യാത്ര പോകാന്‍ കാഴ്ചയെന്തിന്?; പരിമിതി പരിധിയല്ല; ഇതാ ഒരു സഞ്ചാരി

dileep-vlogger
SHARE

പുതിയ സ്ഥലങ്ങള്‍, ആളുകള്‍, കാലാവസ്ഥകള്‍, മഞ്ഞും മലയും മഴയും പുഴയും എന്നിങ്ങനെ യാത്ര പോകുമ്പോള്‍ നമുക്ക് കിട്ടുന്ന കാഴ്ചകളും അനുഭവങ്ങളും എന്നും പ്രിയപ്പെട്ടതും ഓര്‍മയില്‍ ജ്വലിച്ചുനില്‍ക്കുന്നതുമായിരിക്കും. അടുത്ത യാത്ര പോകാന്‍ പ്രേരണയാകുന്നത് തന്നെ അതിനുമുന്‍പ് നടത്തിയ ഏതെങ്കിലും യാത്രയായിരിക്കും. കാണുന്ന കാഴ്ചകള്‍ മനസ്സില്‍ പതിച്ച് അത് ഓര്‍മയില്‍ സൂക്ഷിക്കുന്നവരാകും നമ്മള്‍. എന്നാല്‍ ആ കാഴ്ചകളത്രയും മനസ്സില്‍ വരച്ചിട്ട് ഓര്‍മകളാക്കുന്ന ഒരാളുണ്ട്, യാത്രകളെ അത്രമേല്‍ പ്രണയിക്കുന്ന ദിലീപ്.

കാഴ്ചയില്ല എന്നത് യാത്ര പോകാന്‍ തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ലോകത്തിന് തന്നെ മാതൃകയാക്കാം ഈ മിടുക്കനെ. ഹിമാചൽ പ്രദേശിലെ ചെങ്കുത്തായ മലനിരകള്‍ കൂട്ടുകാർക്കൊപ്പം കീഴടക്കിയ സന്തോഷത്തിലാണ് ദിലീപ് ഇപ്പോള്‍. 12 ദിവസത്തെ യാത്രയായിരുന്നു ഹിമാചലിലേക്കുള്ളത്. കുളു മണാലിയും ആഗ്രയും ഡൽഹിയുമെല്ലാം കറങ്ങിയാണ് തിരിച്ചെത്തിയത്. ഇനി ജപ്പാനും യു.എസുമാണ് ലക്ഷ്യം. നല്ല ആരോഗ്യവും കാഴ്ചയുമുണ്ടായിട്ടും പത്തടി നടന്നാല്‍ ക്ഷീണമാണെന്ന് പറയുന്നവര്‍ക്കിടയിലാണ് ദിലീപിന്‍റെ ഈ കാണാക്കാഴ്ചകള്‍ ഹിറ്റാകുന്നത്. 

കാഴ്ചയില്ലാത്ത നീ എന്തിനാ ടൂര്‍ പോകുന്നത് എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നാണ് ദിലീപ് പറയുന്നത്. അവര്‍ക്കുള്ള മറുപടി ദാ ഇതാണ്; ‘ഏറ്റവും കൂടുതല്‍ ആസ്വദിച്ച യാത്രയാണ് ഹിമാചല്‍ പ്രദേശിലേക്കുള്ളത്. മഞ്ഞൊക്കെ വാരിയെടുത്ത് എറിയുമ്പോഴുള്ള അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റില്ല. തണുപ്പ് എക്സ്പീരിയന്‍സ് ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു വൈബുണ്ട്. കട്ടയ്ക്ക് നിക്കാന്‍ എന്‍റെ ചങ്ങായിമാര് കൂടെയുള്ളപ്പോ ഇത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഓര്‍മയാണ്. ജീവിതത്തില്‍ യാത്രകള്‍ പോകുമ്പോള്‍ നമുക്ക് കിട്ടുന്ന സന്തോഷം വേറൊന്നിലും കിട്ടില്ല. വര്‍ഷത്തില്‍ ഒന്നെങ്കിലും മനോഹരമായ യാത്ര നടത്തണം’.‌

25 കിലോമീറ്റർ അകലെയുള്ള അന്ധവിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക് നടന്നായിരുന്നു ദിലീപ് തന്‍റെ ഒറ്റയ്ക്കുള്ള യാത്രകള്‍ക്ക് തുടക്കം കുറിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇത്. അന്ന് വീട്ടുകാരടക്കം എല്ലാവരും വിലക്കിയെങ്കിലും പലതവണ ദിലീപ് ഇത് തുടര്‍ന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ ദിലീപിനെ ഒറ്റയ്ക്ക് വിടാന്‍ വീട്ടുകാര്‍ക്കും ധൈര്യം വന്നു. ഇപ്പോൾ കേരളത്തിൽ എവിടെയും ഒറ്റയ്ക്ക് യാത്ര പോകും.

യാത്രകള്‍ മാത്രമല്ല സമൂഹമാധ്യമത്തെ നന്നായി ഉപയോഗപ്പെടുത്തുന്ന ഒരു കണ്ടന്‍റ് ക്രിയേറ്റര്‍ കൂടിയാണ് ദിലീപ് എന്നുപറയാം. പുത്തന്‍ സിനിമകളെക്കുറിച്ചും പുതിയ രുചികളെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങള്‍ ദിലീപിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. മഹാരാജാസ് കോളേജിലെ എം.എ പൊളിറ്റിക്സ് അവസാനവർഷ വിദ്യാർത്ഥിയാണ് ഇരുപത്തിയാറുകാരനായ കെ. ദിലീപ്. ബി.എഡ് കഴി‌ഞ്ഞ് പി.ജിക്ക് ചേർന്നു. കഴിഞ്ഞവർഷം യു.ജി.സി നെറ്റും നേടി. ഹയർസെക്കൻഡറി അധ്യാപകനാകണമെന്നാണ് ആഗ്രഹം.

കാസർകോട് സ്വദേശിയാണ്. കടകം നാരിളം വീട്ടിൽ കുമാരനും ദാക്ഷായണിയുമാണ് ദിലീപിന്‍റെ മാതാപിതാക്കള്‍. ദീപേഷ്, ദീപിക എന്ന സഹോദരങ്ങളുമുണ്ട്. ആറാം ക്ലാസ് വരെ ദിലീപിന്‍റ കണ്ണുകള്‍ക്ക് പകുതി കാഴ്ചയുണ്ടായിരുന്നു. കണ്ണിന്റെ ഞരമ്പുകളുടെ തകരാര്‍ മൂലമാണ് കാഴ്ചശക്തി നഷ്ടമായത്. ചികിത്സകളും ഫലം കണ്ടില്ല. സ്വപ്നം കാണുന്നവന്‍ എന്നാണ് ദിലീപ് തന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ തന്നെക്കുറിച്ച് കുറിച്ചിരിക്കുന്നത്. സ്വപ്നം കാണാന്‍ കാഴ്ച വേണ്ടല്ലോ, അങ്ങനെയെങ്കില്‍ സ്വപ്നജീവിതം നയിക്കുന്ന സ്വപ്ന സഞ്ചാരിയാണ് ദിലീപ് എന്ന് വിശേഷിപ്പിക്കാം.

Inspiring travel vlogs of visually impaired vlogger goes viral on Social Media.

MORE IN SPOTLIGHT
SHOW MORE