മഞ്ഞുരുകുന്നു; അമേരിക്കയും കാനഡയും തമ്മില്‍ വ്യാപാര കരാര്‍

TRADE-NAFTA/
SHARE

അമേരിക്കയും കാനഡയും തമ്മില്‍ പുതിയ സ്വതന്ത്രവ്യാപാര കരാറില്‍ ഏര്‍പ്പെട്ടു. ഇതോടെ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധികള്‍ മാറുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മില്‍ വഷളായിക്കൊണ്ടിരുന്ന ബന്ധം ശക്തിപ്പെടാനും കരാര്‍ വഴിവയ്ക്കും. 

ഒരു വര്‍ഷത്തിനുമേലെയായി ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിവന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വ്യാപാര കരാര്‍ സാധ്യമായത്. ഡോണള്‍ഡ് ട്രംപിന്റെ വിശ്വാസ്യത നേടിയെടുക്കാനുള്ള കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദീര്‍ഘകാലത്തെ ശ്രമങ്ങളും ഫലം കണ്ടു.  കാനഡയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്നായിരുന്നു ട്രംപിന്റെ ഇതുവരെയുള്ള ഭീഷണി. നാഫ്റ്റ ചര്‍ച്ചകളില്‍ ഇരു നേതാക്കളും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍  കഴിഞ്ഞ ജൂണില്‍ ക്യൂബെക്കില്‍ നടന്ന ജി സെവന്‍ യോഗത്തിനിടെ പുറത്തുവന്നിരുന്നു.  കാനഡയ്ക്ക് ഒരു നല്ല ദിവസം എന്നാണ് കരാര്‍ ആയ ശേഷം ട്രൂഡോ ട്വീറ്റ് ചെയ്തത്. 

അമേരിക്കന്‍ തൊഴിലാളി വിഭാഗത്തിന് ഒരു മികച്ച അവസരം ലഭ്യമാക്കുക എന്ന തന്റെ വാഗ്ദാനം സഫലമായെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വടക്കേ അമേരിക്കയിലെ വാഹന വ്യവസായത്തിലെ ഒട്ടുമിക്ക നയങ്ങളെയും മാറ്റിമറിക്കുന്നതാണ് വ്യാപാര കരാര്‍. പാല് തൊട്ട് മരുന്നുകള്‍ വരെ വാങ്ങുന്ന ഉപഭോക്താക്കളെയും കരാര്‍ ബാധിക്കും.

സ്വതന്ത്ര വിപണികള്‍ സൃഷ്ടിക്കാനും, മേഖലയുടെ സാമ്പത്തിക പുരോഗതിക്കും വഴിവയ്ക്കുമെന്ന് അമേരിക്കന്‍ തൊഴില്‍ വിഭാഗം പ്രതിനിധിയും വിദേശകാര്യ മന്ത്രിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്ക, മെക്സിക്കോ, കാനഡ കരാര്‍ എന്നായിരിക്കും അറിയപ്പെടുക എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കാനഡയില‍് നിന്ന് പ്രതിവര്‍ഷം 26 ലക്ഷം കാറുകളാണ് അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. പുതിയ കരാറിലൂടെ ഇത് മുഴുവന്‍ നികുതിയില്‍ നിന്ന ഒഴിവാകും. 

MORE IN WORLD
SHOW MORE