എനിക്കു പേടിയാകുന്നു; ഡാഡ്, എന്റെ പേടി അറിയാമല്ലോ; കണ്ണീരായി സാലെയുടെ മെസേജ്

footballer-emiliano-sala
SHARE

ഭാവിയിലെ സൂപ്പർതാരമെന്നായിരുന്നു എമിലിയാനോ സാലെയുടെ വിശേഷണം. ചടലുമായ ചലനങ്ങളോടെ കാൽപന്തുകളിയിൽ തന്റേതായ ഇടം രചിച്ച എമിലിയാനോ സഞ്ചരിച്ച ചെറുവിമാനം കാണാതായെന്ന വാർത്ത ലോകത്തെ കരയിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. 

എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുൻപ് മുൻ ക്ലബ് നാന്റെസിലെ സഹതാരങ്ങൾക്കും കുടുബാംഗങ്ങൾക്കും അവസാനമായി അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നതും കണ്ണീർ കാഴ്ചയായി. ദുരന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാൻ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ സാലെ പറയുന്നു. 

അർജന്റീനൻ മാധ്യമമായ ഓലെയാണ് സാലെയുടെ വാട്സ്ആപ്പ് ഓഡിയോ പുറത്തു വിട്ടത്. യാത്ര ചെയ്യുന്ന ചെറുവിമാനത്തെ കുറിച്ച് സാലെയ്ക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ സന്ദേശം. മൂന്ന് വാട്സ്ആപ്പ് ഓഡിയോകളാണ് സാലെയുടെതായി പുറത്തു വന്നത്.   

നിങ്ങൾക്കെല്ലാവർക്കും സുഖമെന്നു കരുതുന്നു. ഞാൻ വല്ലാതെ ക്ഷീണിതനായിരിക്കുന്നു.– ആദ്യത്തെ ഓഡിയോ സന്ദേശത്തിൽ സാലെ പറഞ്ഞു. 

ഞാനിപ്പോൾ വിമാനത്തിൽ കാർഡിഫിലേക്ക് പോകുകയാണ്. ഈ വിമാനം ഇപ്പോൾ കഷണങ്ങളായി തകർന്നു വീഴുമെന്നാണ് എനിക്കു തോന്നുന്നത്. ബോയ്സ് നാളെ ഉച്ചക്കു ശേഷം പുതിയ ടീമിന്റെ പരിശീലനം ആരംഭിക്കും– രണ്ടാമത്തെ സന്ദേശത്തിൽ സാലെ പറയുന്നു.

കുറച്ചു സമയത്തിനു ശേഷമായിരുന്നു മൂന്നാമത്തെയും അവസാനത്തെയും സന്ദേശം. എനിക്കു എന്താണ് ചെയ്യണ്ടതെന്ന് അറിഞ്ഞു കൂടാ.. ഇനി എന്നെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോയെന്നും എനിക്ക് അറിഞ്ഞു കൂടാ.. എന്നെ രക്ഷപ്പെടുത്താൻ ആരെയെങ്കിലും വരുമോ... വന്നാൽ തന്നെ എന്നെ അവർക്ക് കണ്ടെത്താൻ കഴിയണമെന്നില്ല. ഡാഡ് നിങ്ങൾക്ക് എന്റെ പേടിയെ കുറിച്ച് നന്നായി അറിയാമല്ലോ... എനിക്കു വല്ലാതെ പേടിയാകുന്നു. 

ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായതെന്നും ഇതില്‍ രണ്ട് യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളൂവെന്നും ആരാണ് രണ്ടാമത്തെ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി.പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാൻസ്  തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ വിമാനത്തിനുളള തിരച്ചിൽ തുടരുകയാണ്.. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.