വ്യാപാരയുദ്ധം ഇനിയും എത്രനാള്‍..?

lk-trump-and-xi-t
SHARE

രാജ്യാന്തര വിപണിയെ ആശങ്കപ്പെടുത്തി യുഎസ് ചൈന വ്യാപാരയുദ്ധം മുറുകുന്നു. മുമ്പേ ചൈന വിരുദ്ധനായ ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഇത്തരമൊരു നീക്കം പലരും പ്രവചിച്ചതാണ്. ചൈനയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് അമേരിക്ക കനത്ത തീരുവ ചുമത്തിയതായിരുന്നു തുടക്കം. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ചുമത്തി ചൈനയും തിരിച്ചടിച്ചു. വ്യാപരയുദ്ധമാണ് ഡോണള്‍ഡ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കില്‍ ശക്തമായി പോടുമെന്ന് ബെയ്ജിങ് വ്യക്തമാക്കിക്കഴിഞ്ഞു.

പ്രസിഡന്‍റ് ട്രംപിന്‍റെ ചൈന വിരോധം പണ്ടേ പ്രശസ്തമാണ്. മികച്ച വ്യാപാരിയായ അദ്ദേഹത്തിന് ചൈനയുടെ വാണിജ്യവ്യാപാര നയങ്ങളോടാണ് വിയോജിപ്പ്.  കറൻസി മൂല്യത്തിൽ കൃത്രിമം കാട്ടുന്ന  ചൈനയിൽനിന്നുള്ള ഇറക്കുമതിക്ക് അധിക ചുങ്കം ഏർപ്പെടുത്തുമെന്ന്  തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തേ ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ചൈനയും യുഎസും തമ്മിൽ ഇറക്കുമതി മൂല്യത്തിൽ വൻ വ്യത്യാസമുണ്ടെന്നും ഇത് യുഎസിനു പ്രതികൂലമാണെന്നും അധികാരമേറ്റതു മുതൽ പ്രസിഡന്‍റ് പലതവണ പറഞ്ഞു. മാര്‍ ഇ ലാഗോയില്‍ ചൈനീസ് പ്രസിഡന്‍റിനെയും ഭാര്യയെയും സല്‍ക്കാരത്തിന് ക്ഷണിച്ചപ്പോള്‍ മഞ്ഞുരുകുകയാണെന്ന് ലോകം ധരിച്ചു.  അത് വെറും തെറ്റിദ്ധാരണയാണെന്ന് തെളിയിച്ച് ചൈനയിൽ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 5000 കോടി ഡോളറിന്റെ അധിക തീരുവ ചുമത്തി. എയറോസ്പേസ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി, റോബോട്ടിക്സ്, യന്ത്രങ്ങൾ എന്നിവയടക്കമുള്ള   1300 ഉൽപന്നങ്ങളാണ് അമേരിക്ക തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടത്.  ചൈനീസ് നിക്ഷേപത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്ന വിജ്ഞാപനത്തിൽ   മാര്‍ച്ച് 9ന്  പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു.  നടപടികള്‍ അമേരികക്ന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. 

പ്രതീക്ഷിച്ചിരുന്ന പ്രഖ്യാപനത്തിന് ഒട്ടും വൈകാതെ മറുപടി നല്‍കി ചൈന.അമേരിക്കയിൽ നിന്നുള്ള 128 ഉൽപന്നങ്ങൾക്കു ചൈന പുതിയ നികുതി ഏർപ്പെടുത്തി. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പഴങ്ങൾക്കും 120 അനുബന്ധ ഉൽപന്നങ്ങൾക്കും 15 ശതമാനവും പന്നിയിറച്ചി ഉൾപ്പെടെയുള്ള എട്ട് ഉൽപന്നങ്ങൾക്ക് 25 ശതമാനവുമാണ് അധിക തീരുവ.  അതായത് ഇരുരാജ്യങ്ങളും പരസ്പരം ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവ ഏതാണ്ട്  50,000 കോടി യുഎസ് ഡോളറിന്റേതായി.  

വ്യാപാരയുദ്ധം മുറുകിയതോടെ ഒാഹരി വിപണികള്‍ ഇ‍‍ടിഞ്ഞുതാണു. ആഗോളവ്യാപാര മാന്ദ്യഭീഷണി നിക്ഷേപകരെ പിന്നാക്കം വലിച്ചു. ലോകവ്യാപാരസംഘടനയില്‍ പരാതിപ്പെടാന്‍ ഏഷ്യന്‍ രാജ്യങ്ങവ്‍ തീരുമാനിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണു ചൈന. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിച്ച 1979ൽ 250 കോടി ഡോളറിന്റെ വ്യാപാരമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വർഷം ഇത് 51,960 കോടി ഡോളറായി.  പോയ നവംബറില്‍ മാത്രം 25,000 കോടി ഡോളറിന്‍റെ ഇടപാടുകള്‍ക്കുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. വ്യാപാരയുദ്ധം മുറുകുന്നത് സാമ്പത്തിക മാന്ദ്യത്തിനും തൊഴിലില്ലായ്മയ്ക്കും വഴിവച്ചേക്കും. ആഗോളകമ്പനികള്‍ക്കും വെല്ലുവിളിയാണ് പുതിയ സാഹചര്യം. 

    

ചൈനയുമായുള്ള വ്യാപാരയുദ്ധം അമേരിക്കയില്‍ ഒരുലക്ഷത്തി തൊണ്ണൂറായിരം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന്  റേറ്റിങ് ഏജന്‍സിയായ മൂഡീസ് പറയുന്നു. ജിഡിപിയില്‍ 0.14 ശതമാനം കുറവുവരുമെന്നര്‍ഥം. കാര്‍ഷിക മേഖലയെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. ഉദാഹരണത്തിന് പന്നിയിറച്ചിയുടെയും ആപ്പിളിന്‍റെയും ഏറ്റവും വലിയ ഉദ്പാദകരായ ഒഹായോ സംസ്ഥാനത്തിന് ചൈന ഏര്‍പ്പെടുത്തിയ മറുപടി ചുങ്കം കനത്ത തിരിച്ചടിയായി. അമേരിക്കന്‍ കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നു നടപടികള്‍ ക്ഷണിച്ചുവരുത്തിയ ട്രംപ് സാധാരണക്കാരുടെ ജീവിതം കൊണ്ട് പന്താടുകയാണെന്ന  ആോരപണവുമായി  ഡെമോക്രാറ്റുകള്‍ രംഗത്തിറങ്ങി. 

ചൈനയിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന കര്‍ഷകര്‍ക്ക് വ്യാപാരയുദ്ധം വന്‍ തിരിച്ചടിയാണുണ്ടാക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരും ട്രംപിനെതിരെ തിരിഞ്ഞു. എന്നാല്‍  വ്യാപാരയുദ്ധം താല്‍ക്കാലിക പ്രയാസങ്ങളുണ്ടാക്കുമെങ്കിലും ആത്യന്തികമായി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നാണ് പ്രസിഡന്‍റ് ട്രംപിന്‍റെ പക്ഷം. പക്ഷേ  വൈറ്റ് ഹൗസ് ഉന്നതര്‍ക്കും നിയമവിദഗ്ധര്‍ക്കുമെല്ലാം പ്രസിഡന്‍റിന്‍റെ ഈ പോക്കില്‍ ആശങ്കയുണ്ട്. അമേരിക്കൻ കേന്ദ്ര ബാങ്ക് ആയ ഫെഡറൽ റിസർവിന്റെ  പുതിയ  ചെയർമാനായി ജെറോം പവലിന്‍റെ സ്ഥാനാരോഹണ ചടങ്ങിലും ഇത് പ്രകടമായിരുന്നു. അമേരിക്കന്‍ സമ്പദ്്വ്യവസ്ഥയുടെ ശകതിയെക്കുറിച്ച് പവല്‍ പ്രസംഗിക്കുമ്പോള്‍ വാള്‍സ്ട്രീറ്റില്‍ കാര്യങ്ങള്‍ ഒട്ടും ശുഭകരമായിരുന്നില്ല.  കാത്തിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് സ്ഥാനരോഹണ വേളയില്‍ ഒന്നും പറയാന്‌ പവല്‍ തയാറായില്ല. പ്രസിഡന്‍റിന്‍റെ നടപടികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതെന്നാണ് ട്രഷറി സെക്രട്ടറിയുടെ വാദം. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകാതെ ചൈനയുമായി സമവായ ശ്രമങ്ങളുണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.  

വന്‍ ഇറക്കുമതി തീരുവ   ലോകത്താകമാനമുള്ള   ഉപഭോക്താത്തള്‍ക്കും തിരിച്ചടിയാണെന്ന് സാമ്പത്തികവിദ്ഗ്ധര്‍ ഒാര്‍മിപ്പിക്കുന്നു. വാള്‍മാര്‍ട്ട് പോലുള്ള അമേരിക്കന്‍  കമ്പനികള്‍ ചൈനയില്‍ നിന്നാണ് ചരക്കെത്തിക്കുന്നത്.  അവരുടെ മേലുള്ള അധികതീരുവ വിപണിവിലയില്‍ വന്‍ വര്‍ധനയുണ്ടാക്കും. വ്യാപാരയുദ്ധം ആരെയും വിജയിപ്പിക്കെല്ലന്ന് പറയുന്ന ചൈന, ലോകത്തിനാകെ വന്‍ നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഒരര്‍ഥത്തില്‍ അത് ശരിയാണ്. രണ്ട് രാജ്യങ്ങളിലും നിക്ഷേപമുള്ള കമ്പനികള്‍ പ്രതിസന്ധിയിലാകും, ഉദാഹരണത്തിന് ആപ്പിള്‍. ആഗോളവ്യാപാരശൃംഖലയിലുണ്ടാകുന്ന ഏതു ചലനവും ആഗോളസമ്പദ്്്വ്യവസ്ഥയയെും ബാധിക്കുമെന്നുറപ്പ്. ലോകത്തെമ്പാടു നിന്നും വിമര്‍ശനമുയര്‍ന്നതോടെ വൈറ്റ് ഹൗസ് വിശദീകരണക്കുറിപ്പിറക്കി. സ്വതന്ത്രവിപണിയെന്നാല്‍ സുതാര്യവിപണിയാവണമെന്ന് പ്രസ്ഥാവന പറയുന്നു. തൊട്ടുപിന്നാലെ ചൈനയ്ക്കും ലോകവ്യാപാരസംഘടനയ്ക്കും വിമര്‍ശനവുമായി പ്രസിഡന്‍റിന്‍റെ ട്വീറ്റുമെത്തി. അമേരിക്കന്‍ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നതില്‍ ലോകവ്യാപാരസംഘടന മടി കാണിക്കുന്നെന്ന തന്‍റെ വിമര്‍ശനം അദ്ദേഹം ആവര്‍ത്തിച്ചു. ഏതായാലും വിഷയത്തില്‍ ലോകവ്യാപാരസംഘടന അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് യൂറോപ്പ് അടക്കമുള്ളവര്‍. WTO യെ പണ്ടേ തള്ളിപ്പറഞ്ഞ പ്രസിഡന്‍റ് ട്രംപ്  , സംഘടനയുടെ ഇടപെടലിന് എത്ര വില നല്‍കുമെന്നും കണ്ടറിയണം. 

MORE IN WORLD
SHOW MORE