ലാവലിനിൽ ‘ഷോക്കടിച്ച്’ ട്രൂഡോ; കാനഡയിലും രാഷ്ട്രീയ ഭൂകമ്പം

snc-lavalin-trudeau-1
SHARE

ലോകമെമ്പാടും സാന്നിധ്യമുള്ള നിർമാണ കമ്പനി എസ്എൻസി-ലാവലിനുമായി ബന്ധപ്പെട്ട് മാതൃരാജ്യത്തിലും രാഷ്ട്രീയഭൂകമ്പം. ലിബിയയിൽ നിർമാണകരാറുകൾ ലഭിക്കാൻ കോടികളൊഴുക്കിയെന്ന കേസിൽ കമ്പനിയെ നിയമനടപടകളിൽനിന്ന് ഒഴിവാക്കുന്നതിനായി അറ്റോർണി ജനറലിനുമേൽ സമ്മർദം ചെലുത്തിയെന്ന രാഷ്ട്രീയവിവാദം ചെന്നെത്തി നിൽക്കുന്നത് ഒരു മന്ത്രിയുടെ രാജിയിലും തുടർഅന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നാണ് സമ്മർദമുണ്ടായതെന്ന വാർത്ത പുറത്തുവന്നതോടെ പ്രതിരോധത്തിലായ ജസ്റ്റിൻ ട്രൂഡോയെപ്പോലും അമ്പരിപ്പിച്ചാണ് മുൻ അറ്റോർണി ജനറൽ കൂടിയായ വെറ്ററൻസ് അഫയേഴ്സ് മന്ത്രി ജോഡി വിൽസൻ റേബോൾഡിന്റെ രാജി. 

താനോ തന്റെ ഓഫിസോ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള മന്ത്രിയുടെ രാജി ട്രൂഡോയ്ക്ക് കനത്ത ആഘാതമായി. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നതരെയും സാക്ഷികളാക്കി ഇക്കാര്യത്തിൽ വിശദീകരണം തേടണമെന്ന പ്രതിപക്ഷത്തിന്റെ മറ്റും ആവശ്യം തള്ളിയ നീതിന്യായ സമിതി, അന്വേഷണമാകാമെന്നും ആരിൽനിന്നൊക്കെ തെളിവു ശേഖരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചതുമാണ് വിവാദവുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവവികാസം. അന്വേഷണമാകാം, പക്ഷേ ഏത്ര വ്യാപകമായി, ആരെയൊക്കെ ഉൾപ്പെടുത്താം എന്നതു സംബന്ധിച്ച് പ്രതിപക്ഷ ആവശ്യത്തിന് ഭരണകക്ഷി അംഗങ്ങൾ വഴങ്ങിയില്ല. രാജിവച്ച മന്ത്രി ജോഡി വിൽസൻ റെയ്ബോൾഡ്, ട്രൂഡോയുടെ മുതിർന്ന ഉപദേശകൻ ജെറാൾഡ് ബട്ട്സ് എന്നിവരെ സാക്ഷികളാക്കി വിസ്തരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായുള്ള ലാവലിൻ കമ്പനിയെ സ്വദേശത്തും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വഴിയൊരുക്കിയേക്കാമെന്നിരിക്കെ, നിയമ നടപടികളിൽനിന്ന് ഒഴിവാക്കാൻ പബ്ളിക് പ്രോസിക്യൂഷൻസ് ഡയറക്ടർ കാത്ലീൻ റോസലിനോട് ആവശ്യപ്പെടാൻ അറ്റോർണി ജനറലായിരുന്ന ജോഡിക്കുമേൽ സമ്മർദമുണ്ടായെന്ന ‘ഗ്ലോബ് ആൻഡ് മെയിൽ’ പത്രത്തിലെ വാർത്തയാണ് ഭരണകക്ഷിക്ക് ഇരുട്ടടിയായത്. ആരോപണം അച്ചടിച്ചുവന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. മന്ത്രി രാജിവച്ചത് ചൊവ്വാഴ്ചയും. വൻകിട കമ്പനികൾ ഇത്തരം കേസിൽപ്പെട്ടാൽ, പിഴ ഈടാക്കി നിയമനടപടികളിൽനിന്ന് ഒഴിവാക്കാൻ വഴിയൊരുക്കി കഴിഞ്ഞവർഷം നിയമഭേദഗതി കൊണ്ടുവന്നിരുന്നു. 

എന്നാൽ, നിയമഭദേഗതിക്കുശേഷവും എസ്എൻസി-ലാവലിൻ കമ്പനിക്ക് ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തിൽ കഴിഞ്ഞ ഒക്ടോബറിൽ പബ്ലിക് പ്രോസിക്യൂഷൻ എത്തിച്ചേർന്നിരുന്നതിനെത്തുടർന്നാണ് ഇടപെടണമെന്ന ആവശ്യവുമായി അന്ന് അറ്റോർണി ജനറൽ ആയിരുന്ന ജോഡി വിൽസൻ റെയ്ബോൾഡിനുമേൽ കടുത്ത സമ്മർദമുണ്ടായതത്രെ. എന്നാൽ, ജോഡി ഇതിനു വഴങ്ങിയില്ലെന്നും വാർത്തയിൽ പറയുന്നു. എന്നാൽ, പുതുവർഷത്തിൽ നടത്തിയ മന്ത്രിസഭാ പുനസംഘടനയിൽ ജോഡിയെ അറ്റോർണി ജനറൽ സ്ഥാനത്തുനിന്നു മാറ്റി മുൻ സൈനികരുടെ ക്ഷേമത്തിന്റെ ചുമതലയുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലേക്ക് മാറ്റിയിരുന്നു. ഇതു തരംതാഴ്ത്തൽ ആണെന്നായിരുന്നു ആക്ഷേപം. സമ്മർദത്തിനു വഴങ്ങാതിരുന്നതാണ് കാരണമെന്നുള്ള ആക്ഷേപത്തിനും ഇപ്പോഴത്തെ വിവാദങ്ങളും രാജിയും ആക്കംകൂട്ടുകയും ചെയ്യുന്നു. ജൂഡിക്ക് പകരമായി അറ്റോർണി ജനറലായതാകട്ടെ മോൺട്രിയോളിൽനിന്നുള്ള പാർലമെന്റംഗം ഡേവിഡ് ലമേറ്റിയും.

രാഷ്ട്രീയവിവാദത്തിന് കാരണമായ ഇപ്പോഴത്തെ കേസിന് തുടക്കംകുറിച്ചത്,  ലിബിയിൽ നിർമാണ കരാറുകൾ ലഭിക്കാൻ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിക്കും ഉദ്യോഗസ്ഥർക്കുമൊക്കെയായി 2001നും 2011നും മധ്യേ  48 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്ന ആരോപണത്തെത്തുടർന്ന് 2012ൽ എസ്എൻസി-ലാവലിൻ കമ്പനിയുടെ മോൺട്രിയോൾ ഓഫിസുകളിൽ ആർസിഎംപി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതോടെയാണ്. ഈ കേസിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പിന്നീട് നടപടികളും ആരംഭിച്ചു. ബംഗ്ലദേശിലും കംബോഡിയയിലും സമാനമായ ഇടപാടുകളിൽ ആരോപണമുയർന്നതിനെത്തുടർന്ന് 2013ൽ ലോകബാങ്ക് ഗ്രൂപ്പ് എസ്എൻസി-ലാവലിനെയും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പത്തുവർഷത്തേക്ക് കരിമ്പട്ടികയിലാക്കിയിരുന്നു. ഇപ്പോഴത്തെ സിഇഒ നീൽ ബ്രൂസ് നാലു വർഷം മുന്പാണ് ചുമതലയേറ്റത്. ഇദ്ദേഹമാകട്ടെ, ശുദ്ധികലശ നടപടികളിൽ വ്യാപൃതനായിരിക്കെയാണ് പുതിയ വിവാദം. 

ജോഡിയുടെ രാജി തന്നെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തെന്നു പ്രതികരിച്ച ട്രൂഡോ, ലാവലിനുമായി ബന്ധപ്പെട്ട കേസിൽ ഇടപെടാൻ തന്റെ ഓഫിസിൽനിന്ന ആരെങ്കിലും സമ്മർദം ചെലുത്തിയിരുന്നെങ്കിൽ അക്കാര്യം തന്നെ അറിയിക്കാൻ ജോഡി ഉൾപ്പെടെയുള്ളവർ ബാധ്യസ്ഥരാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ‘ഇന്ത്യൻ’ എന്നു പൊതുവെ അറിയപ്പെടുന്ന കാനഡയിലെ ആദിമസമൂഹത്തിൽനിന്ന് ഇത്രയും ഉന്നതമായ പദവയിലെത്തിയ ആദ്യ വനിതയാണ് ജോഡി. താൻ സംസാരിക്കണമെന്നാണ് കനേഡിയൻ ജനത ആഗ്രഹിക്കുന്നതെന്നും അതിനു അനുമതി നൽകണമെന്നും രാജിക്കത്തിൽ ജോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ട്രൂഡോയെ കനത്ത രാഷ്ട്രീയ സമ്മർദത്തിലാഴ്ത്തുന്നു, തൽക്കാലത്തേക്കെങ്കിലും. അറ്റോർണി ജനറൽ പദവിയിലിരുന്നതിനാൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ ജോഡിക്ക് ചില പരിമിതകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഇളവ് അനുവദിക്കാനാകുമെന്നാണ് മുൻകാല തീരുമാനങ്ങളെ ഉദ്ധരിച്ച് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ, വിവാദവുമായി ബന്ധപ്പെട്ട് എന്തൊക്കെ പൊതുജനങ്ങളോട് വെളിപ്പെടുത്താം എന്നതു സംബന്ധിച്ച ഉപേദശങ്ങൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി തോമസ് ക്രോംവെലിനെയാണ് ജോഡി സമീപിച്ചിരിക്കുന്നത്. 

വിവാദത്തെത്തുടർന്ന് പാർട്ടിക്കുള്ളിൽനിന്നും പുറത്തുംനിന്നും ജസ്റ്റിൻ ട്രൂഡോ കടുത്ത എതിർപ്പാണ് നേരിടുന്നതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കെയാണ് മുന്നേകാൽ വർഷം പിന്നിടുന്ന ഭരണത്തിൽ ട്രൂഡോ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അടുത്തിടെ നടന്ന സർവേയിലും ട്രൂഡോയ്ക്ക് മേൽക്കൈ ലഭിച്ചിരുന്നെങ്കിലും പുതിയ വിവാദം പ്രതിപക്ഷത്തിനും പുത്തനുണർവാണ് സമ്മാനിച്ചിരിക്കുന്നത്. ജോഡിയുടെ രാജിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഭരണകക്ഷിയായ ലിബറൽ പാർട്ടിയിലുണ്ട്. പാർട്ടിയോട് കൂറുകാണിക്കാതെ സ്വന്തം പ്രതിച്ഛായ മാത്രമാണ് ജോഡി നോക്കിയതെന്നാണ് ഒരുകൂട്ടരുടെ ആക്ഷേപം. സമ്മർദം സംബന്ധിച്ച് സൂചിപ്പിച്ചില്ലെന്നു മാത്രമല്ല, ആഴ്ചകൾക്കു മുന്പ് നടന്ന മന്ത്രിസഭാ പുനസംഘടനയിൽ വെറ്ററൻസ് അഫയേഴ്സ് വകുപ്പിന്റെ ചുമതല ഏറ്റെടുക്കാനും ജോഡി തയാറായതും ട്രൂഡോ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ധൈര്യശാലിയെന്നാണ് മറുപക്ഷം ജോഡിയെ വിശേഷിപ്പിക്കുന്നത്. 

കൈക്കൂലി, തട്ടിപ്പ്, അഴിമതി കേസുകളിൽപ്പെടുന്ന കമ്പനികൾക്ക് പിഴ ഒടുക്കി നിയമനടപകളിൽനിന്ന് ഒഴിവാകാനാവുന്ന തരത്തിൽ ട്രൂഡോ സർക്കാർ കഴിഞ്ഞവർഷം നിയമഭേദഗതി വരുത്തിയതുപോലും എസ്എൻസി-ലാവലിൻ കമ്പനി നടത്തിയ നീക്കങ്ങളുടെ ഫലമായാണെന്നും പറയപ്പെടുന്നു. കമ്പനികളിലെ ചിലർ ചെയ്യുന്ന കൊള്ളരുതായ്മകളുടെ പേരിൽ, നിരപരാധികളായ മറ്റുള്ളവർ ക്രൂശിക്കപ്പെടുന്നത് ഒഴിവാക്കുകയെന്ന ആവശ്യത്തിന്മേലാണ് ഇതുസംബന്ധിച്ച ഭേദഗതിക്കു കളമൊരുങ്ങിയത്. എസ്എൻസി-ലാവലിനിൽ ഒൻപതിനായിരത്തോളം ജീവനക്കാരാണുള്ളത്. കമ്പനിക്കെതിരെ നടപടി വന്നാൽ, ആയിരക്കണക്കിനാളുകളുടെ തൊഴിലിനെയും ജീവിതത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എൻസി-ലാവലിനും രാഷ്ട്രീയസമ്മർദത്തിന് കളമൊരുക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിൽ കൂടുതൽ പേരും ജോലി ചെയ്യുന്നത് കെബെക്ക് പ്രവിശ്യയിലാണ്.

പ്രധാനമന്ത്രിക്കും കാബിനറ്റ് അംഗങ്ങൾക്കും അറ്റോർണി ജനറലിന്റെ ഉപദേശം തേടാമെങ്കിലും ആ പദവി രാഷ്ട്രീയത്തിനും ഭരണകക്ഷിക്കും അതീതമാണെന്നാണ് ഭരണഘടനാവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. താനോ തന്റെ ഓഫിസിൽ ആരെങ്കിലുമോ കേസിൽ ഇടപെടണമെന്ന് ജോഡിയോട് നിർദേശിച്ചിട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആവർത്തിച്ചുള്ള നിലപാട്. ആരും നിർദേശിക്കുകയോ ഉത്തരവിടുകയോ ചെയ്തതായി വാർത്തയിൽ എവിടെയും പറഞ്ഞിട്ടില്ലെന്ന് ഗ്ലോബ് ആൻഡ് മെയിലും വ്യക്തമാക്കി. അപ്പോൾപ്പിന്നെ സമ്മർദം എന്നത് എന്തുദ്ദേശിച്ചാണെന്നതിനെയും ആരെയാണ് ഉന്നംവയ്ക്കുന്നതെന്നതിനെയും ആശ്രയിച്ചിരിക്കും വിവാദത്തിന്റെ ഗതി. ജോഡി വായ തുറന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയഭൂകന്പം സൂനാമിക്കു വഴി മാറുമോയെന്നാണ് ഇനി അറിയേണ്ടത്.

MORE IN WORLD
SHOW MORE