സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന് കോടതിയെ സമീപിക്കാമോ?

financial-explainer
SHARE

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. കേരളത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമോ? സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ എന്തുസംഭവിക്കുമ്പോഴാണ് രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധിക്കുന്നത്? സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന് കോടതിയെ സമീപിക്കാമോ? സാമ്പത്തിക അടിയന്തരാവസ്ഥയെ കുറിച്ചറിയാം.

ഭരണഘടന പറയുന്ന മൂന്ന്തരം അടിയന്തരാവസ്ഥകളില്‍ ഒന്നാണ് സാമ്പത്തിക അടിയന്തരാവസ്ഥ.

1.അനുച്ഛേദം 352 പ്രകാരമുള്ള ദേശീയ അടിയന്തരാവസ്ഥ

2.അനുച്ഛേദം 356 പ്രകാരം സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് രണ്ടാമത്തേത്

3. ഭരണഘടനയുടെ 360ആം അനുച്ഛേദം പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ

എന്നാല്‍ രാജ്യത്ത് ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കിയിട്ടില്ല. 1991ലെ പ്രതിസന്ധിഘട്ടത്തില്‍ സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലെത്തിയിരുന്നു. എന്നാല്‍ അന്ന് അതില്‍ നിന്നുകരകയറി. ഏതെങ്കിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം. എന്നാല്‍ അതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയൂ.

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടുമാസത്തിനകം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും അത് അംഗീകരിക്കണം. കേവലഭൂരിപക്ഷം മതി. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്‍വലിക്കാന്‍ രാഷ്ട്രപതി തീരുമാനിക്കും വരെ സാമ്പത്തിക അടിയന്തരാവസ്ഥ തുടരും. സാമ്പത്തിക അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിന് പാര്‍ലമെന്‍റിന്‍റെ അനുമതി വേണ്ട. ഏതെങ്കിലും സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ തീരുമാനിച്ച് കഴിഞ്ഞാലും അതിനെ നിയമപരമായി നേരിടാന്‍ ആ സംസ്ഥാനത്തിന് സാധിക്കും. രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാം.

ഇങ്ങനെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എന്തു സംഭവിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സംസ്ഥാനം പാലിക്കേണ്ട നിബന്ധനകള്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശിക്കാം. അതായത് നയങ്ങള്‍ പോലും കേന്ദ്രം പറയും പോലെ വേണ്ടി വരും.

1. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ രാഷ്ട്രപതിക്ക് ഉത്തരവിടാം

2. മണി ബില്ലുകളും മറ്റ് ഫിനാന്‍ഷ്യല്‍ ബില്ലുകളും അസംബ്ലി പാസാക്കിയാലും രാഷ്ട്രപതി ഒപ്പിട്ടാലേ നിയമമാകൂ

3. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും ജ‍ഡ്ജിമാരുടെയും പോലും ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കാന്‍ രാഷ്ട്രപതിക്ക് നിര്‍ദേശിക്കാം

കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ക്ക് മേല്‍ സമ്പൂര്‍ണാധികാരം ഉണ്ടാകുമെന്നത് സാമ്പത്തിക അടിയന്തരാവസ്ഥയുടെ വലിയൊരു വിമര്‍ശനമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക പരമാധികാരത്തിന് ഭീഷണിയാണ് സാമ്പത്തിക അടിയന്തരാവസ്ഥ.

MORE IN SPOTLIGHT
SHOW MORE