ഗർഭനിരോധനം ഇനി സ്ത്രീയുടെ മാത്രം ബാധ്യതയല്ല; പുരുഷനും ഗർഭനിരോധന ഗുളികകൾ വരുന്നു

male-contraceptive
SHARE

ഗര്‍ഭനിരോധനം ഉറപ്പാക്കാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാനായി ഗുളികകള്‍ വരുന്നു. ഇത്തരമൊരു ഗുളിക നിര്‍മാണത്തിന്‍റെ അവസാനഘട്ടത്തിലാണെന്നും ഉടന്‍ വിപണിയില്‍ എത്തുമെന്നും ഇതുസംബന്ധിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകൾ കഴിക്കുന്നതു പോലെ തന്നെ ദിവസവും ഈ ഗർഭനിരോധന ഗുളിക പുരുഷൻമാർക്ക് കഴിക്കാവുന്നതാണ്. കഴിക്കാനായി തയാറാകുന്ന ഗുളികകള്‍ മസിലുകളില്‍ കുത്തിവയ്പായും നല്‍കാവുന്നതാണെന്ന് വിദഗ്ദര്‍ വിശദീകരിക്കുന്നു. മെയില്‍ കോണ്‍ട്രാസെപ്റ്റീവ്  പില്‍സ് ആയ ഇതിന്റെ പേര് Dimethandrolone undecanoate( DMAU) എന്നാണ്. പുരുഷ ഹോര്‍മോണ്‍ ആയ ആൻഡ്രോജന്റെ വ്യതിയാനമാണ് ഇതു കഴിക്കുക വഴി സാധ്യമാകുന്നത്. ഇത് സ്ത്രീയ്ക്ക്  ഗര്‍ഭധാരണം തടയുന്നുവെന്നാണ് കണ്ടെത്തല്‍. പാർശ്വഫലങ്ങളില്ലാതെ ഗർഭനിരോധനം നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. 

ഷിക്കാഗോയില്‍ എൻഡോക്രയിന്‍ സൊസൈറ്റിയുടെ വാര്‍ഷികസമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു. നിരവധി പുരുഷന്മാര്‍ മെയില്‍ പില്‍സിനെ കുറിച്ച് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അത് സാധ്യമായിരിക്കുകയാണെന്ന് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്റ്റെഫാനി പേജ് പറയുന്നു.  ഗർഭനിരോധനത്തിന് ദമ്പതികൾ നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. സർവസാധാരണമായി ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്ന മാർഗമാണ് ഗർഭനിരോധന ഗുളികകൾ അഥവാ കോൺട്രൈസെപ്റ്റീവ് പിൽസ്.  ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നവയടങ്ങിയ ഇവ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരുത്തിയാണ് ഗര്‍ഭധാരണം തടയുന്നത്. ഇത്തരം ഗുളികൾ സ്ത്രീകളിൽ പലതരത്തിലുളള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഡോക്ടറുടെ കൃത്യമായ നിർദേശം ഇല്ലാതെ ഇത്തരം ഗുളികകള്‍ കഴിക്കുന്നതും അമിതമായി ഇവ ഉപയോഗിക്കുന്നതും സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾക്കു വരെ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് പുരുഷൻമാർക്ക് കഴിക്കാൻ ഇത്തരത്തിലൊരു ഗുളിക എന്ന ആലോചനയിലേക്ക് ഗവേഷകര്‍ എത്തിയത്.

18 നും 50 നും ഇടയിൽ പ്രായമുള്ള 83 പേരെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ച് വ്യത്യസ്ത അളവുകളിലായി മരുന്ന് നൽകിയായിരുന്നു പരീക്ഷണം. തുടർച്ചയായി ഇരുപത്തിയെട്ട് ദിവസം മരുന്ന് കഴിച്ച പുരുഷന്‍റെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് പരിശോധിച്ചാണ് ബീജത്തിന്‍റെ സാന്നിധ്യം തിട്ടപ്പെടുത്തുക.അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും യൂനീസ് കെന്നഡി ശ്രിവര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചില്‍ഡ് ആന്‍ഡ്‌ ഹ്യൂമന്‍ ഹെല്‍ത്തും ചേര്‍ന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ഗർഭനിരോധന ഉറകൾ ഉപയോഗിച്ചുളള ലൈംഗിക ബന്ധം സുരക്ഷിത്വമല്ലാത്തതിനാൽ കൂടുതൽ ദമ്പതികളും സ്ത്രീ ഗർഭനിരോധന ഗുളികളെ ആശ്രയിക്കുകയാണ് പതിവ്. പുരുഷ ഗർഭനിരോധന ഗുളികൾ വിപണയിലെത്തുന്നതോടെ ഗർഭനിരോധനത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒരളവ് വരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

MORE IN WORLD
SHOW MORE