്കസ് റിജോസിന്റെ ക്രൂരമുഖം.  നിരപരാധിയായ ഒരാൾ ശിക്ഷയനുഭവിക്കുന്നതിനിടെയാണ് യഥാർഥ കുറ്റവാളിയെ കണ്ടെത്തിയത്. 

2005ല്‍ കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ആദം ആന്‍ഹാങ്ങ് (32) ഭാര്യ ഓറിയ കൂടെയുള്ളപ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്. കത്തിക്ക് കുത്തിയും കല്ല് കൊണ്ടു തലയ്ക്കടിച്ചുമാണ് കൊല നടത്തിയത്. സംഭവത്തില്‍ ഭാര്യ ഓറിയ വാസ്‌കസ് റിജോസിനും പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആദം ആന്‍ഹാങ്ങിന്റെ മരണം സംഭവിച്ചു. കൊലപാതകമെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ പണം നഷ്ടമാകാത്തത് കവർച്ചാശ്രമമല്ലെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നുമുള്ള സംശയം വർധിപ്പിച്ചു. 

ആദ്യഘട്ട അന്വേഷണത്തിനൊടുവിൽ ഒരു നിരപരാധിയാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. 22 കാരനായ ഹോട്ടല്‍ ജീവനക്കാരന്‍ ജൊനാഥന്‍ റോമന്‍ റിവേര. കേസിലെ ദൃക്സാക്ഷി നല്‍കിയ വിവരങ്ങളുമായുള്ള സാമ്യമാണ് റിവേരയെ വെട്ടിലാക്കിയത്. നിരപരാധിയെന്നു തെളിഞ്ഞതോടെ ഇയാളെ പിന്നീടു വിട്ടയച്ചു. കേസില്‍ പിടിയിലായ റോമന്‍ റിവേരയ്ക്ക് 105 വര്‍ഷത്തെ തടവാണ് ആദ്യം കോടതി വിധിച്ചത്.

ആദം കാനഡയിലെത്തിയ ബിസിനസ് ലക്ഷ്യമിട്ട്

മികച്ച ബിസിനസ്സുകാരനായാണ് ആന്‍ഹാങ് പ്യൂട്ടോറിക്കയില്‍ എത്തുന്നത്. അവിടെവച്ചാണ് ആന്‍ഹാങ് ഓറിയ വാസ്‌കസ് റിജോസിനെ പരിചയപ്പെടുന്നത്. മിസ് പ്യൂട്ടോറിക്ക ആയിരുന്ന ഓറിയയോടൊപ്പമായി പിന്നീടുള്ള താമസം. 2005ല്‍ താന്‍ ഗര്‍ഭിണിയാണെന്ന കള്ളക്കഥ ഓറിയ ആന്‍ഹാങ്ങിനെ അറിയിച്ചു. തുടര്‍ന്നു ഓറിയയുടെ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആന്‍ഹാങ് അവരെ വിവാഹം കഴിച്ചു. 

2005 മാര്‍ച്ചില്‍ നടന്ന വിവാഹത്തെക്കുറിച്ച് ആന്‍ഹാങ്ങിന്റെ വീട്ടുകാര്‍ക്കു പോലും അറിവില്ലായിരുന്നു. എന്നാല്‍ തന്നെ പറ്റിക്കുകയായിരുന്നെന്ന് ആന്‍ഹാങ്ങിനു പിന്നീടാണു മനസ്സിലായത്. തുടര്‍ന്നു ആന്‍ഹാങ് വിവാഹമോചനത്തിനായുള്ള നീക്കം നടത്തി. ഭാര്യ എതിര്‍ത്തതോടെ തന്റെ സുരക്ഷയ്ക്കായി ബോഡി ഗാര്‍ഡിനെ വരെ നിയോഗിച്ചു ഇയാള്‍. ഭാര്യയുടെ കുടുംബത്തിന്റെ അധോലോക ബന്ധങ്ങളും ആന്‍ഹാങ്ങിനു നല്ല ബോധ്യമുണ്ടായിരുന്നു.

തനിക്ക് എന്തെങ്കിലും സംഭവിക്കുമോയെന്ന് ഇയാള്‍ ഭയന്നിരുന്നതായി സുഹൃത്തുക്കള്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. ഒടുവില്‍ വിവാഹമോചനത്തിനു സമ്മതിച്ച ഓറിയ ഇതിനായി ആന്‍ഹാങ്ങിനെ ഓള്‍ഡ് സാന്‍ ജുവാനിലെ ഹോട്ടലിലെത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് ആന്‍ഹാങ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിനു ശേഷം ആന്‍ഹാങ്ങിന്റെ പിതാവ് പ്യൂട്ടോറിക്കയിലെത്തിയിരുന്നു. മകന്റെ വിവാഹബന്ധത്തിന്റെ വിവരം ലഭിച്ചതോടെ ഇയാള്‍ അന്വേഷണം തുടങ്ങി. ആന്‍ഹാങ്ങിന്റെ ബന്ധുക്കളുടെ നീക്കത്തിന്റെ ഭാഗമായി റോമന്‍ റിവേര ജയില്‍ മോചിതനായി. ഇത്തരമൊരു കൊലപാതകം ചെയ്യുന്നതിന് റിവേരയ്ക്ക് യാതൊരു കാരണവുമില്ലെന്നായിരുന്നു ബന്ധുക്കളുടെ വാദം.

കൊലപാതകത്തില്‍ സംശയങ്ങള്‍ ഉണ്ടായതോടെ ആന്‍ഹാങ്ങിന്റെ പിതാവ് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ സമീപിച്ചു. അന്വേഷണ സംഘം ഓറിയയിലേക്കെത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇറ്റലിയിലെ ഫ്‌ളോറന്‍സില്‍ അവരെ കണ്ടെത്തി. യൂറോപ്യന്‍ നഗരത്തില്‍ ടൂര്‍ ഗൈഡായിട്ടായിരുന്നു ഇവര്‍ ജീവിച്ചത്. മൂന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് മൂന്ന് പേരുകളിലാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് ആന്‍ഹാങ്ങിന്റെ ബന്ധുക്കള്‍ പറയുന്നു. ഇറ്റലിയില്‍ തന്നെ സ്ഥിരതാമസമാക്കുന്നതിനു വേണ്ടി ഓറിയ ഒരു ഇറ്റാലിയന്‍ സ്വദേശിയോടൊപ്പം ജീവിച്ചു. ഇതില്‍ ഇരട്ടക്കുട്ടികളും പിറന്നു. ഇറ്റാലിയന്‍ കുട്ടികളുടെ അമ്മ എന്ന നിലയ്ക്ക് ഇവരെ മറ്റൊരു രാജ്യത്തിനു കൈമാറാന്‍ സാധിക്കില്ലെന്ന സ്ഥിതി വന്നു.

സ്‌പെയിനില്‍നിന്നുള്ള ട്രാവല്‍ ഏജന്‍സിയില്‍ ജോലി വാഗ്ദാനം ചെയ്താണു കൊലയാളിയെ ഒടുവില്‍ ഉദ്യോഗസ്ഥര്‍ വലയിലാക്കിയത്. മഡ്രിഡിലേക്കു വിളിച്ചുവരുത്തി ഇന്റര്‍പോളാണ് ഓറിയയെ പിടികൂടിയത്. എന്നാല്‍ ഇവര്‍ വീണ്ടും യുഎസിലേക്കു തിരികെപോയി. സ്‌പെയിന്‍ ജയിലില്‍വച്ച് ഒരാളുമായി ബന്ധപ്പെട്ട് ഓറിയ വീണ്ടും ഗര്‍ഭം ധരിച്ചു. സ്പാനിഷ് പൗരത്വമുള്ള കുട്ടിയുടെ അമ്മ എന്ന രീതിയില്‍ ഇവര്‍ വീണ്ടും അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. തുടര്‍ന്നു രണ്ടു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഓറിയയെ എഫ്ബിഐയ്ക്കു തിരികെ ലഭിക്കുന്നത്. വധശിക്ഷയ്ക്കു നീക്കം നടത്തില്ലെന്ന ഉറപ്പിന്‍മേല്‍ ഓറിയയേയും ഒരു വയസ്സായ മകളെയും കൊണ്ട് എഫ്ബിഐ പ്യൂട്ടോറിക്കയിലേക്കു പോയി. പിന്നീട് ഇവര്‍ കസ്റ്റഡിയിലായി. മകളെ സര്‍ക്കാരിന്റെ സംരക്ഷണയിലാക്കി. 

ഓറിയ വാസ്‌കസ് റിജോസ്, സഹോദരി മാര്‍സ്യ, മുന്‍ കാമുകന്‍ സോസ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികള്‍. കൊലപാതകം നടത്തുന്നതിനായി ആന്‍ഹാങ്ങിനെ വിളിച്ചുവരുത്തി കുടുക്കുകയായിരുന്നെന്നു കോടതി കണ്ടെത്തി. വാടകക്കൊലയാളി ആന്‍ഹാങ്ങിനെ കുത്തുന്നതും ഇടിക്കുന്നതും സാക്ഷികള്‍ സ്ഥിരീകരിച്ചതോടെ കേസ് തെളിഞ്ഞു. 2018 ഒക്ടോബര്‍ മൂന്നിന് കോടതി മൂന്നു പേരെയും കുറ്റക്കാരായി കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പ്രതികള്‍ക്കു ജീവപര്യന്തം ജയില്‍ ശിക്ഷയും വിധിച്ചു.

MORE IN WORLD
SHOW MORE