'കദളി വാഴ കയ്യിലിരുന്ന്'... ഭാസ്കരന്‍ മാഷിന് ഇന്ന് ജന്മശതാബ്ദി

ലാളിത്യത്തിന്‍റെ ചന്തം പാട്ടെഴുത്തില്‍ നിറച്ച മലയാളിയുടെ സ്വന്തം ഭാസ്കരന്‍ മാഷിന് ഇന്ന് ജന്‍മശതാബ്ദി. സിനിമയിലും സാഹിത്യത്തിലും പകരംവയ്ക്കാനില്ലാത്ത സംഭാവനകള്‍ നല്‍കിയാണ് 82ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങിയത്. അതിരുകളില്ലാത്ത ഭാവനയുടെ ലോകം തുറന്നിട്ട പി.ഭാസ്കരന്‍റെ വരികള്‍ ഇന്നത്തെ തലമുറയ്ക്കും പ്രിയങ്കരമാണ്.  

കടുകട്ടി സാഹിത്യവും സംസ്കൃത വാക്കുകളും  കട്ടെടുത്ത ഈണങ്ങളും കേട്ട് മടുത്തവരുടെ  നെഞ്ചില്‍ കരിമ്പിന്‍ ചാറൊഴിച്ചു നീലക്കുയില്‍ പാട്ടുകള്‍. ഭാസ്കരന്‍ മാഷ്  ഭാഷയുടെ കായലില്‍ നീട്ടിയെറിഞ്ഞ വലയില്‍ കുടുങ്ങിപ്പോയി മലയാളികളൊന്നാകെ. പഠിപ്പും പത്രാസുമില്ലാത്തവര്‍ക്കു പോലും ഒരു വാക്കിന്‍റെയും അര്‍ഥം തിരക്കേണ്ടി വന്നില്ല ആ വിരുന്നു രുചിക്കാന്‍. ഭാസ്കരനെപ്പോലെ പാട്ടെഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഒഎന്‍വിയോട് അസൂയപ്പെട്ട് പറഞ്ഞത് സാക്ഷാല്‍ വയലാര്‍. ലളിതഗാന രംഗത്തെ ചങ്ങമ്പുഴയായിരുന്നു പി.ഭാസ്കരന്‍. നാലഞ്ച്് വാക്കുമതി മോഹിപ്പിക്കുന്ന പാട്ടെഴുതാന്‍. നാലഞ്ച് തുമ്പമതി പൊന്നോണം പൊലിപ്പിക്കാന്‍ കമ്യൂണിസ്റ്റായിരുന്നു പി.ഭാസ്കരന്‍. പൊലീസ് മര്‍ദനവും ജയില്‍ വാസവുമെല്ലാം നേരിട്ടു. പക്ഷേ, അദ്ദേഹം വിപ്ലവം നടപ്പാക്കിയത് ഗാനശാഖയിലായിരുന്നു. പാട്ടെഴുത്തില്‍ , പിന്നാലെ വന്നവരെ ഇത്രയ്ക്ക് സ്വാധീനിച്ച മറ്റൊരാളില്ല

രാഘവന്‍ മാഷിന്‍റെ  ശീലുകളില്‍ ആ വരികള്‍ മാമലകള്‍ക്കപ്പുറത്തെത്തിയപ്പോള്‍ അവിടങ്ങളിലെ മലയാളിക്ക് നാട്ടില്‍ പോകാന്‍ മുട്ടി ഭാസ്കരഭാവനയെ ബാബുരാജ് നൃത്തംചെയ്യിച്ചപ്പോള്‍ കാമുകര്‍ അക്ഷമരായി. ദേവരാജന്‍ മാഷിനെ പരീക്ഷണങ്ങളിലേക്ക് നയിച്ച നാദസാഗരത്തിനും മാസ്റ്റര്‍ അക്ഷര സുന്ദരികളെ ഒരുക്കി അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മാണം എന്നിങ്ങനെ സിനിമയിലും ,കവിതയും ലേഖനവും പ്രസംഗവുമായി സാഹിത്യത്തിലും ഭാസ്കരയുഗം തീര്‍ത്തു അദ്ദേഹം.  തമാശപ്പാട്ടുകള്‍ പോലും പ്രാസഭംഗിയിലും കാവ്യമൂല്യത്തിലും പുതിയ തലങ്ങള്‍ കണ്ടെത്തി

പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പുതുമ മങ്ങാതെ പി.ഭാസ്കരന്‍ തന്‍റെ പഴമയെ തേച്ചുമിനുക്കിക്കൊണ്ടിരുന്നു. നിദ്രയും സ്വപ്നവും പൂക്കളും ശലഭങ്ങളും നിലാവുമെല്ലാം കേരളത്തില്‍ കൂടുതല്‍ സുന്ദരമായി. ഏറ്റവും പുതിയ തലമുറ റീ മിക്സു ചെയ്യാനും കവര്‍ വേര്‍ഷന്‍ ഉണ്ടാക്കാനും തിരഞ്ഞെടുക്കുന്ന പാട്ടുകളില്‍  ഭാസ്കരന്‍ മാഷിന്‍റെ വരികള്‍ക്കുളള ആധിപത്യം കാലത്തെ അതിശയിപ്പിക്കുന്ന ആ പ്രതിഭയ്ക്കുള്ള അംഗീകാരമാണ്. 2007 ഫെബ്രുവരി 25ന് അക്ഷരങ്ങളുടെ  ആ പൂക്കാലത്തിന് വിരാമമായി. ഓര്‍മകള്‍ മങ്ങിത്തുടങ്ങിയ അവസാന കാലത്തൊരു ദിവസം എസ് ജാനകി മാഷെ കാണാനെത്തി. തളിരിട്ട കിനാക്കളും, പൊട്ടാത്ത പൊന്നിന്‍ കിനാക്കളുമടക്കമുള്ള പാട്ടുകള്‍ ജാനകി പാടിക്കൊടുത്തു. അസ്സലായി. ആരെഴുതിയതാണീ പാട്ടൊക്കെ എന്നായിരുന്നു മാഷിന്‍റെ പ്രതികരണം. ഭാവനയുടെ കളിയോടം തുഴഞ്ഞ്  തങ്ങളെ , മറ്റാരും കാണാത്ത കരകളില്‍ കൊണ്ടെത്തിച്ച ഈ പ്രതിഭയെയും അദ്ദേഹത്തിന്‍റെ വരികളെയും പക്ഷേ മലയാളി എങ്ങനെ മറക്കും

Birth centenary of p bhaskaran