എക്സില്‍ പോസ്റ്റ് ചെയ്യാന്‍ ‘ചെറിയ ഫീസ്’; സൂചനയുമായി മസ്ക്

Musk And X 2707
SHARE

സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റുകള്‍ പങ്കിടാന്‍ ഇനി പണം ഈടാക്കുന്ന കാര്യം ഇലോണ്‍ മസ്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. എക്സില്‍ പങ്കിട്ട ഒരു പോസ്റ്റിലൂടെയാണ് ഇലോണ്‍ മസ്ക് ഉപയോക്താക്കള്‍ക്ക് സൂചന നല്‍കുന്നത്. ‘ചെറിയൊരു ഫീസ്...’ എന്നാണ് മസ്ക് എക്സില്‍ കുറിച്ചത്. എന്നാല്‍ ഇതുവരെയും സൗജന്യമായിരുന്ന എക്സ് പ്ലാറ്റ്ഫോം ‘ചെറിയൊരു ഫീസ്’ ഈടാക്കുന്നത് ആശങ്കയോടെയാണ് ടെക് ലോകം നോക്കിക്കാണുന്നത്

എക്സ് ഡെയ്‌ലി എന്ന എക്സ് അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റിന് മറുപടിയായിട്ടാണ് ഇലോണ്‍ മസ്കിന്‍റെ പോസ്റ്റ്. ഇത്തരത്തില്‍ ചെറിയൊരു തുക ഈടാക്കുന്നത് മാത്രമാണ് കമ്പനി അഭിമുഖീകരിക്കുന്ന ബോട്ടുകളുടെ നിരന്തരമായ ആക്രമണത്തെ തടയാനുള്ള ഏകമാര്‍ഗം എന്നാണ് മസ്കിന്‍റെ പക്ഷം. ഇപ്പോഴുള്ള എഐ സാങ്കേതിക വിദ്യയ്ക്ക് നിങ്ങള്‍ ഒരു ബോട്ട് ആണോ എന്ന ചോദ്യത്തെ എളുപ്പം മറികടക്കാന്‍ സാധിക്കും എന്നും പോസ്റ്റില്‍ എക്സ് കുറിച്ചു. ഒപ്പം തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കുന്നതിന് വേണ്ടിയാണിതെന്ന് മസ്ക് പറയുന്നു.

അതേസമയം മറ്റൊരു എക്സ് ഉപയോക്താവിന് മറുപടി നല്‍കിക്കൊണ്ട് ഈ ഫീസ് പുതിയ ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രമാണെന്നും മൂന്നു മാസത്തിന് ശേഷം അവര്‍ക്ക് സൗജന്യമായി പോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും മസ്ക് പറഞ്ഞു. എന്നാല്‍ എന്നുമുതല്‍ ആയിരിക്കും പണം നല്‍കേണ്ടി വരിക എന്നോ എത്ര പണം നല്‍കേണ്ടി വരും എന്നോ മസ്ക് വെളിപ്പെടുത്തിയിട്ടില്ല. 

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ന്യൂസിലന്‍ഡിലെയും ഫിലിപ്പീന്‍സിലെയും വെരിഫൈ ചെയ്യാത്ത ഉപയോക്താക്കളില്‍ നിന്നും വര്‍ഷിക നിരക്കില്‍ ഒരു ഡോളര്‍ വീതം പണം ഈടാക്കുന്നത് എക്സ് ആരംഭിച്ചിരുന്നു. ഇവിടങ്ങളില്‍ നിന്നുള്ള പുതിയ സൗജന്യ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ വായിക്കാന്‍ സാധിക്കുമെങ്കിലും മറുപടി നല്‍കാനോ കമന്‍റ് ചെയ്യാനോ സാധിക്കില്ല. ഇവര്‍ക്ക് എക്സില്‍ പോസ്റ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും റീ പോസ്റ്റ്, ബുക്ക്മാര്‍ക്ക് എന്നീ സേവനങ്ങള്‍ ഉപയോഗിക്കാനും പണം നല്‍കേണ്ടിവരും. അതേസമയം ഫോളോ ചെയ്യുന്നതിനും എക്‌സില്‍ വിവരങ്ങളും അക്കൗണ്ടുകളും തിരയുന്നതിനും പണമീടാക്കില്ല. പോസ്റ്റുകള്‍ പങ്കുവെക്കുന്നതിനായിരിക്കും ‘ചെറിയ ഫീസ്’.

Users have to pay for posting on X, says Elon Musk.

MORE IN SPOTLIGHT
SHOW MORE