‘നീ ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും..?’; ലോകം നടുങ്ങിയ സുനാമി വിഡിയോയിലെ ദുരന്തനായകന്‍

tsunami-music
SHARE

സംഗീതത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളെ അപ്പാടെ വിഴുങ്ങിയാണ് സുനാമിത്തിര ആ വേദിയിലേക്ക് ഇരച്ചുകയറിയത്. നിമിഷനേരം കൊണ്ട് എല്ലാം തകർത്തെറിഞ്ഞു സുനാമിയുടെ തീവ്രതാണ്ഡവം. ഇന്തൊനീഷ്യയിൽ രണ്ടുദിവസം മുൻപ് ആഞ്ഞടിച്ച സുനാമിത്തിരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. ഒരു സംഗീതവേദിയിലേക്ക് തിര ഇരച്ചുകയറുന്ന വിഡിയോ ലോകത്തെ നടുക്കിയിരുന്നു. ഇന്തൊനീഷ്യയിലെ പ്രശസ്ത പോപ് സംഘമായ സെവന്റീൻ ജാവ ദ്വീപിലെ ടാൻജങ് ലെസങ് ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടിക്കിടയിലാണ് സുനാമിത്തിര ഇരച്ചെത്തിയത്.  

ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് ബാൻഡിലെ ഗായകനായ റിഫിയാൻ ഫജർസിയാഗ് മാത്രമാണ്. ടീമിലെ അംഗങ്ങളെയും പരിപാടി കാണാനെത്തിയ ഭാര്യയെയും അദ്ദേഹത്തിന് ദുരന്തത്തിൽ നഷ്ടമായി. റിഫിയാന്റെ പാട്ടുകേൾക്കാനും അദ്ദേഹത്തെ പ്രോൽസാഹിപ്പിക്കാനും എത്തിയതായിരുന്നു ഭാര്യ ഡെയ്‌ലൻ സഹാറ. പാട്ടുപാടിക്കൊണ്ടിരിക്കുമ്പോൾ സ്റ്റേജ് തകർത്തെറിഞ്ഞ് മുന്നോട്ടെത്തിയ സുനാമിയിൽ സഹാറയും ഒലിച്ചുപോയി. ദുരന്തമുഖത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളുടെ കൂട്ടത്തിൽ തന്റെ പ്രിയ ഭാര്യയുടെ മൃതദേഹവും ഫജർസിയാഗ് തിരിച്ചറിഞ്ഞു. 

‘നീ ഇല്ലാതെ ഞാനെങ്ങനെ ജീവിക്കും..’ നിറഞ്ഞ കണ്ണുകളോടെ ഫജർസിയാഗ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശനിയാഴ്ച രാത്രി 9.30 ഒാടെയായിരുന്നു ഇന്തൊനീഷ്യയെ നടുക്കിയ ദുരന്തം. അനക് ക്രാക്കതാവു അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമായത്. ക്രാക്കത്തോവ അഗ്നിപർവതത്തിനു സമീപത്തായി വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകൾക്കു ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചത്. ബാന്തെൻ പ്രവിശ്യയിലെ പാൻഡെങ്‍ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതൽ ബാധിച്ചത്.

MORE IN WORLD
SHOW MORE