ആറുമാസത്തിനിടെ തകർന്നുവീണത് 2 വിമാനങ്ങൾ; മരണം 346; ഭീതിപടർത്തി ബോയിങ്

flight-boeing-crash
SHARE

കഴിഞ്ഞ ആറുമാസത്തിനിടെ ടേക്ക് ഓഫിൽ തകർന്ന് വീണത് രണ്ടു വിമാനങ്ങൾ. ഇൗ അപകടങ്ങളിൽ മരിച്ചത് 346 പേർ.ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ യാത്രാവിമാനങ്ങൾ നിർമിക്കുന്ന ബോയിങ് കമ്പനിയുടെ വിമാനങ്ങളാണ് ഇൗ തകർന്നുവീണതും. ഇത്തരത്തിൽ ലോകത്ത് തന്നെ ആശങ്ക വിതയ്ക്കുകയാണ്  ബോയിങ് 737 മാക്സ് വിമാനം. കഴിഞ്ഞ ദിവസം ഇത്യോപ്യയിൽ തകർന്നു വീണതും ബോയിങ്ങിന്റെ ഏറ്റവും പുതിയ വിമാനമാണ്. അഡിസ് അബാബയിൽ നിന്ന് കെനിയയിലെ നെയ്റോബിയയിലേക്ക് പറന്ന ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തകർന്നു വീണത്. ഇത്രയും പുതിയ മോഡൽ വിമാനം തകർന്നുവീഴാൻ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല.

കഴിഞ്ഞ ഒക്ടോബറിൽ ഇന്തൊനീഷ്യയിലുണ്ടായ ടേക്ക് ഓഫ് അപകടത്തിൽ 189 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അന്നും ബോയിങ്ങിന്റെ ഒരേ മോഡൽ വിമാനം. സമാനതകൾ ഏറെയാണ്. ആ ദുരന്തം സംഭവിക്കുന്നതും  ടേക്ക് ഓഫ് ചെയ്ത മിനിറ്റുകൾക്കുള്ളിൽ. പലവിധത്തിലുള്ള ചർച്ചകളും അന്വേഷണങ്ങളും അപകടത്തെ തുടർന്ന് ഉണ്ടായി. നിരവധി പ്രശ്നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. ഈ വിമാനത്തിന് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു പഠനത്തിനു വിധേയമാക്കിയിരുന്നു.

യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായും ബോയിങ് നിർമാതാക്കളുമായും കൂടിയാലോചിച്ച് എയർ സ്പീഡ് ഇൻഡിക്കേറ്റർ സംബന്ധമായ കൂടുതൽ പരിശോധനകൾ ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് രണ്ടാം ദുരന്തം സംഭവിച്ചത്. ബോയിങ് 737 മാക്സ് ജെറ്റ് വിമാനങ്ങളുടെ രാജ്യാന്തര തലത്തിലുള്ള പരിശോധന ഇതുവരെ ആരും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ 737 മാക്സ് വിമാനത്തിലെ എയർ സ്പീഡ് ഇന്‍ഡിക്കേറ്ററിലെ തകരാറു സംബന്ധിച്ചു പ്രതികരിക്കാൻ ബോയിങ് അന്നു വിസമ്മതിച്ചിരുന്നു. ഏകദേശം മുന്നൂറോളം 737 മാക്സ് വിമാനങ്ങളാണ് ആഗോളതലത്തിൽ കമ്പനി ഇതുവരെ കൈമാറിയിട്ടുള്ളത്. 4,564 വിമാനങ്ങൾക്കു കൂടി ഓർഡർ ലഭിച്ചിട്ടുണ്ട്. 2017 മുതൽ സേവനം ആരംഭിച്ച 737 മാക്സ് രണ്ടാമാതയാണ് അപകടത്തിൽപ്പെടുന്നത്.

MORE IN WORLD
SHOW MORE