വിശന്നുകരയുന്ന കോംഗോയിലെ കുഞ്ഞുങ്ങളെ കാണുന്നുണ്ടോ ലോകം

lk-congo-t
SHARE

നാലുവര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തരകലാപം,  അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഭരണം, ഒരിക്കലും ഒഴിഞ്ഞുപോകാത്ത പട്ടിണിയും മാറാ രോഗങ്ങളും. പറഞ്ഞുവരുന്നത് ആഫ്രിക്കന്‍ വന്‍കരയുട ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കോംഗോയുടെ ദുരവസ്ഥയെകുറിച്ചാണ്. കൊള്ളസംഘങ്ങളാണ് ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് . മനുഷ്യാവകാശലംഘനങ്ങളുടെ ഒരു പരമ്പരതന്നെയാണ് ഇവിടെ അരങ്ങേറുന്നത്. 

ഇത് റോജര്‍. സ്വന്തം കുട്ടികളോടൊപ്പം കാട്ടില്‍ അലയുകയാണ്. മരത്തിലും വള്ളികളിലും പറ്റിപിടിച്ചിരിക്കുന്ന ഒച്ചുകളെ ശേഖരിക്കാലാണ് പണി. കഠിനമായ ജോലിയാണ്. ഒരു ദിവസം മുഴുവന്‍ നടന്നാലും പത്തോ പതിനഞ്ചോ ഒച്ചുകളെ കിട്ടിയാലായ. പരമാധി എണ്ണം തികച്ച് വീട്ടിലെത്തിക്കുകയാണ് ലക്ഷ്യം. എന്നാലെ വിശപ്പടക്കാന്‍ സാധിക്കുള്ളു.  ഒച്ചുകള്‍ കോംഗോയുടെ ഭക്ഷണരീതിയല്ല, പക്ഷെ വിശന്നുകരയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ റോജറിന് മറ്റുമര്‍ഗമില്ല.              

ആഭ്യന്തരകലാപത്തില്‍ നി്നന് രക്ഷതേടി  കാട്ടിലെത്തിയതാണ് റോജറും കുടുംബവും. ഗോത്രവര്‍ഗങ്ങളും കോംഗോ പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല്പത് ലക്ഷത്തിലേറെ പേരാണ് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തത്. പട്ടിണിയുടെയും തീരാ ദുരിതങ്ങളുടെയും കഥമാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്. .

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ.അതവാ ഡി.ആര്‍.സി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  കോംഗോ വന്‍കരയില്‍  വലുപ്പതിൽ രണ്ടാം സ്ഥാനത്താണ്.  7 കോടിയിലധികം വരുന്ന ജനസംഖ്യ . കോളനിവല്‍ക്കരണത്തിന്റെ ചരിത്രംപേറുന്ന കോംഗോയില്‍ ഫ്രഞ്ച്  ആണ് സംസാര ഭാഷ . ഭൂമിശാസ്ത്ര പരമായി ഏറെ പ്രത്യേകതകൾ ഉണ്ട് കോംഗോയ്ക്ക് .ലോകത്ത് ഏറ്റവും കൂടുതൽ മഴലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇവിടം.ആമസോൺ വനന്തരങ്ങൾ കഴിഞ്ഞാൽ മഴക്കാടുകൾ ഏറ്റവും കൂടുതൽ കോംഗോയിലാണ്. അപൂര്‍വമായി മാത്രം കാണുന്ന സസ്യങ്ങളും ജീവജാലങ്ങളും.  ഇതിനെല്ലാം ഉപരിയാണ് കോംഗോയിലെ മനുഷ്യവൈവിധ്യം. ഇരുന്നൂറിലേറെ പ്രാദേശിക ഗോത്രങ്ങളാണ് കോംഗോയിലുള്ളത്. ഇതിനല്‍ ലൂബാ ഗോത്രമാണ് ഏറ്റവും വലുത്. ആഫ്രിക്കയിലെ പ്രബല വിഭാഗമായ ബാന്റു വംശത്തിന്‍റെ ഉപവിഭാഗമാണ് ലൂബ ഗോത്രം.   

ദക്ഷിണ കോംഗോയിലെ വലിയ ഗോത്രമാണ്  ടവാ പിഗ്മികള്‍ എന്ന ഈ കുറിയമനുഷ്യര്‍. ലൂബകളും ടവാകളും തമ്മില്‍‍‍‍‍‍‍‍‍‍‍    നാലുവര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷങ്ങളില്‍ കോംഗം ആര്‍മി ഇടപെടത്തോടെയാണ് രാജ്യം കലാപത്തിലേക്ക് വഴുതി വീണത്. 

ദക്ഷിണകോംഗോയിലെ ടാന്‍ഗനിയ്ക്ക. ഡി.ആര്‍.സിയിലെ 26 പ്രവശ്യകളില്‍ ഒന്ന്. ലൂബ ഗോത്രവും ടവാ പിഗ്മികളും കൂടുതല്‍ ഉള്ളപ്രദേശം. ഇവിടെയാണ് സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കുന്നത്. പരസ്പരം ഏറ്റുമുട്ടിയ ഇരുഗോത്രങ്ങളും ഇപ്പോള്‍ പട്ടാളവുമായാണ് യുദ്ധം.  മേഖലയാകെ അരാജകത്വം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കൊള്ളയും പിടിച്ചുപറിയും പതിവായി.  കലാപകാരികള്‍   പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുന്നു. അനധികൃത ചുങ്കപിരിവും പതിവ്. അനുസരിക്കാത്തവരെ നിഷ്ഠൂരം വധിക്കുന്നു. ടാന്‍ഗനിയ്ക്കയില്‍ നിന്നും തൊട്ടടുത്ത പ്രവശ്യയായ ഹൗട്ട്–കട്ടന്‍ഗ യില്‍ നിന്നും കഴിഞ്ഞവര്‍ഷം മാത്രം പുറത്തുവന്ന മനുഷ്യാവകാശലംഘങ്ങളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ 12, 000ത്തിലേറെയാണ്. 

യു.എന്‍.എച്ച്.സിആറിന്റെ കണക്കുപ്രകാരം കലാപത്തില്‍ വീടും കുടുംബവും നഷ്ടപ്പെട്ട് പലായനം ചെയ്തവര്‍ നാല്‍പത് ലക്ഷത്തിലേറെയാണ്. ഈ വര്‍ഷം ഇതുവരെ മാത്രം 13 ലക്ഷത്തിലേറെ പേര്‍ നാടുവിട്ട് പോവുകയും വനാന്തരങ്ങളില്‍  അഭയം തേടുകയും ചെയ്തു. ഇതില്‍ എട്ടുലക്ഷത്തിലേറെ പേര്‍ കുട്ടികളാണ്.

ഇങ്ങനെ നാടുവിട്ടോടിയവരേയും കാട്ടില്‍ അഭയം തേടിയവരേയുമാണ് പട്ടിണി എന്ന മഹാദുരന്തം പിടികൂടിയിരിക്കുന്നത്. ഒരുനേരത്തെ ഭക്ഷണംപോലും കിട്ടാതെ മെലിഞ്ഞുണങ്ങിയ കുഞ്ഞുശരീരങ്ങള്‍ കോംഗോയിലെ സങ്കട കാഴ്ചയാണ്. അധികാരമോഹിയായ പ്രസിഡന്റ് ജോസഫ് കബിലയുടെ കിരാതഭരണം നടക്കുന്ന രാജ്യത്ത് നടക്കുന്നതൊന്നും പുറംലോകം അറിയുന്നില്ല. ഐക്യരാഷ്ട്രസഭയ്ക്കുപോലും ഒരു പരിതിയില്‍ കവിഞ്ഞ് ഇടപെടാന്‍ സാധിക്കുന്നില്ല.

അഭയാര്‍ഥിക്യാംപുകളില്‍ കു​​ഞ്ഞുങ്ങളുടെ തൂക്കം നോക്കുയാണ്. അതിദയനീയമായ കാഴ്ചയാണ്. പലര്‍ക്കും എലിയുടെ ഭാരം പോലുമില്ല. ചെറുതും വലുതുമായി ലോകത്തെവിടെയും നടക്കുന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും പ്രധാന ഇരകള്‍ ‍കുഞ്ഞുങ്ങളാണ്. കോംഗോയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പട്ടിണി വിഴുങ്ങിയിരിക്കുകയാണ് ഇവിടെ പിഞ്ചുബാല്യങ്ങളെ. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം 20 ലക്ഷത്തിനുമുകളില്‍ കുട്ടികള്‍ പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടുന്നു. ഇതില്‍ മുന്നുലക്ഷത്തിലേറെ കുട്ടികള്‍ കലാപം രൂക്ഷമായ കസായി മേഖലയില്‍ നിന്നുള്ളവരാണ്.

കുത്തഴിഞ്ഞ ഭരണണാണ് ഡി.ആര്‍.സിയെ ഈ അവസ്ഥയില്‍ എത്തിച്ചത്.   കോംഗോയുടെ പ്രസിഡന്റായിരുന്ന  ലോറന്റ് കബിലയുടെ വധത്തെ തുടർന്ന് 2001ൽ അധികാരത്തിലെത്തിയ   മകന്‍  ജോസഫ് കബില അന്നുമുതൽ അധികാരത്തിൽ തുടരുകയാണ്. 2011ൽ തിരഞ്ഞെടുപ്പു നടത്തിയെങ്കിലും എതിരാളി എറ്റിയൻ ഷിസെക്ദിയെ പരാജയപ്പെടുത്തി വീണ്ടും പ്രസിഡന്റ് പദവിയിൽ എത്തുകയായിരുന്നു. 2016ല്‍  കാലാവധി അവസാനിച്ചെങ്കിലും അധികാരക്കൊതിയനായ കബില കസേര വിട്ടൊഴിയാന്‍ തയ്യാറായില്ല. 2017ലേക്ക് തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ തീരുമാനവും മാറ്റി അതോടെ  ജനരോഷം ആളിക്കത്തി. കബില വിരുദ്ധര്‍ തെരുവിലിറങ്ങി. പ്രതിഷേധങ്ങള്‍ എല്ലാം പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ കബില, കോംഗോ സുരക്ഷിതമായ ഇടമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന  ദുരിതാശ്വാസ ധനശേഖരണപ്രവര്‍ത്തനങ്ങളോട്   പോലും  മുഖംതിരിച്ചിരിക്കുകയാണ് കബില സര്‍ക്കാര്‍.

സംഘര്‍ഷങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ കാടിനുള്ളിലും ഒറ്റപ്പെട്ട മേഖലകളിലുമാണ്  അഭയം തേടിയിരിക്കുന്നത്.  സഹായമെത്തിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍ക്കുപോലും ഇവിടങ്ങളില്‍ എത്തിചേരാന്‍ കഴിയുന്നില്ലെ.  വാര്‍ത്താവിനിമയ സവിധാനങ്ങളോ വാഹനഗതാഗതമോ ഒന്നും മില്ല. യെമന്‍, വടക്കുകിഴക്കന്‍ നൈജീരിയ, ദക്ഷിണ സുഡാന്‍ തുടങ്ങിയ പട്ടിണിരാജ്യങ്ങളുടെ പട്ടികയിലാണ് കോംഗയും. അഴിമതി കൊടികുത്തിവാഴുന്ന കബില ഭരണം അവസാനിച്ചാലെ കോംഗോയിലെ കുഞ്ഞുങ്ങളുടെ കണ്ണീരുണങ്ങൂ. 

MORE IN WORLD
SHOW MORE