ഓൺലൈൻ വഴി വാങ്ങിയ പാൽ കേടായി; റിട്ടേണ്‍ ചെയ്തപ്പോൾ നഷ്‌ടപ്പെട്ടത് 77000 രൂപ

ഓൺലൈൻ വഴി വാങ്ങിച്ച പാൽ കേടായതോടെ തിരികെ നൽകാൻ തിരുമാനിച്ച് റിട്ടേൺ കൊടുത്ത സ്ത്രീക്ക് നഷ്ടപ്പെട്ടത് 77000 രൂപ.‌‌ മൈസൂരുവിലാണ് സംഭവം.

65കാരിയായ സ്ത്രീ ഈ മാസം 18നാണ് ഒരു ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോമിൽ  നിന്നും പാൽ വാങ്ങിയത്. കേടായെന്ന് അറിഞ്ഞതോ‌ടെ തിരികെ നൽകാന്‍ അവർ തീരുമാനിച്ചു. തിരികെ നൽകുന്നതിന് വേണ്ട വിവരങ്ങളിൽ അവരുടെ യുപിഐ പിന്നും ചോദിച്ചിരുന്നു. സംശയം ഒന്നു തോന്നാത്ത സ്ത്രീയാകട്ടെ ആവശ്യപ്പെട്ടതെല്ലാം നൽകി.

ഇന്റർനെറ്റിൽ സെർച്ച് ചെയ്താണ് പരാതിക്കാരി ഓണ്‍ലൈന്‍ സ്റ്റോറിന്റെ കസ്റ്റമര്‍ കെയർ നമ്പർ കണ്ടെത്തിയത്. ആ നമ്പരിൽ‌ വിളിച്ചപ്പോൾ കോൾ എടുത്തയാള്‍ എക്സിക്യൂ‌ട്ടിവ് ആണെന്ന് പറഞ്ഞെന്നും അവർ പറയുന്നു. കാര്യം ചോദിച്ചറിഞ്ഞ ശേഷം, കേ‌ടായ പാൽ തിരികെ നൽകേണ്ടെന്നും, അ‌ടച്ച പണം റീഫണ്ട് ചെയ്യാമെന്നും എക്സിക്യൂട്ടിവ് അറിയിച്ചതായും അവർ പറയുന്നു. ചില വിവരങ്ങൾ നൽകിയാൽ മതിയെന്നായിരുന്നു നിർദേശം.

അയാളുടെ നിർദേശങ്ങൾ അനുസരിച്ച് അവര്‍ തന്റെ ഫോണിൽ വന്ന് വാട്സാപ്പ് സന്ദേശത്തിന് പരാതിക്കാരി മറുപടി കൊടുത്തു. തുടർന്ന് യു.പി.ഐ പിന്നിനായുള്ള ഓപ്ഷൻ വന്നതോ‌ടെ അവർ‌ അതും നല്‍കി. അപ്പോള്‍ തന്നെ പണം അവരു‌ടെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യപ്പെട്ടതായി സന്ദേശം ലഭിച്ചെന്നും കോള്‍ കട്ടായെന്നും അവർ പറയുന്നു. ‌