തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിംബാബ്‌വെയിൽ കലാപം; നേരിടാൻ സൈന്യം

zimbabwe-harare
SHARE

സിംബാബ്‌വെയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളെ നേരിടാന്‍ സൈന്യം രംഗത്ത്.  പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് പ്രതിപക്ഷപാര്‍ട്ടികളാണ് തെരുവില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത്

ഇടക്കാല പ്രസിഡന്റ് എമേഴ്സണ്‍ എന്‍ഗ്വാഗ്വയുടെ  സനു പി.എഫ് പാര്‍ട്ടി   അധികാരം നിലനിര്‍ത്തിയതോടെയാണ് രാജ്യതലസ്ഥാനം കലാപത്തിന് വേദിയായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം നടന്ന, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് സനു പി.എഫ് പാര്‍ട്ടി അധികാരം പിടിച്ചെടുത്തത്. 

നെല്‍സണ്‍ ചമിസ നേതൃത്വം നല്‍കുന്ന മുഖ്യപ്രതിപക്ഷമായ എം.ഡി.സി സഖ്യം തോറ്റതിന് പിന്നാലെ പരക്കെ അക്രമങ്ങള്‍ അരങ്ങേറുകയായിരുന്നു. ഇടക്കാലഭരണകൂടം തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

ചമിസയും എന്‍ഗ്വാഗ്വയും നേര്‍ക്കുനേര്‍ മല്‍സരിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ അക്രമങ്ങള്‍ വ്യാപിക്കാനും സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ടാണ് നിരത്തുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. 

അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം അഭ്യര്‍ഥിച്ച പ്രസിഡന്റ് വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.  റോബര്‍ട്ട് മുഗാബെയുടെ മൂന്നുപതിറ്റാണ്ട് നീണ്ട ഏകാധിപത്യഭരണം  നവംബറില്‍ അവസാനിച്ചശേഷമുള്ള ആദ്യതിര‍ഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നത്

MORE IN WORLD
SHOW MORE