ഐഎസിന്‍റെ ചുങ്കപ്പിരിവും ചൂഷണവും

lk-isis-t
SHARE

ആധുനിക ലോകചരിത്രത്തിലെ ഒരിക്കലും മായാത്ത കറുത്തപാട്,ഇസ്്ലാമിക് സ്റ്റേ റ്റ്ക്രൂരതയുടെ പര്യായമായ ഭീകസംഘടന.  ഇറാഖിലെ കിര്‍ക്കുക്ക് മുതല്‍ കേരളത്തിലെ കണ്ണൂര്‍ വരെ വേരോട്ടമുണ്ടായ സംഘടന. ലോകത്തെ വന്‍ ശക്തികള്‍ ഒറ്റക്കെട്ടായി ശ്രമിച്ചിട്ടും ഖലിഫേറ്റെന്ന ഇസ്്ലാമിക് സ്റ്റേറ്റ് മതരാഷ്ട്രത്തെ പരാജയപ്പെടുത്താന്‍ 3 വര്‍ഷം വേണ്ടി വന്നു. എന്തുകൊണ്ട് ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് ന്യൂയോര്‍ക് ടൈംസ് പത്രം പുറത്തുവിട്ട ഐസിസ് ഫയല്‍സ്. രുക്മിണി കല്ലിമാച്ചി എന്ന വനിതാമാധ്യമപ്രവര്‍ത്തകയുടെയും സംഘത്തിന്‍റെയും സമാനതകളില്ലാത്ത ഉദ്യമമാണ് ഭീകരരാഷ്ട്രത്തിന്‍റെ നിലനില്‍പിന്‍റെ കഥകളിലേക്ക് വെളിച്ചം വീശുന്നത്.

 ഇസ്്ലാമിക് സ്റ്റേറ്റ്, ഭീകരസംഘടന എന്നതിനുമപ്പുറം സ്വന്തമായി ഒരു രാഷ്ട്രം രൂപീകരിച്ച് മൂന്ന് വര്‍ഷം അതിന്‍റെ ഭരണംനിയന്ത്രിച്ചു എന്നതാണ് ഐസിസിനെ മറ്റ് തീവ്രവാദഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.  വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും സമ്പന്നരായ ഭീകരസംഘട.                   ലോകത്തെ വന്‍ശക്തി രാജ്യങ്ങള്‍ പതിനെട്ടടവും പയറ്റിയിട്ടും ഇത്രകാലം ഇസ്ലാമിക് സ്റ്റേറ്റിന് പൊരുതി നില്‍ക്കാനായത് എങ്ങനെ ? എണ്ണപ്പാടങ്ങള്‍ തുടരെത്തുടരെ നശിപ്പിച്ചിട്ടും ഭീകരരുടെ സാമ്പത്തികനില ഭദ്രമായി തുടര്‍ന്നതെങ്ങനെ ? എണ്ണ കരിഞ്ചന്തക്കെതിരെ രാജ്യാന്തര ജാഗ്രത കര്‍ശനമാക്കിയിട്ടും ഐസിസിന്‍റെ വരുമാനം നിലയ്ക്കാതിരുന്നതെങ്ങനെ ? തീവ്രവാദവിരുദ്ധ ഏജന്‍സികളെയെല്ലാം അദ്ഭുതപ്പെടുത്തിയിരുന്ന ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ന്യൂയോര്‍ക് ടൈംസ് പുറത്തുവിടുന്ന ഐസിസ് ഫയല്‍സ്. ആരാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സാമ്പത്തിക സ്രോതസ് എന്ന ചോദ്യത്തിന് ലോകം പല ഉത്തരങ്ങളും കണ്ടെത്തി. സൗദി അറേബ്യയെന്നും ഖത്തറെന്നും അതല്ല അമേരിക്ക തന്നെയെന്നും പലരും നിരീക്ഷിച്ചു. എന്നാല്‍ ശരിയായ ഉത്തരം ഇതൊന്നുമല്ലെന്ന് ഐസിസ് ഒഴിഞ്ഞുപോയ മേഖലകളില്‍ നിന്ന് ന്യൂയോര്‍ക് ടൈംസ് കണ്ടെത്തിയ പതിനായിരക്കണക്കിന് രേഖകള്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍, ജനങ്ങള്‍ തന്നെയായിരുന്നു ഇസ്്ലാമിക് സ്റ്റേറ്റിന്‍റെ പ്രധാനവരുമാന സ്രോതസ്. ഖലിഫേറ്റ് എന്ന മതരാഷ്ട്രത്തിലെ സാധാരണപൗരന്‍മാരില്‍ നിന്ന് തോക്കിന്‍മുനയില്‍ പിരിച്ച വന്‍ചുങ്കം. അവസാന നിമിഷം വരെ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ പോരാളികള്‍ പണം കണ്ടെത്തിയ മാര്‍ഗം അതായിരുന്നു. 

ജീവിതത്തിന്‍റെ സമസ്തമേഖലകളിലും വന്‍തോതില്‍ ചുങ്കം കൊടുക്കാന്‍ സാധാരണക്കാര്‍ നിര്‍ബന്ധിതരായി. ഉദാഹരണത്തിന് സ്വന്തം ഭൂമിയില്‍ കൃഷിയിറക്കുമ്പോള്‍, വിളവെടുക്കുമ്പോള്‍ , ധാന്യങ്ങള്‍ സംസ്കരിക്കുമ്പോള്‍ എല്ലാം പ്രത്യേകം പ്രത്യേകം നികുതി.  വിളയിറക്കാനോ വിളവെടുക്കാനോ ഐഎസ് അധിാകരികളുടെ രേഖാമൂലമുള്ള അനുവാദം നിര്‍ബന്ധം. വിളവെടുപ്പിന് ഐഎസ് കാവല്‍.  കൃഷിഭൂമിയില്‍ നിന്നുതന്നെ പത്തിലൊന്ന് ഐഎസ് കൊണ്ടുപോകും. ഇനി ഈ  ഈ വിള വില്‍ക്കാന്‍ കഴിയുന്നതും ഇസ്്ലാമിക് സ്റ്റേറ്റിന് തന്നെ.   കാര്‍ഷികോല്‍പാദനത്തിന്‍റെ പത്തുശതമാനം സകാത്  നല്‍കുകയും വേണം  . ഇറാക്കിലെയും സിറിയയിലെയും  ഏറ്റവും ഫലഭൂയിഷ്ടമായ ഭൂപ്രദേശങ്ങളെല്ലാം തങ്ങളുടെ അധീനതയിലാക്കി ഇസ്്ലാമിക് സ്റ്റേറ്റ്. ഇറാഖിലെ 40 ശതമാനം ഗോതമ്പ് പാടങ്ങളും  സിറിയയിലെ 80 ശതമാനം പരുത്തിപ്പാടങ്ങളും ഭീകരസംഘടനയ്ക്ക മികച്ച വരുമാനമാര്‍ഗമായി.  ഒറ്റദിവസം 1,50,000 ഡോളര്‍ ഐഎസിന് നികുതി കൊടുത്തതായി ഒരു കര്‍ഷകന്‍ തന്‍റെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എണ്ണപ്പാടങ്ങളില്‍ ബോംബ് വര്‍ഷം നടക്കുമ്പോഴും ഈ നികുതി ഇസ്ലാമിക് സ്റ്റേറ്റിന് അടിത്തറയേകി.പൊതുവിതരണ സമ്പ്രദായം പൂര്‍ണമായും കൈക്കലാക്കിയ ഭീകരര്‍ നാലിരട്ടിവരെ വില ഈടാക്കിയെന്ന രേഖകള്‍ പറയുന്നു. മാലിന്യനീക്കത്തിന് മാസം 2000 ദിനാര്‍, വെള്ളത്തിനും വൈദ്യുതിക്കും മാസം 10,000 വരെ.  ടെലഫോണ്‍ ഉപയോഗിത്തിന് 5000ദിനാര്‍. വൈദ്യുതി മോഷ്ടിക്കുന്നവര്‍ക്ക് 2,50,000 ദിനാര്‍ പിഴയും ശരിയ പ്രകാരമുള്ള ശിക്ഷയും.സകാത്ത് എന്ന ദാനകര്‍മത്തെ നിര്‍ബന്ധിത പിരിവാക്കി ഇസ്്ലാമിക് സ്റ്റേറ്റ്. ഒരു വ്യക്തിയുടെ    ആകെ സ്വത്തിന്‍റെ   2.5 ശതമാനം  സകാത്ത് നല്‍കണമെന്നത് കര്‍ശനമാക്കി. നികുതിദായകര്‍ക്ക് കൃത്യമായ രേഖകളും നല്‍കിയിരുന്നു. ഈ രേഖകള്‍ കൈവശമില്ലാതെ ജീവിതം അസാധ്യമായിരുന്നു ഖ

ലിഫേറ്റില്‍. ഉദാഹരണത്തിന് കാലിത്തീറ്റ വാങ്ങാനെത്തുന്ന കര്‍ഷകന്‍ കന്നുകാലി വളര്‍ത്തലിനുള്ള ചുങ്കം നല്‍കുന്നുണ്ട് എന്ന രേഖ ഹാജരാക്കിയെ മതിയാകൂ. ഇല്ലെങ്കില്‍ കന്നുകാലികള്‍ക്ക് പട്ടിണിയാവും വിധി.  നിയമലംഘകര്‍ക്ക് കര്‍ശനശിക്ഷയും. 2016 നവംബറില്‍ പോലും ഈ നികുതി പിരിവ് തടസമില്ലാതെ തുടര്‍ന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അതായത് സഖ്യസേനയുടെ ആക്രമണം രൂക്ഷമായിരിക്കുമ്പോളും ജനങ്ങളെ പിഴിയുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ല ഭീകരര്‍.

കൊന്നും കൊലവിളിച്ചും ലോകത്തെ വിറപ്പിച്ച ഭീകരസംഘടന എന്നതിനപ്പുറം ഒരു രാഷ്ട്രമെന്ന നിലയില്‍ ഐസിസിന് പ്രവര്‍ത്തിക്കാനായതെങ്ങനെ ?വളരെപ്പെട്ടന്ന് മതരാഷ്ട്രത്തിന് സര്‍ക്കാര്‍ സംവിധാനം പ്രായോഗികമാക്കാനായി ?

12 മില്യണ്‍ ജനങ്ങള്‍, ഏതാണ്ട് ഇംഗ്ലണ്ടിന്‍റെ വലിപ്പം. ഇതായിരുന്നു ഖലിഫേറ്റ്.    പുതുതായി ഒന്നും ചെയ്യേണ്ടി വന്നില്ല ബഗ്ദാദിയുടെ സംഘത്തിന്. ശരിയ നിയമപ്രകാരം  ഈ  രാജ്യം ഭരിക്കാന്‍. സര്‍ക്കാര്‍ സംവിധാനങ്ങളെ അതേപടി ഉപയോഗിച്ചു.   ഖലിഫേറ്റ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം പള്ളികളില്‍ നിന്ന് പ്രഖ്യാപനമെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം പഴയപടി ജോലിക്കെത്തണം. ജോലിയില്‍ പക്ഷെ അല്‍പം വ്യത്യാസമുണ്ടാകും. . അനിസ്ലാമികമെന്ന് ഐഐസ് നിര്‍വചിക്കുന്ന കാര്യങ്ങളെ അമര്‍ച്ച ചെയ്യുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന പണി. 

തോക്കിന്‍മുനയില്‍ ചെയ്യേണ്ടി വന്ന കാര്യങ്ങളെയോര്‍ത്ത് പരിതപിക്കുന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥനെ ന്യൂയോര്‍ക് ടൈംസ് പരിചയപ്പെടുത്തുന്നു.  ഷിയാക്കള്‍, ക്രിസ്ത്യാനികള്‍, യസീദികള്‍ ഇസ്്ലാമിക് സ്റ്റേറ്റ് കൊന്നൊടുക്കയോ പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുകയോ ചെയ്ത ഇവരുടെ കൃഷിഭൂമികള്‍ പിടിച്ചെടുക്കുക എന്ന ദൗത്യം അദ്ദേഹത്തിന് ചെയ്യേണ്ടി വന്നു. വരുമാനം കൃത്യമായി ഭീകര്‍ക്ക് കൃത്യമാി എത്തിച്ചുകൊടുക്കണം. ചിലകാര്യങ്ങളിലെങ്കിലും ഐഎസ് ഭരണം മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന് മാലിന്യസംസ്ക്കരണം. ജോലിക്കാര്‍ കൃത്യമായി പണി ചെയ്തു. കാരണം മുമ്പ് കൃത്യവിലോപത്തിന് പരമാവധി ശിക്ഷ ഒരു ദിവസത്തെ സസ്പെന്‍ഷനെങ്കില്‍ ഐഎസിന് കീഴില്‍ ചാട്ടവാറടിയോ അല്ലെങ്കില്‍ തലകൊയ്യലോ തന്നെയാവും. വധശിക്ഷയ്ക്ക് വിധിക്കപ്പെടട്വരുടെ തലകള്‍ തൂങ്ങിക്കിടക്കുമ്പോഴും മൊസൂളിലെയും റാഖയിലെയുമെല്ലാം നിരത്തുകള്‍ ഒരുകടലാസ് പൊട്ടുപോലുമില്ലാതെ കിടന്നു.  പ്രാര്‍ഥനാസമയത്ത് ചിരിച്ചതിന് 14 കാരനെ ജയിലിലടെച്ചെന്ന് ഐഎസ് മന്ത്രാലയ രേഖകള്‍ പറയുന്നു.  കണ്ണ് മറയ്ക്കാതെ പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ കാഴ്ച ഒറ്റയിടിക്ക് ഇല്ലാതാക്കിയെന്നും. ഭയമാണ് ജീവിത്തിന്‍റെ ഒാരോനിമിഷത്തെയും നയിച്ചതെന്ന് ജനങ്ങളും സമ്മതിക്കുന്നു. സ്വന്തം കാലിനടിയിലെ ചേറ് താങ്ങി നിര്‍ത്തേണ്ട ഗതികേട്. വിവിധ ഇസ്്ലാമിക് സ്റ്റേറ് ഒാഫീസുകളില്‍ നിന്നായി കണ്ടെത്തിയ 15,000 രേഖകളാണ് ന്യൂയോര്‍ക് ടൈംസ് പുറത്തു വിടുന്നത്.

MORE IN WORLD
SHOW MORE