ഭക്ഷണത്തിനു പകരം ലൈംഗികത; സിറിയയിൽ ഒരു വിഭാഗം സന്നദ്ധ പ്രവർത്തകരുടെ ക്രൂരത

syrian-war
SHARE

സിറിയ രക്തം വാർന്നു മരിച്ചു കൊണ്ടിരിക്കുന്നു. അവർക്കൊപ്പം മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്നു. കണ്ണീർ നനവുളള പ്രതികരണങ്ങളാണ് എങ്ങും.  വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോർട്ടുകൾ ലോക മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. വിഷവാതകപ്രയോഗത്തിന്റെ വാർത്തകൾക്കു പിന്നാലെ സിറിയയിൽ സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ കുറിച്ചുളള വിവരങ്ങളും പുറത്തായി. 

‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉളളത്. എഴുവർഷമായി സിറിയയിലെ  സ്ത്രീകൾ ഇത്തരത്തിൽ ലൈംഗിക പീഡനത്തിന് വിധേയരാകുന്നതായാണ് റിപ്പോർട്ട്. ദാര,  ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളിൽ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ള ഒരു വിഭാഗം സന്നദ്ധ പ്രവർത്തരെ കുറിച്ചാണ് പ്രധാനമായും ആരോപണം ഉയരുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവർത്തിക്കുന്ന ഡാനിയേൽ സ്പെൻസർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ൽ ജോർദാനിലെ അഭയാർഥി ക്യാംപിൽ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നും സ്പെൻസർ വ്യക്തമാക്കുന്നു. 

ആഭ്യന്തര യുദ്ധത്തിൽ  ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട  ഒരു ആശ്രയവുമില്ലാത്ത ഒരു നേരത്തെ ആഹാരം യാചിക്കുന്ന സ്ത്രീകളോടാണ്  ഒരു കൂട്ടം 'സന്നദ്ധ പ്രവർത്തകരുടെ' കൊടും ക്രൂരത.  ഐക്യരാഷ്ട്ര സംഘടന അയച്ചുകൊടുക്കുന്ന ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി കൈവശം വച്ചശേഷം ഇവർ സ്ത്രീകളെ ലൈംഗിക ബന്ധത്തിനു നിർബന്ധിക്കും. ഇതിനു വഴങ്ങുന്നവർക്കു മാത്രമേ ഭക്ഷണപ്പൊതികൾ വിട്ടുകൊടുക്കുകയുള്ളൂ.

ജീവൻ നിലനിർത്തുന്നതിനും ഭക്ഷണം ലഭിക്കുന്നതിനുമായി സ്ത്രീകളെയും പെൺകുട്ടികളെയും ഇത്തരം ഉദ്യോഗസ്ഥർക്കു വിവാഹം ചെയ്ത് കൊടുക്കാറുണ്ടെന്നും 'വോയിസസ് ഫ്രം സിറിയ 2018' എന്ന റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞുവെക്കുന്നു. ഭക്ഷണവും മറ്റും വീടുകളിൽ ഉദ്യോഗസ്ഥർ എത്തിച്ചു കൊടുക്കാറുണ്ട്. പകരം ഒരു രാത്രി തങ്ങൾക്കൊപ്പം കിടക്ക പങ്കിടാൻ ഇവർ സ്ത്രീകളെയും പെൺകുട്ടികളെയും നിർബന്ധിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

syria

പുരുഷൻമാരില്ലാത്തെ വീടുകളിലെ സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഇങ്ങനെ ചൂഷണത്തിന് ഇരയാക്കുന്നത്. വിധവകൾ, വിവാഹമോചിതർ, മനോനില തെറ്റിയവർ തുടങ്ങിവരെയാണു പ്രധാനമായും ലൈംഗിക ചൂഷണത്തിനു വിധേയരാക്കുന്നത്.’അതേസമയം, ഇക്കാര്യത്തെക്കുറിച്ചു ഒരറിവും ഇല്ലായിരുന്നുവെന്നു യുഎൻ ഏജൻസികളും സന്നദ്ധ സംഘടനകളും അറിയിച്ചു. മൂന്നു വർഷങ്ങൾക്കുമുൻപ് ഇക്കാര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പു വന്നിട്ടും ഇപ്പോഴും ഇതു തുടരുന്നതു ഞെട്ടിക്കുന്നതാണ്. ചില കേന്ദ്രങ്ങളിലെ സന്നദ്ധപ്രവർത്തകർക്കുനേരെയാണ് ആക്ഷേപമെങ്കിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നവർക്കും ഇതു നാണക്കേണ്ടുണ്ടാക്കിയിട്ടുണ്ടെന്ന് ചില സന്നദ്ധസംഘടനകൾ അറിയിച്ചു.

ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നിടത്തേയ്ക്ക് സ്ത്രീകൾ വരാൻ മടിക്കുന്നതിന്റെ കാരണം ഇതാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഭക്ഷണ വിതരണകേന്ദങ്ങളിൽ ശരീരം വിറ്റു വേണം ഭക്ഷണം നേടാനെന്ന പ്രതീതിയാണ് ഇത് സൃഷ്ടിക്കുന്നത്. ശരിയായ രീതിയിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്കു പോലും നാണക്കേടാണ് ഇത്തരം പ്രവർത്തനങ്ങളെന്നും ഇവർ പറയുന്നു. പ്രാദേശിക കൗൺസിലുകളിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്കെതിരെയാണ് പരാതികൾ ഏറെയും ഉയരുന്നത്. 

വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ ഗൂട്ടയിൽ സിറിയൻ സേന രാസായുധ പ്രയോഗം നടത്തിയതായി   റിപ്പോർട്ടുകൾ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തു വന്നത്. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിർന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പലർക്കും ഓക്സിജൻ ലഭ്യമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നൂറോളം കുരുന്നുകളാണ് ഒരു മാസത്തിനിടെ ബോംബാക്രമണത്തെത്തുടർന്നു യുദ്ധഭൂമിയിൽ മരിച്ചുവീണത്. രാസായുധ പ്രയോഗത്തിൽ 14 പേർക്കു പരുക്കേറ്റു. ഒരു കുട്ടി കൊല്ലപ്പെട്ടു. ഈ കുരുന്നിന്റെ ചലനമറ്റ ശരീരവുമായി ഡോക്ടർമാർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടിരുന്നു. 

MORE IN WORLD
SHOW MORE