മരത്തിലെ മനുഷ്യര്‍ക്ക് മരണഭയം

lk-orangutans-t
SHARE

മരങ്ങളിലെ മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യരോളംപോന്ന വലിയ ശരീരവും, നല്ല ബുദ്ധിസാമര്‍ഥ്യവും ഓര്‍മശക്തിയുമുള്ള ഒറാങൂട്ടാനെപറ്റിയാണ് പറഞ്ഞുവരുന്നത്. ജീവിതകാലം മുഴുവൻ മരത്തിൽത്തന്നെ കഴിച്ചുകൂട്ടുന്ന ഒറാങ്ഗുട്ടന്‍മാരുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.  ലോകത്തില്‍ ഏറ്റവും  പ്രായമുള്ള സുമാത്രന്‍  ഒറാങ്‌ഗുട്ടന്‍ കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ മരണത്തിന് കീഴടങ്ങി. ഇനി ഭൂമിയില്‍ അവ‌ശേഷിക്കുന്നത് വെറും ഏഴായിരത്തി അഞ്ഞൂറ് ഒറാംങ്ഗുട്ടന്‍മാര്‍ മാത്രമാണ്. മനുഷ്യന്റ ഇടപെടല്‍ തന്നെയാണ് ഈ ജിവികളേയും വംശനാശത്തിലേക്ക് നയിക്കുന്നത്.

" The Grnad Old Lady Is No More" ഞങ്ങളുടെ കുരങ്ങ് മുത്തശി ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഇത് പറയുമ്പോള്‍ പെര്‍ത്ത് മൃഗശാലയിലെ ജീവനക്കാരുടെ കണ്ണുകള്‍ നിറഞ്ഞു. ഒരു തറവാട്ടിലെ  ഏറ്റവും മുതിര്‍ന്ന അംഗത്തെപ്പോലെ തലയെടുപ്പോടെയായിരുന്നു കഴിഞ്ഞ അറുപത്തി രണ്ട് വര്‍ഷം പുവാന്‍‌ ജീവിച്ചിരുന്നത്. ഇന്തോനേഷ്യന്‍ ഭാഷയില്‍ പുവാന്‍ എന്ന് പറഞ്ഞാല്‍ പെണ്ണ് എന്നാണര്‍ഥം. മൃഗശാലയിലെ ജീവനക്കാര്‍ക്കുമാത്രമല്ല ഇവിടെ വിരുന്നെത്തുന്ന ഓരോ സഞ്ചാരിക്കും അദ്ഭുതമായിരുന്നു ഈ പെണ്‍കുരങ്ങ് 

ഇന്തോനേഷ്യയിലെ സുമാത്രയില്‍ 1950ല്‍ ജനിച്ചു എന്ന് കരുതപ്പെടുന്ന പുവാന്‍ 1968ലാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ  മൃഗശാലയിലെത്തുന്നത്.  സാധാരണ ഒറാംങ്ഗുട്ടന്‍ കുരങ്ങളുകളുടെ ശരാശരി ആയുസ് 50 വര്‍ഷമാണ് പുവാന്‍ പക്ഷെ 62 വര്‍ഷം ആരോഗ്യത്തോടെ ജീവിച്ചു. 2016ല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒറാംങ്ഗുട്ടനായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു.  വാര്‍ധക്യസഹജമായ അസുഖങ്ങള്‍‌ പുവാന് കണ്ടു തുടങ്ങിയത് കഴിഞ്ഞ മാസം മുതലായിരുന്നു. ഓറാംങ്ഗുട്ടന്‍ കുരങ്ങുകളുടെ വംശം സംരക്ഷിക്കുന്നതില്‍ പുവാന്‍ പ്രധാന പങ്കുവഹിച്ചു. 11 കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി. 

ഇന്തോനേഷ്യയിലെ സുമാത്ര. മലയാളിയുടെ മനസില്‍ സുനാമിപ്പേടിയുടെ നാട്. ഭൂമിയില്‍ സുമാത്രയ്ക്ക് മാത്രമായി ചില പ്രത്യേകതകളുണ്ട്. സ്വര്‍ണദ്വീപ് എന്ന് അറിയപ്പെട്ടിരുന്ന സുമാത്ര ലോകത്തില്‍ വലുപ്പത്തില്‍ ആറാം സ്ഥാനത്തുള്ള ദ്വീപ് സമൂഹാണ്. സവിശേഷമായ ഭൂപ്രകൃതിയാണ് ഈ ദ്വീപിന്. സൂര്യവെളിച്ചം നൂല്‍വലുപ്പത്തില്‍ കടന്നെത്തുന്ന മഴക്കാടുകള്‍. ഇവിടെ മഴയ്ക്ക് പ്രത്യേക കാലമില്ല. എന്നും പെയ്തുകൊണ്ടിരിക്കും. ഭൂമിയില്‍ മറ്റൊരിടത്തുമ കാണാത്ത സവിശേതകള്‍ ഏറെയുള്ള ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് സുമാത്രന്‍ ദ്വീപുകള്‍. ഇതില്‍ എറ്റവും സവിശേഷം സുമാത്രന്‍ ഒറാങ്ഗുട്ടന്‍മാരാണ്.

ഭൂമിയില്‍ അവശേഷിക്കുന്ന മൂന്ന് ഇനം ഒറാംങ്ഗുട്ടന്‍മാരില്‍ ഒരു കൂട്ടരാണ് സുമാത്രന്‍ ഒറാങ്ഗുട്ടന്‍.  ബോര്‍ണിയന്‍ ഒറാംങ്ഗുട്ടന്‍,  തപാനുലി ഒറാംങ്ഗുട്ടന്‍ എന്നിവയാണ് മറ്റ്  രണ്ട് വര്‍ഗങ്ങള്‍. മരങ്ങളില്‍ താമസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സസ്തനികളാണ് ഒറാംങ്ഗുട്ടന്‍മാര്‍.ദിവസത്തില്‍ ഏറെ നേരവും ആകാശത്തോളം ഉയരമുള്ള മരങ്ങളില്‍ ചിലവഴിക്കാനാണ് ഈ കുരങ്ങുകള്‍ക്കിഷ്ടം.  മരത്തില്‍ അള്ളിപ്പിടിച്ച് എത്ര ഉയരത്തില്‍ വേണമെങ്കിലും കയറും ബോര്‍ണിയന്‍ ഒറാംങ്ഗുട്ടന്‍മാരില്‍ നിന്ന് വ്യത്യസ്തമായി സുമാത്രന്‍ ഒറാംങ്ഗുട്ടന്‍മാര്‍ക്ക് പ്രാണികളും, പക്ഷികളുടെ മുട്ടയും തേനുമൊക്കെ ആഹാരമാണ്. തേനീച്ചകൂടുകള്‍ തേടി ഉയരങ്ങള്‍ കീഴടക്കുക ഒറാംങ്ഗുട്ടനമ‍ാരുടെ ഇഷ്ട വിനോദമാണ്.

കൂട്ടംവിട്ടുകഴിഞ്ഞാൽ ഏകാന്തജീവിതം നയിക്കുന്ന ഒറാങ്ഗുട്ടന്‍മാര്‍ മരങ്ങളുടെ  ശിഖരങ്ങൾ വളച്ച് കൂടുണ്ടാക്കി അതിലാണ് ഉറക്കം. ബുദ്ധിസമാര്‍ത്യമുള്ള ഇവ മഴക്കാലത്ത് വലിയ ഇലകൾ ശേഖരിച്ച് തൊപ്പി ഉണ്ടാക്കും. പുറംചൊറിയാൻ വടി വേണമെന്ന് അറിയാം. വടി കൊണ്ടുതന്നെ ചിതൽപ്പുറ്റുകൾ ഇളക്കിയെടുക്കും. പാമ്പിനെ വടി ഉപഗോയിച്ച് അടിച്ചോടിക്കുംഒറാങ്ഗുട്ടന്‍മാര്‍ക്ക് ഒരു പ്രസവത്തിൽ ഒരു കുട്ടിയേ ഉണ്ടാകൂ. അപൂർവമായി ഇരട്ടകൾ പിറക്കും. നാലു വർഷമെങ്കിലും കഴിയാതെ അടുത്ത കുഞ്ഞിനെപ്പറ്റി ആലോചനയേ ഇല്ല.  

ഇത്രയധികം അപൂര്‍വതകള്‍ നിറഞ്ഞ ഒറാങ്ഗുട്ടന്‍ാരുടെ ജീവിതം ഇന്ന് നാശത്തിന്റെ വക്കിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകളാണ്  പുറത്തുവരുന്നത്.  U.N. പരിസ്ഥിതി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സുമാത്രയിലും ബോര്‍ണിയോയിലും മാത്രം ഇല്ലാതായത് 100,000 ഒറാങ്ഗുട്ടന്‍മാരാണ്. മനുഷ്യര്‍ തന്നെയാണ്  ഈ ജിവികളോട് കണ്ണില്ലാത്ത ക്രൂരത കാണിക്കുന്നത്. പാം ഓയിലിനും പേപ്പര്‍ നിര്‍മാണത്തിനുമായുള്ള വനനശീകരണാണ് മുഖ്യകാരണം. ഒപ്പം വേട്ടക്കാരുടെ തോക്കിന്‍ കുഴലിനുമുന്നിലും ഒറാംങ്ഗുട്ടന്‍മാര്‍ പിടഞ്ഞുവീഴുന്നു. 

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുജാലങ്ങളുടെ സംരക്ഷമണത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനയായ INTERNATIONAL ANIMAL RESCUE സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. സുമാത്രയില്‍ നിന്ന് 2013ല്‍ പകര്‍ത്തിയതാണിത്. വനനശീകരണത്തിനെത്തിയെ മനുഷ്യര്‍ക്കുനേരെ പ്രതികരിക്കുന്ന ഒറാംങ്ഗുട്ടന്‍.  ഇതിനെ ഒടിവില്‍ അവര്‍ വെടിവച്ചു വീഴ്ത്തി. മനുഷ്യരുമായി മല്ലിട്ട് ഇതുപോലെ രക്തസാക്ഷികളാകുന്നത് ലക്ഷകണക്കിന് ഒറാങ്ഗുട്ടന്‍മാരാണ്.  

ഈ കുരങ്ങുവര്‍ഗത്തിന്റെ നാശത്തിന് മുഖ്യകാരണങ്ങളില്‍ ഒന്ന് സുമാത്രയിലും, ബോര്‍ണിയോയിലുമൊക്കെ തഴച്ചുവളരുന്ന പാം ഓയില്‍ വ്യവസായമാണ്. ആഗോളതലത്തില്‍ പ്രിയപ്പെട്ട പാം ഓയിലിന് പന കൃഷി ചെയ്യാന്‍ അനിയോജ്യമായ മണ്ണാണ്  സുമാത്രയിലും ബോര്‍ണിയോയിലും. വ്യാപകമായി പന കൃഷി ചെയ്യാന്‍ ഇവിടത്തെ കാടുകള്‍ വെട്ടിത്തെളിക്കുന്നു.  യു.എന്‍ പരിസ്ഥിതി സംഘടന പറയുന്നത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇവിടങ്ങളില്‍ വനനശീകരണത്തിന്റെ തോത് 60 ശതമാനം ഉയര്‍ന്നു എന്നാണ്. ഒറാങ്ഗുട്ടന്‍മാരുടെ ആവാസവ്യവസ്ഥയുടെ 80 ശതമാനവും ഇല്ലാതാവുന്നത് ഈ വനനശീകരണത്തിലൂടെയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ പിടിച്ചു നില്‍കാനാകാതെ 2000 മുതല്‍ 3000 വരെ ഒറാങ്ഗുട്ടന്‍മാര്‍ ഒരോ വര്‍ഷവും മരിക്കുന്നു.

കൃഷിയിടങ്ങള്‍ നശിപ്പിക്കുമെന്ന പേടിയില്‍ ഒറാംങ്ഗുട്ടന്‍മാരെ  മനുഷ്യര്‍ വേട്ടയാടുന്നതും പതിവാണ്. ചിലര്‍ ഭക്ഷണത്തിനായും ഇവയെ വെടിവച്ചും കെണിയില്‍ വീഴ്ത്തിയും കൊല്ലുന്നു.  കഴിഞ്ഞ ജനുവരിയില്‍ വേട്ടയാടി കൊന്ന ഒറാങ്ഗുട്ടന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. 150 തവണയാണ് ഈ ഒറാംങ്ഗുട്ടന്റെ ദേഹത്ത് വെടിയേറ്റത്. ഒറാങ്ഗുട്ടന്‍ പ്രോജക്ട് എന്ന പേരില്‍ ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന സുമാത്രയിലും ബോര്‍ണിയോയിലും ഗ്രാമവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം പുറത്തുവന്നത് 750 മുതല്‍ 1790 വരെ ഒറാങ്ഗുട്ടന്‍മാര്‍ ഓരോ വര്‍ഷവും വേട്ടയാടലിലൂടെ കൊല്ലപ്പെടുന്നു എന്ന ഞെട്ടിക്കുന്ന കണക്കാണ്. ഇല്ലാതാവുന്നത് ഏറെയും പെണ്‍വര്‍ഗത്തില്‍പ്പെട്ട ഒറാങ്ഗുട്ടന്‍മാരായതിനാല്‍ പ്രത്യുല്‍പാദനവും നിലയ്ക്കുന്നു.

സുമാത്രയിലും ബോര്‍ണിയോയിലും അവശേഷിക്കുന്ന ഒറാങ്ഗുട്ടന്‍മാരെ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയും രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനകളും മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്.  വനനശീകരണം ഇല്ലാതാക്കാന്‍ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ ഇന്തോനേഷ്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഒപ്പം കാടുകളില്‍  മരങ്ങള്‍ക്കു മീതെ കയറുകള്‍ വലിച്ചുകെട്ടി ഒറാങ്ഗുട്ടന്‍മാരെ തനതായ ജീവിത രീതി സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. അവശേഷിക്കുന്ന ഒറാങ്ഗുട്ടന്‍മാരെ ഇന്തോനേഷ്യ, ഓസ്ട്രേലിയ, തായ്‌ലന്‍ഡ് അടക്കം ജീവിത സാഹചര്യങ്ങള്‍ അനുകൂലമായ ഇടങ്ങളിലെ മൃഗശാലകളിലേക്ക് മാറ്റിയും സംരക്ഷിക്കുന്നു. 

MORE IN WORLD
SHOW MORE