അനധികൃത ഇടപെടലുകൾ തിരിച്ചടിയായി; പാപ്പരായി പ്രഖ്യാപിക്കണമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക

cambridge-analytica
SHARE

തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേംബ്രിഡ്ജ് അനലിറ്റിക്ക യുഎസ് കോടതിയെ സമീപിച്ചു. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് കരിനിഴലിലായ സ്ഥാപനം അടച്ചു പൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ മാധ്യമവാർത്തകളെയാണ് തങ്ങളുടെ ഈ അവസ്ഥയ്ക്ക് കമ്പനി പഴിചാരുന്നത്. വാർത്തകൾ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാൽ തുടർന്നു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ അടച്ചുപൂട്ടുകയാണെന്നുമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക അറിയിച്ചിരുന്നത്. ബ്രിട്ടണിലെയും യുഎസിലെയും കടങ്ങൾ അവസാനിപ്പിക്കാൻ സാധിക്കില്ലെന്ന് കമ്പനി കോടതിയെ അറിയിച്ചു. യുകെയിലും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്.

നിലവിൽ 5 ലക്ഷം അമേരിക്കൻ ഡോളർ വരെ ആസ്തിയുള്ള കമ്പനിക്ക് അതിലേറെ തുകയുടെ കടബാധ്യതകളും ഉണ്ടെന്നാണ് കണക്ക്. 2104ൽ ഫെയ്സ്ബുക്ക് വഴി മാത്രം 8.70 കോടി ജനങ്ങളുടെ സ്വകാര്യവിവരങ്ങളാണ് ചോർത്തിയത്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പിനായി ദുരുപയോഗിച്ചെന്ന ആരോപണത്തില്‍ ഇന്ത്യയും കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരങ്ങളാണ് ചോർത്തിയത്.

MORE IN WORLD
SHOW MORE