ഭൂമിയെ തകർക്കാനുള്ള ശേഷി; ആ ഛിന്നഗ്രഹത്തിനടുത്ത് ‘നാം’ എത്തിയിരിക്കുന്നു; ആശങ്ക

nasa-osiris
SHARE

ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയ ചിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം നിർണായക ഘട്ടത്തിലേക്ക്. ജീവനു പിന്തുണയേകുന്ന ഘടകങ്ങൾ ഉൾപ്പെടെയുണ്ടെന്നു കരുതുന്ന ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിനു സമീപം നാസയുടെ ഒസിരിസ്–റെക്സ് ഉപഗ്രഹം എത്തിച്ചേർന്നു. ഭൂമിയുമായി വന്നിടിക്കാൻ ഏറ്റവും സാധ്യത കൽപിച്ചിരിക്കുന്ന ഛിന്നഗ്രഹങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ബെന്നുവിന്റെ സ്ഥാനം. ഇതിനെ ബഹിരാകാശത്തു വച്ചു തന്നെ ‘സ്ഫോടനത്തിലൂടെ’ തകർക്കുന്നതിനെപ്പറ്റിയുള്ള ആലോചനകളും നാസയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. എന്നാൽ ഇത്  ഭൂമിക്കു ഭീഷണിയാകുമോ എന്ന് പഠിക്കാനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നത്. 

‘നാം എത്തിയിരിക്കുന്നു’ എന്ന വാക്കുകളോടെയാണ് ഈ ചരിത്രനിമിഷത്തെ നാസയിലെ ഒസിരിസ് ഗവേഷകസംഘം സ്വീകരിച്ചത്. സൂര്യനിൽ നിന്നുള്ള താപം സ്വീകരിച്ചു യാത്ര തുടരാനുള്ള ബെന്നുവിന്റെ ശേഷിയാണു ഗവേഷകരെ പ്രതിരോധത്തിലാക്കുന്നത്. കരുതിയതിനേക്കാളും വേഗത്തിൽ ഭൂമിയുടെ സമീപത്തേക്ക് ഇത് എത്തുമോ എന്നറിയുന്നതിനു ബെന്നുവിന്റെ ഘടനയും മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടങ്ങളിലൊന്നായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിനേക്കാൾ പൊക്കമുള്ള ഈ ഛിന്നഗ്രഹത്തിൽ നിന്ന് സാംപിള്‍ ശേഖരിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഒസിരിസിനുള്ളത്.

‘ബെന്നു’വിന്റെ ആദ്യഘട്ട സർവേ മേഖലയിലാണ് ഒസിരിസ് ഇപ്പോൾ എത്തിയിരിക്കുന്നത്. വൈകാതെ ഈ ഛിന്നഗ്രഹത്തിന്റെ 12 മൈൽ ദൂരത്തിലേക്ക് ഒസിരിസ് എത്തും. ഡിസംബർ ആകുന്നതോടെ ബെന്നുവിൽ നിന്നു 1.2 മൈൽ ദൂരെ മാത്രമായിരിക്കും ഒസിരിസ്. ഛിന്നഗ്രഹത്തിന്റെ ‘ഗുരുത്വാകർഷണ വലിവിലേക്ക്’ ഇത് ആകർഷിക്കപ്പെടുകയും ചെയ്യും. അതോടെയാണ് ബെന്നുവിനു ചുറ്റും ഒസിരിസ് ഭ്രമണം  ശക്തമാക്കുക.

MORE IN WORLD
SHOW MORE