ഇന്ത്യയിലെ മികച്ച വിമാനത്താവളം ഡല്‍ഹി; നേട്ടമുണ്ടാക്കി നെടുമ്പാശേരി; ലോകത്തെ മികച്ചത് അറിയാം

ലോകത്തിലെ മികച്ച വിമാനത്താവളത്തിനുള്ള സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡ് 2024 ല്‍ ഒന്നാമതെത്തി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. 12 വര്‍ഷം  ഒന്നാം സ്ഥാനം നേടിയ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളമാണ് രണ്ടാമത്. സോളിലെ ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനം നേടി. 2024ലെ കുടുംബ സൗഹൃദ എയര്‍പോര്‍ട്ട് പട്ടവും ഇഞ്ചിയോണ്‍ വിമാനത്താവളത്തിനാണ്.

ടോക്കിയോയിലെ ഹനേദ എയര്‍പോര്‍ട്ട്, നാരിദ എയര്‍പോര്‍ട്ട് എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 22 സ്ഥാനം മറികടന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം 11–ാം സ്ഥാനത്തെത്തിയപ്പോള്‍ ആദ്യ പത്തില്‍ അമേരിക്കയില്‍ നിന്നുള്ള വിമാനത്താവളങ്ങളൊന്നുമില്ല. 24–ാം സ്ഥാനത്തുള്ള സിയാറ്റിൽ-ടകോമ അന്താഷ്ട്ര വിമാനത്താവളമാണ് അമേരിക്കയില്‍ നിന്നുള്ള ഉയര്‍ന്ന റാങ്ക്.

ഇന്ത്യയില്‍ നിന്നുള്ള നാല് വിമാനത്താവളങ്ങളാണ് ആദ്യ 100 ല്‍ ഇടംപിടിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം 36–ാം സ്ഥാനം നിലനിര്‍ത്തി രാജ്യത്തെ ഉയര്‍ന്ന റാങ്ക് സ്വന്തമാക്കി. ബംഗളൂരു എയര്‍പോര്‍ട്ട് 10 സ്ഥാനം മുന്നേറി 59–ാം സ്ഥാനത്തെത്തി. ഹൈദരാബാദ് എയര്‍പോര്‍ട്ട് നാല് സ്ഥാനം മുന്നേറി 61–ാം റാങ്കിലാണ്. അതേസമയം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്‍പത് സ്ഥാനം നഷ്ടമായി 95–ാം സ്ഥാനത്തെത്തി. 

ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച വിമാനത്താവളം ഡല്‍ഹിയാണ്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും ഏറ്റവും വൃത്തിയുള്ളതും മികച്ച പ്രാദേശിക വിമാനത്താവളവും ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ത്യയിലെ മികച്ച വിമാനത്താവള ജീവനക്കാര്‍ ഹൈദരാബാദിലാണ്. ദക്ഷിണേഷ്യയിലെ മികച്ച വിമാനത്താവളങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നാണ്. ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നിവാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഗോവയിലെ മനോഹര്‍ എയര്‍പോര്‍ട്ട്, മുംബൈ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 

70 ദശലക്ഷത്തിന് മുകളില്‍ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഡല്‍ഹി നാലാം സ്ഥാനത്താണ്. മോസ്റ്റ് ഇംപ്രൂവ്ഡ് എയര്‍പോര്‍ട്ട് പട്ടികയില്‍ ബംഗളൂരു ലോകത്ത് നാലാം സ്ഥാനത്താണ്. ലോകത്തെ പുതിയ എയര്‍പോര്‍ട് ടെര്‍മിനലുകളില്‍ മികച്ചവയില്‍ രണ്ടാം സ്ഥാനം ബെംഗളൂരു ടെര്‍മിനല്‍2 നാണ്. ഇതേപട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ചെന്നൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍2 ഉണ്ട്.

Delhi Airport became best airport in India from skytrax world airport award; Know other positions