പതിനഞ്ചുകാരിയെ കൊന്നു സിമന്റിലാഴ്ത്തിയോ?; അസ്ഥികൂടം ‘ഒളിപ്പിച്ച’ നിഗൂഢസത്യത്തിലേക്ക്

Emanuela-Orlandi
SHARE

മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ഒരു നിഗൂഢത. അതിനു പിന്നിലെ യാഥാർഥ്യം തേടിയുള്ള യാത്ര ഇറ്റാലിയൻ പൊലീസ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നേരത്തേ പല തവണ മടക്കി വച്ച ഫയലാണ് ഇപ്പോൾ വീണ്ടും പൊടിതട്ടി അന്വേഷണത്തിനായി തുറന്നിരിക്കുന്നത്. അതിനു കാരണമായതാകട്ടെ, ഇറ്റലിയിലെ വത്തിക്കാൻ എംബസിയിലെ കെട്ടിടങ്ങളിലൊന്നിൽനിന്നു ലഭിച്ച മനുഷ്യ അസ്ഥികൂടവും. ഒക്ടോബർ 29-നാണു നാലു നിർമാണ തൊഴിലാളികൾ എംബസി സമുച്ചയത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ തറയ്ക്കടിയിൽനിന്നും അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി തറ പൊളിക്കുകയായിരുന്നു അവർ. ഉടൻ തന്നെ വത്തിക്കാന്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു

അസ്ഥികൾ കണ്ടെത്തിയതിനു തൊട്ടുപിന്നാലെ ഉയര്‍ന്നു വന്നത് രണ്ടു പേരുകളായിരുന്നു– എമന്വേല ഒർലാൻഡി, മിറെല ഗ്രിഗോറി. 1983 ൽ ഒന്നരമാസത്തെ ഇടവേളയിൽ കാണാതായ രണ്ടു പതിനഞ്ചുകാരികളായിരുന്നു ഇവർ. ഇന്നും ആർക്കും അറിയില്ല ഈ രണ്ടു പേരും എവിടെയാണെന്ന്. പക്ഷേ എംബസി കെട്ടിടത്തിനടിയിൽനിന്നു ലഭിച്ചത് ഇവരിൽ ഒരാളുടെ മൃതദേഹമാണെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങൾ വിശ്വസിക്കുന്നത്. അതിനg ബലം പകരുന്ന തെളിവുകളുമുണ്ട്. ഇറ്റാലിയൻ മാഫിയ വരെ ഉൾപ്പെട്ടിട്ടുള്ള യഥാർഥ സംഭവങ്ങളാണ് ഇരുവരുടെയും തിരോധാനവുമായി ബന്ധപ്പെട്ടുള്ളത്. അതിനിടെ, ഭാര്യയോടുള്ള ഒരു ഭർത്താവിന്റെ ക്രൂരതയാണ് ആ അസ്ഥികൂടത്തിനു പിന്നിലെന്നു മറ്റൊരു അഭ്യൂഹമുണ്ട്. 

എവിടെയാണ് എമന്വേല?

എംബസി കെട്ടിടത്തിൽനിന്നു ലഭിച്ച അസ്ഥികൂടത്തിന്റെ പ്രാഥമിക പരിശോധനയിൽ ഒരു കാര്യം വ്യക്തമായി- അതൊരു പെൺകുട്ടിയുടെ അസ്ഥിയാണ്. ഇടുപ്പെല്ലിന്റെ പരിശോധനയിലാണ് അതു തെളിഞ്ഞത്. കൗമാരപ്രായത്തിലുള്ള പെൺകുട്ടിയുടെ മൃതദേഹമാണ് അതെന്നു പല്ലിന്റെ പരിശോധനയിലും വ്യക്തമായി. പല്ലിൽനിന്ന് ഡിഎൻഎ സാംപിളും ശേഖരിച്ചിട്ടുണ്ട്. ഇതു പെൺകുട്ടികളുടെ കുടുംബത്തിന്റെ ഡിഎൻഎയുമായി ഒത്തുനോക്കും. ഇതിന് പത്തു ദിവസത്തോളം സമയമെടുക്കും. അതിനിടെ, തിരോധാനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പൊലീസ് തിരയുന്നുണ്ട്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും കാവൽക്കാരുടെ വിവരങ്ങളും ഉൾപ്പെടെ പൊലീസിനു വത്തിക്കാൻ കൈമാറിയിട്ടുണ്ട്. കേസിനോടു പൂർണമായും സഹകരിക്കുന്നുമുണ്ട്.

1949 ൽ ഒരു ജൂത കച്ചവടക്കാരനാണു കെട്ടിടം വത്തിക്കാനു കൈമാറിയത്. കാണാതായ എമന്വേല ഒർലാൻഡിയുടെ പിതാവ് വത്തിക്കാൻ പൊലീസിലെ അംഗമായിരുന്നു. അതിനാൽത്തന്നെ എമന്വേലയുമായി ബന്ധപ്പെട്ട കഥകൾക്കാണ് ഏറെ പ്രചാരം ലഭിച്ചത്. 1983 ജൂൺ 22 നാണ് ഈ പെൺകുട്ടിയെ കാണാതാകുന്നത്. റോമിൽ സംഗീതപഠനത്തിനു പോയി മടങ്ങി വരികയായിരുന്നു‌. അവസാനമായി ഒരു ബസ് സ്റ്റോപ്പിൽ വച്ച് എമന്വേലയെ കണ്ടവരുണ്ട്. അതിനു ശേഷം ഈ പെൺകുട്ടി എവിടെയെന്നത് ഇന്നും ദുരൂഹം

MORE IN WORLD
SHOW MORE