കൊന്നയും വിഷുവും തമ്മില്‍ ചങ്ങാത്തം കൂടാനെന്താണ് കാര്യം? അതൊരു കഥയാണ്

മേടമാസപ്പുലരിയിലേക്ക് മലയാളിമനസുകളെ കണികാണിക്കുകയാണ് നിറഞ്ഞുപൂത്ത കൊന്നകള്‍. തളിക നിറയെ കൊന്നയില്ലാതെ നമുക്കൊരു വിഷുക്കണിയില്ലല്ലോ. കൊന്നയും വിഷുവും തമ്മില്‍ ചങ്ങാത്തം കൂടാനെന്താണ് കാര്യം?

മകരമഞ്ഞിന്റെ കുളിരുമാറി കുംഭച്ചൂട് എരിഞ്ഞ് തുടങ്ങുമ്പോള്‍ കൊന്നമരത്തിന്റെ തലപ്പുകള്‍ തളിരിട്ട് തുടങ്ങും പിന്നെ മണ്ണിലെ നനവേറെയും വലിച്ചെടുത്ത് മൊട്ടിട്ട് ഒരുങ്ങും. മീനം പകുതിയാവുമ്പോഴേക്കും പച്ചില കാണാന്‍ പോലുമാകാത്തപ്പോല്‍ പൂക്കുലകളാല്‍ സമൃദ്ധിയാകും. മേടപ്പുലരിയില്‍ മലയാളിയുടെ വിഷുത്തളികയില്‍

  

കണികാണാന്‍ കണിക്കൊന്നയെന്ന ആശയം എങ്ങനെയുണ്ടായി? അതൊരു കഥയാണ്. ത്രേതായുഗത്തില്‍ ബാലിയെ വധിക്കാന്‍ ശ്രീരാമന്‍ ഒളിഞ്ഞ് നിന്ന് അമ്പെയ്തില്ലെ..മറഞ്ഞ് നിന്നത് കൊന്ന മരത്തിന് പിന്നിലാണത്രേ. അന്ന് മുതല്‍ ഈ തണല്‍ മരത്തിന് കൊന്ന മരം എന്ന് പേരിട്ട് വിളിക്കാന്‍ തുടങ്ങി. ഇതില്‍ മനസ് വേദനിച്ച് മരം ശ്രീരാമനെ പ്രാര്‍ഥിച്ചു. മുജ്ജന്‍മത്തില്‍ കൊന്നമരം ഒരു കാര്യവുമില്ലാതെ ഒരാളെ ദുഷിച്ച് സംസാരിച്ചുവത്രേ. ആകര്‍മഫലം കൊണ്ടാണ് ഈ പേര് വീണതെന്നും കലിയുഗത്തില്‍ പരിഹാരമുണ്ടാവുമെന്നും അനുഗ്രഹിച്ചു. കലിയുഗത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ കൊന്ന മരത്തെ അനുഗ്രഹിച്ചു എന്നാണ് കഥ.

വിഷുത്തലേന്നുവരെ മരം നിറയെപ്പൂത്ത കൊന്നപ്പൂക്കുലകള്‍ പിന്നെയൊരു മല്‍സരക്കളമൊരുക്കും. ഒാരോ കൊന്നത്തലപ്പത്തുവരേയും കയറി ഏറ്റവും കൂടുതല്‍ കൊന്നക്കുലകള്‍ പറിക്കാന്‍ മല്‍സരിച്ച ഒരു ബാല്യം ഏതോ നിഴല്‍തുരുത്തില്‍ മാഞ്ഞുപോയിരിക്കുന്നു. ഇന്ന് വിഷുവിന് ഒരാഴ്ച മുന്നേത്തന്നെ കണിക്കൊന്ന മരങ്ങള്‍ മൊട്ടയാവും.വില്‍പ്പന ചന്തയിലാണ് ഇന്നത്തെക്കാലത്ത് മല്‍സരം.