നൂറ്റാണ്ടിലെ അത്ഭുതം: വിറ്റൊഴിവാക്കാനിരുന്ന ഖനിയിൽ കൂറ്റൻ സ്വർണശേഖരം

gold-mine
SHARE

ഓസ്ട്രേലിയയിൽ തങ്ങളുടെ കീഴിലുളള ബീറ്റ് ഹണ്ട് എന്ന സ്വർണഖനി എങ്ങനെയെങ്കിലും വിറ്റ് തലയിൽ നിന്ന് ഒഴിവാക്കാനുളള ശ്രമത്തിലായിരുന്നു ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയൽ നിക്കൽ കോർപറേഷൻ( ആർഎൻസി). എന്നാൽ നിനച്ചിരിക്കാതെ ഭാഗ്യം തേടിയെത്തിയത് വിശ്വസിക്കാനാകാതെ അന്തം വിട്ടിരിക്കുകയാണ് കമ്പനി അധികൃതർ. നിക്കലിനായുള്ള ഖനനത്തിനിടെ ബീറ്റ ഹണ്ടിലെ ഒരു ജീവനക്കാരന്‍ കണ്ടെത്തിയത് സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു. അതും ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ളത്.

കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും പരിശുദ്ധമായതും ഏറ്റവും വലിയതുമായ സ്വർണക്കട്ടിയെന്ന് വേൾ‍ഡ് ഗോൾഡ് കൗൺസിൽ തന്നെ വിശേഷിപ്പിച്ച് പാറക്കൂട്ടമാണ് എന്നുളളതും കണ്ടുപിടുത്തതിന്റെ മാറ്റ് വർധിപ്പിക്കുന്നതായി. നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്ന അത്ഭുതമെന്ന വിശേഷണം നൽകി രാജ്യാന്തര മാധ്യമങ്ങൾ കമ്പനിയുടെ നേട്ടത്തെ ആഘോഷമാക്കുകയും ചെയ്തു. 

പെർത്തിൽ നിന്ന് 600 കിലോമീറ്റർ മാറി പടിഞ്ഞാറൻ ഓസ്ട്രേലിയയിലുളള ഈ ഖനി 2016 ലാണ് ആർഎൻസി സ്വന്തമാക്കിയത്. 1970 മുതൽ നിക്കൽ ഖനനം നടക്കുന്ന ഖനിയാണിത്. കഴിഞ്ഞ ഏപ്രിൽ മുതലാണ് നഷ്ടത്തിലായ ബീറ്റ് ഹണ്ട് വിറ്റൊഴിവാക്കാനുളള ശ്രമം നടന്നത്. ക്വിബെക്കില്‍ 100 കോടി ഡോളര്‍ ചെലവില്‍ പുതിയ നിക്കല്‍ ഖനി വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ആര്‍എന്‍സി. അതിനു പണം തേടിയാണ് ബീറ്റ ഹണ്ട് വില്‍ക്കാനൊരുങ്ങിയത്. എന്നാൽ ഭാഗ്യം സ്വർണത്തിന്റെ രൂപത്തിൽ കമ്പനിയെ തേടിയെത്തുകയായിരുന്നു. 

royal-nickel-corp

ഭൗമോപരിതലത്തിൽ നിന്ന് 500 മീറ്റർ താഴെയാണ് ഖനനം നടന്നിരുന്നത്. ഖനിയിൽ നിന്ന് മൂന്നു മീറ്റർ നീളവും മൂന്നുമൂറ്റർ വീതിയുമുളള പാറക്കഷ്ണങ്ങൾ വേർതിരിച്ചിരുന്നു. ഇതിന്റെ ഇടയിൽ നിന്ന് തന്നെ  9000 ഔണ്‍സ് സ്വർണം കാണപ്പെട്ടത്. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.5 കോടി ഡോളര്‍ വില വരും. ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പാറക്കൂട്ടത്തില്‍ ഒരു ടണ്ണിന് രണ്ടായിരം ഗ്രാം എന്ന നിലയിലാണു സ്വര്‍ണം. 94 കിലോഗ്രാം വരുന്ന ഒരു പാറക്കഷ്ണം കമ്പനി അടര്‍ത്തിയെടുത്തിരുന്നു. അതില്‍ മാത്രം ഏകദേശം 2440 ഔണ്‍സ് സ്വര്‍ണമാണുണ്ടായിരുന്നത്. 

സ്വർണനിക്ഷേപം ഇവിടെയുണ്ടെന്ന വിവരത്തിന്റെ പുറത്താണ് കമ്പനി ഈ ഖനി വാങ്ങിയെന്ന റിപ്പോർട്ടുകളും നിലവിലുണ്ട്.  ഖനിക്കു താഴെ സ്വര്‍ണ നിക്ഷേപമുണ്ടെന്ന സൂചന കമ്പനിക്കു നേരത്തേ ലഭിച്ചിരുന്നു. ചെറിയ തോതില്‍ സ്വര്‍ണവും ലഭിച്ചിരുന്നു. 

MORE IN WORLD
SHOW MORE