കൂരിരുട്ട്; നിറയെ പ്രളയജലം; നാലു കിലോമീറ്റര്‍; അവര്‍ താണ്ടിയ കടല്‍ദൂരം

thailand-cave-rescue
SHARE

പ്രകൃതിയുടെ നിഗൂഢതകളെ അടുത്തറിഞ്ഞ ദിവസങ്ങള്‍. ലോകം നോക്കിയിരുന്നു ആ രക്ഷാദൗത്യം. മനുഷ്യസാധ്യമോ എന്ന് പോലും പകച്ച മണിക്കൂറുകള്‍. ഒടുവില്‍ പ്രതിസന്ധികള്‍ തീവ്രപരിശ്രമങ്ങള്‍ക്ക് മുന്നില്‍ വഴിമാറി. അപകടത്തില്‍പ്പെട്ട ഒരാള്‍ക്ക് പോലും ജീവഹാനിയോ ഒരുപോറല്‍ പോലും ഏല്‍ക്കാതെ  രക്ഷാദൗത്യം സേന പുറത്തെത്തിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളും വരുംവരായ്കകളും മുന്‍കൂട്ടി കണ്ടുള്ള നീക്കങ്ങളാണ് ഘട്ടംഘട്ടമായി വിജയത്തിലേക്കെത്തിച്ചത്. ഒരാള്‍ക്ക് കഷ്ടിച്ച് നിരങ്ങി നീങ്ങാന്‍ കഴിയുന്ന ഇടങ്ങള്‍ വരെ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചത്. കുട്ടികള്‍ കുടുങ്ങിയ നാലുകിലോമീറ്റര്‍ മറികടക്കുക എന്നത് നിസാരമായിരുന്നില്ല. കൂരിരുട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടക്കുകയും വേണം. ഇങ്ങനെ പിന്നിടേണ്ടത് നാലു കിലോമീറ്റര്‍.

കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദൗത്യ സംഘം തയാറാക്കിയ രക്ഷാപദ്ധതി ഇതാണ്. വെള്ളത്തിനടിയിലൂടെയുള്ള നീന്തലിനിടെ കുട്ടികൾ വല്ലാതെ ഭയന്നുപോകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കുട്ടികളിൽ ആർക്കും നീന്തൽ പരിചയം ഇല്ലായിരുന്നു. മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവർ. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു. 

കടപ്പാട്: എബിസി ന്യൂസ്

ഇതായിരുന്നു ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ  13 പേരെ രക്ഷാസംഘം പുറത്തെത്തിച്ചത്. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്കരദൗത്യങ്ങളിെലാന്നായി ഇതിനെ വിലയിരുത്താം.  തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥൻ സമൻ കുനോന്ത് (38) മരിച്ചതു നൊമ്പരമായി. ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് മരിച്ചത്. ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. ഇവർ കയറുന്ന സമയത്തു ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടായിരുന്നില്ല. പിന്നീട് പെയ്ത പെരുമഴയില്‍  വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തിയിരുന്നു കുട്ടികൾ.

ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനം വിജയമാക്കിയത്. 

MORE IN WORLD
SHOW MORE