കൊറിയകള്‍ കൈകോര്‍ക്കുന്നു

lk-korea-t
SHARE

കിം ജോങ് ഉന്‍ വീണ്ടും ലോകശ്രദ്ധയിലേക്ക്. ചൈനയിലേക്ക് നടത്തിയ അപ്രതീക്ഷിത യാത്രയ്ക്കുശഷം ഇപ്പോള്‍ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചിരിക്കുന്നു ഉത്തരകൊറിയന്‍ ഏകാധിപതി. ദക്ഷിണകൊറിയന്‍ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം. എന്നാല്‍ ആണവനിരായുധീകരണം എന്ന് കിം പറഞ്ഞില്ല. അതായത് നിലവിലുള്ള ആണവായുധങ്ങള്‍ കൈവശമുണ്ടാകും എന്നാല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുക വഴി അമേരിക്കയുമായുള്ള ചര്‍ച്ചയ്ക്ക് കൂടുതല്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുക. അതാണ് കിം നയതന്ത്രം.

ഉത്തരകൊറിയയുടെ ആണവപരീക്ഷണകേന്ദ്രങ്ങള്‍ അടയ്ക്കുകയാണെന്ന് കിം ജോങ് ഉന്‍ ലോകത്തെ അറിയിച്ചു. ആണവപരീക്ഷണകേന്ദ്രങ്ങള്‍ അവയുടെ ജോലി പൂര്‍ത്തിയാക്കി കഴിഞ്ഞു. മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുന്നു. ഉത്തരകൊറിയയുടെ ഭാവി നിശ്ചയിക്കുന്ന കൂടിക്കാഴ്ചകള്‍ നടക്കാനിരിക്കുകയാണ് വരും ദിവസങ്ങളില്‍. ആദ്യം ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെഇന്നുമായാണ് ചര്‍ച്ച . അതിനുശേഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായും.  ഭരണകക്ഷിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് മിസൈല്‍പരീക്ഷണങ്ങള്‍ നിര്‍ത്താന്‍സമയമായെന്ന് കിം ജോങ് ഉന്‍ പറഞ്ഞത്. രാജ്യത്തിന്‍റെ സമ്പദ്്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനാണ് ഇനി ഉൗന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

പക്ഷേ രണ്ടുദിവസത്തിനിടെ രണ്ടു തവണ കിം ജോങ് ഉന്നില്‍ നിന്ന് വന്ന പ്രസ്തവാനയില്‍ ഗൗരവമുള്ള എന്തെങ്കിലുമുണ്ടെന്ന് നയതന്ത്രലോകം കരുതുന്നില്ല. കാരണം നിലവില്‍ പ്യോങ്യാങ് ആണവ പരീക്ഷണങ്ങള്‍  നടത്തുന്നില്ല  . പിന്നെന്തിനാണ് ഈ പ്രസ്താവനകള്‍ ?അമേരിക്കയും സഖ്യകക്ഷികളും ആണവനിരായുധീകരണം എന്ന നിബന്ധന ഇങ്ങോട്ടുവയ്ക്കുമെന്ന് കിമ്മിനറിയാം. അതിന് ഒരു മുഴം മുന്നേ എറിയുകയാണ് അദ്ദേഹം. പക്ഷെ എന്നിട്ടും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് , ആ പ്രസ്താവനയെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാനും പരീക്ഷണശാല അടയ്ക്കാനുമുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ ലോകത്തിനുള്ള നല്ല വാര്‍ത്ത എന്നാണ് അദ്ദഹം വിശേഷിപ്പിച്ചത്.  പ്യോോങ്്യാങ് വലുതെന്തോ ചെയ്തു എന്ന് വൈറ്റ്ഹൗസ്  കരുതുന്നു. 

ദക്ഷിണകൊറിയയും കിമ്മിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്തു. പുതിയ പ്രസ്താവനകള്‍ പരസ്പരവിശ്വാസം വളര്‍ത്താന്‍ ഉതകുന്നതാണെന്ന് സോള്‍ അഭിപ്രായപ്പെട്ടു. മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് കിം ആവശ്യപ്പെട്ടതുമില്ലന്ന് ദക്ഷിണകൊറിയ ചൂണ്ടിക്കാട്ടുന്നു. പക്ഷെ സൈനിക പിന്‍മാറ്റം ഈ ചര്‍ച്ചകളുടെ അജന്‍ഡയില്‍ ഇല്ലെന്നതാണ് വാസ്തവം.  ഇരുരാജ്യങ്ങളുടെയുംപ്രസിഡന്‍റുമാരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹോട്്ലൈന്‍ പ്രവര്‍ത്തനക്ഷമമാക്കിയതും ദക്ഷിണകൊറിയക്ക് പ്രതീക്ഷയേകുന്നു. എന്നാല്‍  ജപ്പാനാണ് ഉത്തരകൊറിയന്‍ പ്രഖ്യാപനങ്ങളോട് യാഥാര്‍ഥ്യബോധത്തോടെ പ്രതികരിച്ചത്. ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കലല്ല, സമ്പൂര്‍ണആണവനിരായുധീകരണമാണ് പ്യോോങ്യാങ്ങില്‍ നിന്ന് ലോകം പ്രതീക്ഷിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ആണവ, മിസൈല്‍ പരീക്ഷണങ്ങളുടെ പരമ്പര തന്നെയാണ് ഉത്തരകൊറിയ നടത്തിയത്. ഡോണള്‍ഡ് ട്രംപുമായുള്ള വാക്്പോര്, യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുമെന്നുപോലും ലോകംഭയന്നു.  2018 വന്നതോടെ പെട്ടന്നായിരുന്നു ഉത്തരകൊറിയന്‍ ഏകാധിപതിയുടെ നിലപാട് മാറ്റം. ശീതകാല ഒളിംപിക്സിന് ദക്ഷിണകൊറിയയിലേക്ക് ടീമിനെ മാത്രമല്ല പ്രധാനവിശ്വസ്ഥയായ സഹോദരിയെയും അയച്ചു കിം. പിന്നീടിങ്ങോട്ട് തിരക്കിട്ട നയതന്ത്ര നീക്കങ്ങളാണ് പ്്യോങ്്യങ് നടത്തിയത്. 

കിം ജോങ് ഉന്നിന്‍റെ നീക്കങ്ങളുടെ കാരണവും ലക്ഷ്യവും സംബന്ധിച്ച് നയതന്ത്രവിദഗ്ധര്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്. രാജ്യാന്തരഉപരോധങ്ങളില്‍ നിന്ന് എങ്ങനെയും പുറത്തുകടക്കാനാണ് കിമ്മിന്‍റെ ശ്രമമെന്നാണ് ഒരു കൂട്ടരുടെ നിരീക്ഷണം.അതിനുള്ള തന്ത്രമാണ് താല്‍ക്കാലിക കീഴടങ്ങല്‍ എന്നും.  ആണവശക്തി രാജ്യം ആയുധശേഷി കുറയ്ക്കാന്‍   തയാറാവുന്നു  എന്നല്ല മറിച്ച് തീര്‍ത്തും ഒറ്റപ്പെട്ട രാജ്യം ആയുധശേഖരങ്ങള്‍ അടിയറവുവയ്ക്കുന്നു എന്നാണ് കിമ്മിന്‍റെ നീക്കത്തെ അവര്‍ വിലയിരുത്തുന്നത്. ഉത്തരകൊറിയയെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നും ഇക്കൂട്ടര്‍ ഒാര്‍മിപ്പിക്കുന്നു.1994 ലും 2005ലും 2012ലും രാജ്യാന്തരമര്യാദകളെല്ലാം കാറ്റില്‍പ്പറത്തി ധാരണകള്‍ ലംഘിച്ച ചരിത്രമാണ് ഉത്തരകൊറിയക്കുള്ളത്.

എന്നാല്‍ രാജ്യസുരക്ഷ ഉറപ്പുനല്‍കിയാല്‍ ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുക തന്നെ ചെയ്യും എന്ന് കരുതുന്നവരുമുണ്ട്. കിം ജോങ്് ഉന്നിനെ മിസൈല്‍ പരീക്ഷണങ്ങളുമായി മാത്രം ചേര്‍ത്ത് കാണുന്ന ലോകവീക്ഷണമാണ് പ്രശ്നമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. പിതാവില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതി എന്നത് കിം ആത്മാര്‍ഥമായി  ആഗ്രഹിക്കുന്നുണ്ടത്രെ. ചൈനയാണ് അദ്ദേഹത്തിന്‍റെ റോള്‍ മോഡല്‍. സോഷ്യലിസ്റ്റ് സമ്പദ്്ഘടനയുടെ പുരോഗതിക്ക് ആവശ്യമായ  ലോകഅന്തരീക്ഷം സൃഷ്ടിക്കല്‍ എന്ന  കിമ്മിന്‍റെ  പ്രഖ്യാപനം ആണവായുധവിപുലീകരണം അവസാനിപ്പിക്കുന്നതിന് അദ്ദേഹത്തിന്  ജനങ്ങളുടെ  പിന്തുണയേകും.  വിപണികേന്ദ്രീകൃത സമ്പദ്ഘടനയിലേക്കുള്ള  ഉത്തരകൊറിയയുടെ മാറ്റം ഒരു ദിശാസൂചകമാണ്. തലസ്ഥാനമായ പ്യോങ്്യാങ്ങില്‍ തന്നെ വന്‍ വികസനപദ്ധതികള്‍ക്കാണ് തുടക്കമിട്ടിട്ടുള്ളത്. രാജ്യത്തെ ചെറുപട്ടണങ്ങളും വികസനത്തിന്‍റെ പാതയിലാണ്.  രാജ്യാന്തരഉപരോധങ്ങള്‍ മൂലം കാലങ്ങളായിവീര്‍പ്പുമുട്ടുന്ന ജനതയോട് ഇനി അധികകാലം മുണ്ടുമുറുക്കി ജീവിക്കേണ്ടി വരില്ല എന്ന് കിം പറഞ്ഞതും മാറ്റത്തിന്‍റെ സൂചനയായി നിരീക്ഷകര്‍ കരുതുന്നു. 

കിം ജോങ്ങ് ഉന്നിന്‍റെ മാറ്റത്തെ ലോകം പ്രതീക്ഷയോടെ നോക്കി കാണുമ്പോള്‍ അതത്ര രസിക്കാത്ത മറ്റൊരു കൂട്ടരുണ്ട്. ചൈന. ദക്ഷിണകൊറ്ിയയും അമേരിക്കയുമായും കൈകോര്‍ക്കാനുള്ള കിമ്മിന്‍റെ നീക്കം ബെയ്്ജിങ്ങിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ പിണക്കത്തിന്‍റെ ആധിക്യം കുറയ്ക്കാനായിരുന്നു പോയ ആഴ്ചയിലെ കിമ്മിന്‍റെ ചൈന സന്ദര്‍ശനം.

എഴുപതുവര്‍ഷം നീണ്ട ശത്രുതയ്ക്ക് വിരമാമിടാനാണ് കിം ജോങ് ഉന്‍ ശ്രമിക്കുന്നതെങ്കില്‍ ചൈനയ്ക്ക് അത് നല്‍കുന്ന തിരിച്ചടി ചെറുതല്ല. സാമ്പത്തികരംഗത്തും  നയതന്ത്രതലത്തിലും. അമേരിക്ക എന്ന പ്രഖ്യാപിത ശത്രുവിനോട് ഉത്തരകൊറിയ അടുക്കുന്നതാണ് ചൈനയെ ഏറെ അസ്വസ്ഥമാക്കുന്നത്. കിം ജോങ് ഉന്നും ഡോണള്‍ഡ് ട്രംപും  ഇത്രപെട്ടന്ന് മുഖാമുഖം കാണും എന്നത് ചൈനയുടെ വിദൂരസ്വപ്നങ്ങളില്‍പ്പോലും ഉണ്ടായിരുന്നില്ല. ഉപരോധങ്ങളെ വെല്ലുവിളിച്ച് ഇത്രകാലം ഉത്തരകൊറിയയെ താങ്ങി നിര്‍ത്തിയത് ചൈനയാണ്. ഇപ്പോള്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന സ്ഥിതിയായി ബെയ്്ജിങ്ങിന്. നയതന്ത്രനീക്കങ്ങള്‍ പുരോഗമിക്കുമ്പോള്‍ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയിരിക്കുന്നു ഏഷ്യയിലെ വന്‍ശക്തിരാജ്യം. രാജ്യാന്തരരംഗത്ത് നിര്‍ണായക ശക്തിയായി മാറാനുള്ള ചൈനയുടെയും പ്രസിഡന്‍റ് ഷി ചിന്‍പിങ്ങിന്‍റെയും നീക്കങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ സംഭവങ്ങള്‍. 

കൊറിയന്‍ സമാധാനസ്ഥപനത്തിന്‍റെ പിതൃത്വം ഉറപ്പിക്കാനുള്ള മല്‍സരത്തിലാണ് ഡോണള്‍ഡ് ട്രംപും മൂണ്‍ ജെഇന്നുമെന്ന് ഷിക്കറിയാം. പക്ഷേ 50 കളിലെ കൊറിയന്‍ യുദ്ധകാലം മുതല്‍ ഉത്തരകൊറിയക്കൊപ്പം നിന്ന തങ്ങളെ മറികടന്ന് ഇങ്ങനെയൊരു നീക്കത്തിന് പ്യോങ്്യാങ് തയാറാവുമെന്ന് ബെയ്ജിങ് കരുതിയില്ല. ഉത്തരകൊറിയയുടെ ആണവനിരായുധീകരണം ചൈന ആഗ്രഹിക്കുന്നില്ല. ആണവായുധങ്ങള്‍ ഉള്ള ഉത്തരകൊറിയയുടെ സാന്നിധ്യം അമേരിക്കന്‍ വെല്ലുവിളി നേരിടാന്‍ ചൈനയുടെ കൈവശമുള്ള തുറുപ്പുചീട്ടാണ്. മാത്രമല്ല ദക്ഷിണകൊറിയയുമായുള്ള സംഘര്‍ഷത്തിന്  അയവുവരുന്നത് ഭാവിയില്‍ കൊറിയകളുടെ ഏകീകരണത്തിനു കാരണമാകുമെന്നും  ചൈനയ്ക്ക് ഭയമുണ്ട്. ഏഷ്യയില്‍ ആണവശക്തിയായ മറ്റൊരു വലിയ രാജ്യം 

ഉണ്ടാകുന്നത് ചൈനയ്ക്ക് ചിന്തിക്കാനെ കഴിയില്ല. അതിന് അമേരിക്കന്‍ പിന്തുണകൂടിയുണ്ടെങ്കില്‍ പ്രത്യേകിച്ചും.  മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറണം, ട്രംപ് കിം കൂടിക്കാഴ്ചയില്‍ നിന്ന് ചൈന ആഗ്രഹിക്കുന്നത് ഇതാണ്.  അങ്ങനെ രണ്ട് കൊറിയകളും സൈനികമായി ചൈനയെ ആശ്രയിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. എന്നാല്‍ മുന്‍ഗാമികളെപ്പോലെ  തന്‍റെ രാജ്യത്തിനുമേലുള്ള  ചൈനീസ് സ്വാധീനം കുറയ്ക്കണമെന്ന് ആഗ്ഹിക്കുന്നയാളാണ് കി ംജോങ് ഉന്നും. രാജ്യാന്തര ഉപരോധങ്ങളെത്തുടര്‍ന്ന് ചൈനയെ അമിതമായി ആശ്രയിക്കേണ്ടി വന്നെങ്കിലും മനസില്ലാ മനസോടെയാണ് കിം അത് ചെയ്തിരുന്നത്. രാജ്യാന്തര ഉപരോധങ്ങള്‍ നീക്കിക്കിട്ടിയാല്‍ ഈ ചൈനീസ് വലയ്ക്കുള്ളില്‍ നിന്ന് കിമ്മിന് പുറത്തുകടക്കാം. അതുകൊണ്ടു തന്നെ ചൈന ആഗ്രഹിക്കുന്നതുപോലെ ഡോണള്‍ഡ് ട്രംപും കിം ജോങും ഉന്നും ഹസ്തദാനം ചെയ്ത് ചിരിച്ചുനില്‍ക്കുന്ന ചിത്രത്തിന് അപ്പുറം ഒന്നും സംഭവിക്കില്ല എന്ന് കരുതാനാകില്ല. 

MORE IN WORLD
SHOW MORE