12 പരിശ്രമം; 7 മെയിന്‍സും 5 അഭിമുഖവും; ഇങ്ങനെയുമുണ്ട് ചില യുപിഎസ്‍സി പരാ'ജയ' കഥകള്‍

upsc-kunal-r
SHARE

രാജ്യത്തെ തന്നെ ഏറ്റവും കഠിനമായ മല്‍സര പരീക്ഷകളിലൊന്നാണ് യുപിഎസ്‍സി സിവില്‍ സര്‍വീസ് പരീക്ഷ. ഐപിഎസ്, ഐഎഎസ്, ഐഎഫ്എസ് തുടങ്ങിയ സെന്‍ട്രല്‍ സര്‍വീസുകളിലേക്കുള്ള നിയമനമായതിനാല്‍ തന്നെ ഒന്നിലധികം ഘട്ടങ്ങളിലൂടെയുള്ള കഠിനമായ സെലക്ഷന്‍ നടപടികളാണ് പരീക്ഷയ്ക്കുള്ളത്. ഒരു ജോലി എന്നതിനപ്പുറം വര്‍ഷങ്ങളായുള്ള സ്വപ്നമാണ് പലര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷ വിജയം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രകാരം ലക്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. 

ഫലപ്രഖ്യാപനത്തില്‍ പിന്നാലെ സിവില്‍ സര്‍വീസ് വിജയകഥകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയെ. വിജയിച്ച പോരാട്ടകഥയ്ക്കൊപ്പം കുനാല്‍ ആര്‍. വിരുല്‍ക്കര്‍ എന്നയാളുടെ സിവില്‍ സര്‍വീസ് പരീക്ഷ പരാജയ കഥയും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് 12 വര്‍ഷത്തിനിടെ 12 തവണയാണ് കുനാല്‍ ആര്‍. വിരുല്‍കര്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശ്രമിച്ചത്. 7 തവണ മെയിന്‍സ് പരീക്ഷവരെ എത്തിയ കുനാല്‍ അഞ്ച് തവണ അഭിമുഖ ഘട്ടത്തിലേക്കും എത്തി. ഈ പരിശ്രമങ്ങളുണ്ടായിട്ടും ഇതുവരെ ഫൈനല്‍ ലിസ്റ്റില്‍ കുനാലിന്‍റെ പേരു വന്നിട്ടില്ല. 

പോരാട്ടത്തിന്‍റെ മറ്റൊരു പേരാണ് ജീവിതം എന്ന തലക്കെട്ടോടെ യുപിഎസ്‍സിക്ക് മുന്നില്‍ നിന്നുള്ള ചിത്രം സഹിതം കുനാല്‍ പങ്കുവെച്ച കുറിപ്പ് എക്സില്‍ വൈറലാണ്. 12 പരിശ്രമം 7 മെയിന്‍സ് 5 ഇന്‍റര്‍വ്യൂ നോ സെലക്ഷന്‍ എന്നാണ് പോസ്റ്റിലുള്ളത്. 2 മില്യണിന് മുകളില്‍ പേരാണ് പോസ്റ്റ് വായിച്ചത്. പരിശ്രമങ്ങളെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് കമന്‍റ് ചെയ്യുന്നത്.

'ഇത് ഹൃദയഭേദകമായ കാര്യമാണ്, എങ്കിലും ഞാന്‍ പറയുന്നു നിങ്ങളുടേത് എന്തൊരു യാത്രയാണ്! എന്തൊരു കഥാപാത്രമാണ്!! നിങ്ങളുടെ യാത്ര പ്രചോദനമാണ്' എന്നാണ് സംവിധായകന്‍ വിനോദ് കാപ്രി കമന്‍റായി എഴുതിയത്. 'ലക്ഷ്യം നേടുന്നതില്‍ നിന്ന് ഒരാള്‍ക്കും നിങ്ങളെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല. എന്തെങ്കിലും രീതിയില്‍ സഹായിക്കാന്‍ എനിക്ക് സഹായിക്കാന്‍ സാധിക്കുമോ എന്ന് അറിയിക്കൂ' എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥാനായ മന്‍ജുല്‍ ജിന്‍ഡാല്‍ കുറിച്ചത്. 

'ഈ യാത്രയില്‍ നിന്നും നേടിയ അറിവ് നിങ്ങളെ വിജയിയാക്കി മാറ്റിയിരിക്കുന്നു', 'പലരും പിന്മാറുന്നിടത്തും നിരവധി തവണയുള്ള പരിശ്രമം അതിശയകരമാണ്. നിങ്ങളൊരു ഇതിഹാസമാണ്' എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുള്ള കമന്‍റുകള്‍. 

Civil service aspirant Kunal R Virulkar shares his story appearing 12 times in exam but not selected

MORE IN SPOTLIGHT
SHOW MORE