മുംബൈയുടെ ഹൃദയഭാഗത്ത് 16.5 കോടിയുടെ സ്വപ്നഭവനം സ്വന്തമാക്കി പൃഥ്വി ഷാ

മുംബൈയുടെ ഹൃദയഭാഗത്ത് ബാന്ദ്രക്കടുത്തായുള്ള ആഢംബര ഭവനത്തിലേക്ക് താമസം മാറ്റി യുവ ഇന്ത്യൻ ക്രിക്കറ്റ് താരവും ഡൽഹി ക്യാപിറ്റൽസ് ഓപ്പണറുമായ പൃഥ്വി ഷാ. സ്വപ്നങ്ങളുടെ നഗരം എന്നറിയപ്പെടുന്ന മുംബൈയിലെ തന്‍റെ സ്വപ്ന ഭവനം സ്വന്തമാക്കാന്‍ 16.5 കോടി രൂപയാണ് താരം ചിലവഴിച്ചത്. തോമസ് പറമ്പിൽ ആർക്കിടെക്‌റ്റും വെറ്ററൻസ് ഇൻ്റീരിയേഴ്‌സും ചേര്‍ന്നാണ് സ്വപ്ന ഭവനം പൂര്‍ത്തിയാക്കിയത്. 

കെസി റോഡിൽ സ്ഥിതി ചെയ്യുന്ന ഷായുടെ വീടിന് 1654 ചതുരശ്ര അടി വിസ്തൃതിയുള്ള ടെറസും ഉണ്ട്. വീടിന്‍റെ പ്രധാന നില 2209 ചതുരശ്ര അടിയാണ്. മുംബൈയിലെ ആഢംബര വീടുകള്‍ക്കൊപ്പം ഇതിനോടകം തന്നെ ഈ വീട് സ്ഥാനം പിടിച്ചിട്ടുണ്ട്. പൃഥ്വി 2022ല്‍ ഈ വീട് സ്വന്തമാക്കിയിരുന്നെങ്കിലും ഇങ്ങോട്ടേക്ക് മാറാന്‍ കാലതാമസമെടുക്കുകയായിരുന്നു.

'ഈ നിമിഷത്തെക്കുറിച്ച് സ്വപ്നം കാണുന്നത് മുതൽ ജീവിക്കുന്നതുവരെയുള്ള യാത്ര യാഥാർത്ഥ്യമല്ല. എൻ്റെ സ്വന്തം പറുദീസ കണ്ടെത്തിയതിൽ വളരെ നന്ദിയുണ്ട്! നന്മ ഭവിക്കട്ടെ! ഈ അത്ഭുതകരമായ ഡിസൈനിനും ഇന്‍റീരിയറിനും പിന്നിലുള്ള പ്രധാന ആളുകൾക്ക് പ്രത്യേക നന്ദി' എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

22 കാരനായ താരത്തെ ഐപിഎൽ 2022 ലേലത്തിന് മുന്നോടിയായി 7.5 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയത്. മുംബൈ ഇന്ത്യൻസിനെതിരായ ഒരു അർദ്ധ സെഞ്ച്വറി ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഷാ ഇതുവരെ 119 റൺസ് നേടിയിട്ടുണ്ട്.

Prithvi Shaw shifts to Rs 16.5 crore home in Mumbai