ഭൂട്ടാനും നേപ്പാളും ഇന്ത്യയിലല്ലേ? ട്രംപിന്‍റെ മണ്ടത്തരം വൈറൽ; ധാര്‍ഷ്ഠ്യമെന്നും വെളിപ്പെടുത്തൽ

trump-new-pic
SHARE

ഭൂട്ടാനും നേപ്പാളും ഇന്ത്യയിലല്ലേ? ചോദിക്കുന്നത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾ‍ഡ് ട്രംപ് ആണ്.  അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപിന്‍റെ പരാമർശം. ടൈം മാഗസിനാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ ഉദ്യോഗസ്ഥർ മാസികക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ട്രംപിന്‍റെ ധാർഷ്ഠ്യത്തെക്കുറിച്ചും തിരുത്താൻ കൂട്ടാക്കാത്ത മനസിനെക്കുറിച്ചുമാണ് അഭിമുഖത്തിലെ വെളിപ്പെടുത്തലുകൾ. ഉദ്യോഗസ്ഥരുടെ പേരു വെളിപ്പെടുത്താതെയാണ് റിപ്പോ‍ർട്ട്. 

നേപ്പാൾ ഒരു സ്വതന്ത്ര രാജ്യമാണെന്ന് ഉദ്യോഗസ്ഥർ തിരുത്തിയപ്പോൾ ഇതേ സംശയം ഭൂട്ടാന്‍റെ കാര്യത്തിലും ആവർത്തിക്കുകയായിരുന്നു. ഇതുപോലുള്ള വസ്തുതകളുമായി ബന്ധപ്പെട്ട് ട്രംപും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടാകാറുണ്ടെന്നും റിപ്പോർട്ടുണ്ട്. 

ട്രംപിന് പല കാലങ്ങളായി തെറ്റ് തിരുത്തിക്കൊടുത്ത ഉദ്യോഗസ്ഥരൊക്കെയും അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടു വര്‍ഷം ഞങ്ങൾ മിണ്ടാതെ സഹിച്ചു. പക്ഷെ ഇപ്പോഴിത് പറയാതിരിക്കാനാവില്ലെന്ന് ഇവർ പറയുന്നു.

പ്രസിഡന്റ് പറയുന്നത് അബദ്ധമാണെന്ന് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെളിയിച്ചാലും ഉദ്യോഗസ്ഥരോട് തന്റെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ട്രംപ് തർക്കിച്ചു കൊണ്ടേയിരിക്കും. പ്രസിഡണ്ട് പറയുന്നത് അതേപടി സമ്മതിച്ചു കൊടുത്തേക്കൂ, എന്തിനു തർക്കിക്കണമെന്ന് ചില ഉന്നത ഉദ്യോഗസ്ഥർ തങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്നു ഭൂരിഭാഗം പേരും തുറന്നു പറയുന്നു. 

ഇത്തരം അബദ്ധങ്ങളെക്കുറിച്ചു മാത്രമല്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുമുണ്ട് വെളിപ്പെടുത്തൽ. ഉത്തരകൊറിയയുടെ അപകടങ്ങളെക്കുറിച്ച് തങ്ങൾ പല തവണ മുന്നറിയിപ്പ് കൊടുത്തെങ്കിലും ട്രംപ് അതിനെയൊക്കെ പുച്ഛിച്ച് തള്ളുകയായിരുന്നു. ഇങ്ങനെ ആരെയും വകവെയ്ക്കാതിരുന്നാൽ രാജ്യത്തിന്‍റെ അവസ്ഥ എന്താകുമെന്നും ഉദ്യോഗസ്ഥർ ചോദിക്കുന്നു. 

ട്രംപിനെ ഉപദേശിക്കുകയും തെറ്റു തിരുത്തിക്കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരോട് ശത്രുതാ മനോഭാവത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു. ആത്മാർത്ഥത കാണിക്കുന്നവരെ കഴിവു കെട്ടവരായാണ് ട്രംപ് വിലയിരുത്തുന്നതെന്നും മടുത്ത് ഉപദേശിക്കുന്നത് നിര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ അഭിമുഖത്തിൽ പറയുന്നു.

MORE IN WORLD
SHOW MORE