'ഉപരോധമോ', 'പകയോ'? ഹ്വാവേ മേധാവിയുടെ മകള്‍ അറസ്റ്റിൽ; പ്രതിഷേധം

huawei-cfo-meng-wanhou
SHARE

മുൻനിര ടെക്നോളജി സ്ഥാപനമായ ഹ്വാവേയുടെ ഉപ മേധാവിയും ചീഫ് ഫിനാഷ്യൽ ഓഫിസറുമായ മെങ് വാൻ ഷോ കാനഡയിൽ അറസ്റ്റിലായി. ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചതാണ് മെങ് വാൻ ഷോയുടെ അറസ്റ്റിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. അറസ്റ്റിനുളള കാരണമെന്താണെന്ന് അമേരിക്ക വ്യക്തമാക്കിയതുമില്ല. 

അമേരിക്കയ്ക്ക് കൈമാറുന്നതിന് വേണ്ടിയാണ് അറസ്റ്റെന്നായിരുന്നു കാനഡ അധികൃതരിൽ നിന്നുളള വിശദീകരണം. ഹ്വാവേയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റെൻ ഷെങ്‌ഫെയുടെ മകളായ  മെങ് വാൻ ഷോയുടെ അറസ്റ്റ് രാജ്യാന്തര തലത്തിൽ തന്നെ വൻ പ്രതിഷേധങ്ങൾക്കും വഴിവച്ചു. മെങ്ങിനു മേൽ ചുമത്തിയ കുറ്റം എന്തെന്നും അവരുടെ ഭാഗത്തു നിന്ന് തെറ്റ് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും ഹ്വാവേ പ്രതികരിച്ചു. 

കൂടുതൽ വിവരങ്ങൾ പരസ്യമാക്കരുതെന്ന മെങിന്റെ അപേക്ഷയനുസരിച്ചാണ് കൂടുതൽ കാര്യങ്ങൾ പരസ്യമാക്കത്തതെന്നും ജാമ്യാപേക്ഷയിൽ വെളളിയാഴ്ച വാദം കേൾക്കുമെന്നും കാനഡ പറഞ്ഞു. ഇറാനുമേലുളള ഉപരോധവുമായി ബന്ധപ്പെട്ട ലംഘനത്തിന്റെ പേരിൽ ഹ്വാവേയുടെ പേരിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

ഡിസംബർ ഒന്നാം തീയതി വാൻ കോവറിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല.ഹ്വാവേ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഹ്വാവേയുടെ സാങ്കേതിക വിദ്യ ചൈനീസ് സർക്കാരിനെ ചാരപ്രവർത്തനം നടത്താൻ സഹായിക്കുന്നുവെന്ന ആരോപണവും അമേരിക്ക ഉന്നയിച്ചിരുന്നു.അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന ശക്തമായ വ്യാപ്യാര യുദ്ധത്തിന്റെ ബാക്കിപത്രമാണ് ഈ അറസ്റ്റെന്ന് കരുതുന്നവരുണ്ട്. ചരക്കു നീക്കത്തിൽ കനത്ത നികുതിയാണ് പരസ്പരം അമേരിക്കയും ചൈനയും ചുമത്തി വരുന്നതും.

MORE IN WORLD
SHOW MORE