പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒന്നാമത്; സൗന്ദര്യമില്ലെന്ന് ട്രോളുകൾ: പ്രാചിക്ക് പിന്തുണ

prachi-nigam
SHARE

ഉത്തർപ്രദേശിലെ പത്താം ക്ലാസ് പരീക്ഷയിൽ 98.5 ശതമാനം മാർക്ക് കരസ്ഥമാക്കിയ പ്രാചി നിഗം എന്ന പെൺകുട്ടിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങൾ വലിയ ചർച്ചയായിരുന്നു. സാധാരണ പെണ്‍കുട്ടികളിൽ കണ്ടുവരുന്നതിനേക്കാൾ രോമ വളർച്ച പ്രാചിയുടെ മുഖത്തുണ്ടായിരുന്നു. അതിനെ കളിയാക്കിയായിരുന്നു കമന്റുകൾ പലതും. എന്നിരുന്നാലും വിജയത്തിന്‍റെ തിളക്കം കളിയാക്കലുകളിലും ട്രോളുകളിലും മങ്ങിപ്പോയില്ല. മറുവശത്ത് പ്രാചിക്ക് പിന്തുണയുമായി ആളുകൾ രംഗത്തെത്തി.

പ്രാചിയെ പരിചയപ്പെടുത്തി വന്ന ട്വീറ്റില്‍ പ്രാചയുടെ നേട്ടത്തോടൊപ്പം, ഇനി അവൾ നന്നായി ഒരുങ്ങി നടക്കാൻ ശ്രദ്ധിക്കണമെന്നും പറഞ്ഞ ട്വീറ്റിന് പിന്നാലെയാണ് ട്രോളുകളെത്തിയത്.  സൗന്ദര്യ സങ്കൽപങ്ങളുമായി താരതമ്യം ചെയ്തായിരുന്നു സൈബർ ആക്രമണം. കുട്ടിയുടെ ഫോട്ടോ പ്രചരിപ്പിച്ച് ബോഡി ഷേമിങ് തുടരുന്നതിനിടെയാണ് ചിലർ അതിനെതിരെ രംഗത്തെത്തിയത്.

കുട്ടി നേടിയത് വലിയൊരു കാര്യമാണെന്നും, അത് ആഘോഷിക്കപ്പെടണമെന്നും, കളിയാക്കുന്നവര്‍ക്ക് ആ കുട്ടിയുടെ നേട്ടം കാണാനാകുന്നില്ലെന്നും കമന്‍റുകളെത്തി. വാക്സ് ചെയ്യാൻ പ്രാചി പോകാത്തതിനെ ആളുകൾ കുറ്റം പറയുന്നു, എന്നാൽ അവളുടെ മാർക്ക് ആരും ശ്രദ്ധിക്കുന്നില്ല, എന്തു ചെയ്താലും ആളുകൾ എന്തെങ്കിലുമൊക്ക കുറ്റം കണ്ടുപിടിച്ചുകൊണ്ടേയിരിക്കുമെന്നും ഒരാള്‍ എഴുതി.‌

തീർത്തും പ്രായം കുറഞ്ഞവർക്കെതിരെ ഉയർന്നുവരുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നേരെ പലരും ആശങ്ക പ്രകടിപ്പിച്ചു. മുഖത്തെ രോമങ്ങള്‍ ഹോര്‍മോണൽ പ്രവർത്തനങ്ങളു‌ടെ ഭാഗമായിക്കൂടെയെന്നും ട്രോളുകളോട് ആളുകൾ ചോദിച്ചു. കളിയാക്കാൻ എളുപ്പമാണെന്നും അത് ആ കുട്ടിയെ മാനസികമായി എങ്ങനെ ബാധിക്കുമെന്ന് കൂടി ചിന്തിക്കണെമെന്നും, പ്രാചിക്ക് പിന്തുണയുമായെത്തിയവർ പങ്കുവെച്ചു.

MORE IN SPOTLIGHT
SHOW MORE