നടുവേദനയുമായി വന്നു; വൃക്കയിൽ നിന്ന് നീക്കം ചെയ്തത് മൂവായിരത്തോളം കല്ലുകൾ; അമ്പരപ്പ്

കഠിനമായ നടുവേദനയും വിട്ടുമാറാത്ത പനിയും കൊണ്ട് പൊറുതി മുട്ടിയാണ് അമ്പത്തേഴുകാരി ഡോക്ടറെ കാണാനെത്തിയത്. ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ച സംഭവം നടന്നത്. കടുത്ത നടുവേദനയുമായി എത്തിയ ഴാങ് എന്ന സ്ത്രീയെ വിദഗ്ദ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ഡോക്ടർമാർ ഞെട്ടിയത്. മൂവായിരത്തോളം കല്ലുകളാണ് ഈ സ്ത്രീയുടെ വൃക്കയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കിയത്. കൃത്യമായി പറഞ്ഞാൽ 2980 കല്ലുകൾ. 

വർഷങ്ങളായി വൃക്കയിലെ കല്ലിനായി ചികിത്സ തേടുന്നയാളാണ് ഴാങ്. എന്നാൽ മൂവായിരത്തോളം കല്ലുകൾ വൃക്കയിൽ നിന്ന് നീക്കം ചെയ്തുവെന്ന വാർത്ത ഴാങ്ങിനും അവിശ്വസനീയമായിരുന്നു. ചൈനീസ് മാധ്യമമായ മോഡേൺ എക്സ്പ്രസാണ് അമ്പരിപ്പിക്കുന്ന ഈ വാർത്ത പുറത്തു വിട്ടത്. ശസ്ത്രകിയയ്ക്ക് ശേഷം ഏകദേശം ഒരു മണിക്കൂറോളം എടുത്താണ് കല്ലുകൾ എണ്ണി തിട്ടപ്പെടുത്തിയതെന്നും 2980 എണ്ണം കൃത്യമായി ഉണ്ടായിരുന്നതായും മോഡേൺ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

ഇന്ത്യയിലും ഇത്തരത്തിലുളള സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളള. വൃക്കയിൽ നിന്ന് ഏറ്റവും കൂടുതൽ കല്ലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളതിന്റെ ഗിന്നസ് റെക്കോർഡ് ഇന്ത്യയിലാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ധനരാജ് വാദിലേ എന്നയാളില്‍ നിന്നും കൃത്യമായി പറഞ്ഞാൽ  1,72,155 കല്ലുകള്‍.