200 കോടി ദാനം ചെയ്തു; നഗ്നപാദരായി ഭിക്ഷുജീവിതം നയിക്കാന്‍ ദമ്പതികള്‍

monks
SHARE

ജീവിത സമ്പാദ്യമായ 200 കോടി രൂപ ദാനം ചെയ്ത് സന്യാസജീവിതം തിരഞ്ഞെടുത്ത് ബിസിനസ് ദമ്പതികള്‍. മക്കള്‍ സന്യാസത്തിലേക്ക് തിരിഞ്ഞതും അവരുടെ ജീവിതവുമാണ് തങ്ങളെയും ഇതിലേക്ക് നയിച്ചതെന്നാണ് ഗുജറാത്തിലെ  ബിസിനസുകാരനായ ഭവ്നേശ് ഭാന്ദരിയും ഭാര്യയും പറയുന്നത്. ജൈനമത വിശ്വാസികളാണ് ഇവര്‍.  

ബിസിനസുകാരനായ ഭവ്നേശും ഭാര്യയും ചെറുപ്പംമുതല്‍ തന്നെ സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണ് ജീവിച്ചിരുന്നത്. 2022ല്‍ ഇവരുടെ 16കാരനായ മകനും 19 വയസ്സ് പ്രായമുള്ള മകളും സന്യാസത്തിലേക്ക് തിരിഞ്ഞു. ഈ പാത മാതാപിതാക്കളും പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ സന്യാസജീവിതത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങില്‍ തങ്ങളുടെ സമ്പാദ്യം മുഴുവനും ഇവര്‍ ദാനം ചെയ്തിരുന്നു. 

ചടങ്ങിന്‍റെ ഭാഗമായി നാല് കിലോമീറ്ററോളം 35 പേര്‍ക്കൊപ്പം ഇരുവരും പ്രദക്ഷിണം നടത്തി. ഇതിനിടെ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ അടക്കം സകലതും ദാനം ചെയ്തു. കുടുംബത്തില്‍ നിന്നും മറ്റെല്ലാ കെട്ടുപാടുകളില്‍ നിന്നും വേര്‍പെട്ട് സന്യാസം സ്വീകരിക്കുമെന്ന് 2022ല്‍ തന്നെ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നാണ് വിവരം. ചെരുപ്പ് പോലുമില്ലാതെ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.

ജൈനമത വിശ്വാസത്തില്‍ ഒരാള്‍ സന്യാസം സ്വീകരിക്കുമ്പോള്‍ സ്വത്തുകളും ബന്ധങ്ങളുമടക്കം എല്ലാം പൂര്‍ണമായും ഉപേക്ഷിക്കണമെന്ന നിര്‍ദേശമുണ്ട്. ആത്മസമര്‍പ്പണത്തോടു കൂടിയാവണം ഇത് ചെയ്യേണ്ടത്. ബാഹ്യമായ വസ്തുക്കളോ ബന്ധങ്ങളോ ഒന്നും സന്യാസം സ്വീകരിക്കുന്നവര്‍ക്കിടയില്‍ തടസ്സമായി പാടില്ല. എല്ലാം ഉപേക്ഷിച്ച് ഭിക്ഷുക്കളായി, നഗ്നപാദരായി നാടുചുറ്റി വേണം ജീവിക്കാന്‍ എന്നും നിബന്ധനയുണ്ട്.

Gujarat couple donates Rs 200 crore to embrace monkhood.

MORE IN SPOTLIGHT
SHOW MORE