ഐസിസ് വിഡിയോകളിലെ ആ ഭീകരശബ്ദത്തിന്‍റെ ഉടമയെ കണ്ടെത്തി; പിടിയിൽ

isis-voice
SHARE

ഒഴുക്കുള്ള അമേരിക്കൻ ഇംഗ്ലീഷിൽ തീവ്രവാദത്തെയും തീവ്രവാദികളെയും പുകഴ്ത്തിയും തങ്ങളുടെ ക്രൂരതകൾ വർണിക്കുകയും ചെയ്യുന്ന ഐസിസ് വിഡിയോകളിലെ ശബ്ദത്തിനുടമയെ തേടിനടക്കുകയായിരുന്നു ലോകം. വെടിയേൽക്കുന്നതിനു മുൻപ് സ്വന്തം ശവക്കുഴിയൊരുക്കുന്ന സിറിയൻ പോരാളികളെ കാട്ടിത്തരുന്ന വിഡിയോയിലും, യുദ്ധത്തെ വാഴ്ത്തുന്ന ബ്രോ‍ഡ്കാസ്റ്റുകളിലും ഐസിസ് പക വെളിവാക്കുന്ന വിഡിയോകളിലും പുതിയ അംഗങ്ങളെ ആകർഷിക്കാനിറക്കുന്ന വിഡിയോകളിലുമെല്ലാം ഈ ശബ്ദം ലോകം കേട്ടു. പക്ഷേ ആ ശബ്ദത്തിനുടമ ആരാണെന്ന് കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല.  

ഇയാൾ അമേരിക്കൻ പിന്തുണയുള്ള ഒരു സിറിയന്‍ വിമത ഗ്രൂപ്പിന്‍റെ പിടിയിലായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

35 കാരനായ മുഹമ്മദ് ഖലീഫ ആണ് ആ ശബ്ദത്തിനുടമ. വളരെ ചെറുപ്പത്തിൽ തന്നെ സൗദിഅറേബ്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ ഇയാൾ ടോറോന്റോയിലെ ഒരു കോളേജിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2014 ൽ ഏറെ ഭിതി പടർത്തിയ 'ഫ്ലെയിംസ് ഓഫ് വാർ' എന്ന വീഡിയോ ചെയ്തതും ഖലീഫ ആയിരുന്നു.

ഐസിസിൽ ആകൃഷ്ടനായ ഖലീഫ ഇവരുടെ മാധ്യമവിഭാഗത്തിലാണ് പ്രവർത്തിച്ചിരുന്നത്. താൻ ചെയ്ത കാര്യങ്ങളോർത്ത് യാതൊരു പശ്ചാത്താപവും തോന്നുന്നില്ലെന്നാണ് ഇയാൾ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. അൻപതോളം രാജ്യങ്ങളിൽ നിന്ന് വന്ന ഐ എസ് പോരാളികളെ പാർപ്പിച്ചിരിക്കുന്ന സിറിയൻ തടവറയിലാണ് ഖലീഫ ഇപ്പോഴുള്ളത്.

ഖലീഫയുടെ വിഡിയോകള്‍ ആളുകളിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിദഗ്ധർ പഠിച്ചുവരികയാണ്. ദി ടൈംസ് നടത്തിയ പരിശോധനയിലും വീഡിയോകളിലുള്ളത് ഖലീഫയുടെ ശബ്ദം തന്നെയാണെന്നാണ് കണ്ടെത്തൽ.

MORE IN WORLD
SHOW MORE