'ഞാൻ നിരവിന്റെ ചുമലിൽ തട്ടി, അയാൾ ഞെട്ടി'; ലണ്ടനിലെ ആ വിഡിയോക്ക് പിന്നിൽ

nirav-modi-london-video
SHARE

കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്ന് മുങ്ങിയ നിരവ് മോദി ലണ്ടനിൽ ആഡംബരജീവിതം നയിക്കുന്നുവെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. നഗരമധ്യത്തിലൂടെ കൂസലില്ലാതെ നടക്കുന്ന നിരവ് മോദിയുടെ ദൃശ്യങ്ങൾ ടെലഗ്രാഫ് ആണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് മോദിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യ ബ്രിട്ടനെ സമീപിച്ചത്. 

നിരവ് മോദിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ രേഖകൾ ആവശ്യപ്പെട്ടിട്ട് കേന്ദ്രസർക്കാർ ഗൗനിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ ടെലഗ്രാഫിന്റെ വിഡിയോ വന്നതോടെ കേന്ദ്രസർക്കാർ പ്രതിസന്ധിയിലായി. എന്നാൽ നിരവ് മോദിയെ ലണ്ടനിൽ കണ്ടുവെന്ന വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ലെന്ന് ടെലഗ്രാഫിനുവേണ്ടി വിഡിയോ തയ്യാറാക്കിയ മിക്ക് ബ്രൗൺ പറയുന്നു. 

വിഡിയോ ഇത്ര ചർച്ചയാകുമെന്ന് കരുതിയില്ലെന്ന് മിക്ക് പറയുന്നു. ലണ്ടനിൽ താമസിക്കുന്നതിന്റെ നിയമസാധുതയടക്കം നിരവധി ചോദ്യങ്ങൾ ടെലഗ്രാഫ് മോദിയോട് ചോദിച്ചിരുന്നു. എല്ലാ ചോദ്യത്തിനും എനിക്കൊന്നും പറയാനില്ല എന്നാണ് മോദി മറുപടി നൽകിയത്.  ഇത് തങ്ങളുടെ വെബ്സൈറ്റിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. 

മോദി പഞ്ചാബ് നാഷണൽ ബാങ്കിനെ എങ്ങനെ പറ്റിച്ചു എന്നതല്ല ടെലഗ്രാഫിനെ അത്ഭുതപ്പെടുത്തിയത്. മറിച്ച് ലണ്ടനിലെ അത്യാഢംബര വൃത്തങ്ങളെ മോദി എങ്ങനെ കരവലയത്തിലാക്കി എന്നതാണെന്ന് ബ്രൗൺ പറയുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ബ്രൗൺ മോദിയെക്കുറിച്ച് ആദ്യ റിപ്പോർട്ട് ചെയ്യുന്നത്. ഹ്രസ്വകാലത്തിനുള്ളിൽ ലണ്ടനിലെ ആഢംബര കൂട്ടായ്മയുടെ ഭാഗമാകാൻ ഇയാൾക്ക് എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ചായിരുന്നു ആ റിപ്പോർട്ട്. 

നിരവ് മോദി ഇന്ത്യയിലെയും മറ്റും രാഷ്ട്രീയ നേതാക്കളുമായി പുലർത്തിയ ബന്ധത്തെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. നരേന്ദ്രമോദിയുമായി നിരവ് ഹസ്തദാനം നടത്തുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. എന്നാൽ നിരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് ശേഷം പ്രമുഖരെല്ലാം അയാളിൽ നിന്ന് അകലം പാലിച്ചെന്നും ബ്രൗണിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. 

ലണ്ടനിൽ നിരവിനെ കണ്ടപ്പോൾ

''ഞാൻ നിരവിന്റെ ചുമലിൽ തട്ടി. അയാൾ ഞെട്ടിത്തരിച്ച് പോയി. എന്നിട്ടയാൾ എന്നിൽ നിന്ന് മാറി നടക്കാൻ ആരംഭിച്ചു. അയാള്‍ക്ക് പോകാൻ സ്ഥലമുണ്ടായിരുന്നില്ല. അയാൾ ഓക്സ്ഫർഡ് സ്ട്രീറ്റിലേക്ക് നടന്നു. ഒരു ടാക്സി കിട്ടുമോ എന്ന് നോക്കി. ഉച്ചയായതിനാൽ ടാക്സികളൊന്നും ലഭിച്ചില്ല. 

''വിഡിയോ എടുക്കും മുൻപ് അയാളോട് പറഞ്ഞു, നിങ്ങളെ അപഹാസ്യനാക്കാൻ എനിക്ക് താത്പര്യമില്ല. നമുക്ക് നിങ്ങളുടെ ഓഫീസിലേക്ക് പോകാം. അവിടെ ഇരുന്ന് സംസാരിക്കാം. അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്ത് പോകാമെന്നും പറഞ്ഞു. പക്ഷേ അയാൾ മറുപടിയൊന്നും തന്നില്ല''-ബ്രൗൺ പറഞ്ഞു. 

MORE IN WORLD
SHOW MORE